2013 ഡിസംബർ 28, ശനിയാഴ്‌ച

                    ഒരു സിംഹത്തിൻറെ കഥ



കവി സിംഹം മിന്നൽ പി.ഡി. വർക്കി  എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഒരാളുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ…..
എൻറെ സ്ക്കൂൾ പഠന കാലത്ത്,
കോട്ടുപോലൊരു വേഷവും ധരിച്ച്
നാലാള് കൂടുന്നിടത്തും നാൽക്കൂട്ടപ്പെരുവഴിയിലും സ്വയം അച്ചടിച്ച സ്വന്തം കവിത വിൽക്കുന്ന ഒരു കവി…..
“പി റ്റി ച്ചാക്കോ പീച്ചിക്ക് പോയി” …….കവിസിംഹം മിന്നൽ പി ഡി വർക്കി… പത്തു പൈസ…
എന്ന് സ്വന്തം കവിതയോടൊപ്പം ഇടക്കിടെ കാച്ചിക്കൊണ്ടിരിക്കും……
“പൊട്ടു കുത്തിയ പെണ്ണിനെക്കൊണ്ട്
പി റ്റി ച്ചാക്കോ പീച്ചിക്കുപോയി”
എന്ന കവിത അക്കാലത്ത് വളരെ പ്രശസ്തമായിരുന്നു….
മാർക്സിസ്റ്റ് പാർട്ടിയുടെ ഏതോ സമ്മേളനത്തിൽ നിമിഷനേരംകൊണ്ട് മുദ്രാവാക്യ കവിതയുണ്ടാക്കി ഏതോ വലിയ നേതാവിൽ നിന്ന് പ്രശംസ നേടിയിട്ടുണ്ട് പി റ്റി വർക്കി എന്നൊരു കഥയുണ്ട്…
സത്യത്തിൽ അദ്ദേഹം കവി ആയിരുന്നോ അവസരവാദിയായിരുന്നോ വട്ടനായിരുന്നോ എന്ന് ഇന്നും എനിക്ക് മനസിലായിട്ടില്ല….
പി.ആർ ശിവനെ (എം.എൽ.എ.,സിപിഎം) ചെന്നു കാണും…..പീ ആറിൻറെ കയ്യിൽ വല്ലതും ഉണ്ടെങ്കിൽ അത് വർക്കിക്ക് കൊടുക്കും…..ഉടനെ ഇറങ്ങും അടുത്ത കവിത ..
പീആർ ശിവൻ നാടിൻറെ പൊന്നുമോൻ ….പത്ത് പൈസാ…….
ഇതുകേൾക്കുമ്പോ കൊൺഗ്രസുകാർക്ക് കലിപ്പ് കേറും പിടിച്ച് രണ്ട് അടി കൊടുക്കും….അതോടെ പീ ആർ കച്ചവടം നിൽക്കും….
പി.പി. തങ്കച്ചനെ (ഇന്നത്തെ യൂ.ഡി.എഫ്.കൺവീനർ) പോയി കാണും…തങ്കച്ചൻ വല്ലതും കൊടുക്കും…ഉടനെ തങ്കച്ച കവിത ഇറങ്ങും….
തങ്കം പോലൊരു തങ്കച്ചൻ….പത്ത് പൈസാ…..
അപ്പോ മാർക്സിസ്റ്റ് കാർക്ക് ചിലപ്പോ കുരു പൊട്ടും …..രണ്ടിടി കിട്ടും..കവിത വിൽപ്പന നിൽക്കും…..
ക്രിസ്ത്യൻ സഭയിലെ വഴക്ക് മൂത്തുനിന്ന കാലത്ത്.

“കാതോലിക്കാ കാലുമാറി, പട്ടം
പണ്ടിക്കുടി ഏറ്റെടുത്തു…..”
എന്ന് പണ്ടിക്കുടി വീട്ടുകാരെ തോണ്ടിക്കൊണ്ട് ഒരു കവിത പി റ്റി ഇറക്കിയത് അവർക്ക് വലിയ ക്ഷീണമായി….
പക്ഷേ ഒന്ന് ഇരുട്ടി വെളുത്തപ്പോ കവി തകിടം മറിഞ്ഞു…
പണ്ടിക്കുടിയിലെ ഒരാൾ (അതിൽക്കൂടുതൽ വെളിപ്പെടുത്താൻ വയ്യ) മറുപക്ഷത്തെ കളിയാക്കി എഴുതിയ കവിത, കവിസിംഹം സ്വന്തം പേരിൽ വിതരണം ചെയ്യണം എന്നായിരുന്നു കരാർ…. അച്ചടിച്ചു കൊടുക്കും ... ന്യായമായ പ്രതിഫലവും നൽകും…..
കവി പിന്നെ കുറേ നാൾ പണ്ടിക്കുടി കവിത ഏറ്റ് പാടി നടന്നു…
മറുപക്ഷത്ത് നിന്ന് കിട്ടേണ്ടത് കിട്ടിയപ്പോൾ ആ കവിത നിന്നുപോയിക്കാണും…..
ഇടയ്ക്ക് പി.ഐ പൗലോസിനെ (മുൻ എം.എൽ.എ…ഇപ്പോഴത്തെ എം.എൽ.എ. സാജൂ പോളിൻറെ പിതാവ്) ചെന്നുകാണും..വല്ലതു കിട്ടിയാൽ പി.ഐ.ക്ക് അനുകൂല കവിത….പി ഐ ഒന്നും കൊടുത്തില്ലെങ്കിൽ എതിർ കവിത….

ഡിഗ്രി പഠന കാലത്ത്….
കോലഞ്ചേരിയിൽ….
അവിടുത്തെ ബസ്റ്റാൻഡിൽ സ്ഥിരമായി “ലോകത്തെ സകല ദൈവങ്ങളും കള്ളങ്ങൾ തന്നെ” എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന ഒരാളുണ്ടായിരുന്നു….(വിശ്വസിക്കാൻ പ്രയാസമാണ് ഇന്ന്:….അയാൾ ഒരേ വാചകം തന്നെ പരമാവധി ഉച്ചത്തിൽ ആവർത്തിച്ചുകൊണ്ടേയിരിക്കും… ശ്വാസം എടുക്കാനുള്ള സമയമൊഴികെ എപ്പോഴും)
ഒരു വൈകുന്നേരം അവിടെ മുട്ടൻ വഴക്ക്……..ദൈവവിരോധിയും പുതിയ ഒരാളും തമ്മിലുള്ള തർക്കമാണ്….രണ്ടുപേർക്കും ഭ്രാന്തന്മാരുടെ വേഷ രൂപ ഭാവങ്ങളാണ്….തർക്കത്തിനൊടുവിൽ ദൈവവിരോധി ജയിക്കുകയും അപരൻ മൂലയ്ക്ക് ഒതുങ്ങുകയും ചെയ്തു…..
തോറ്റ രണ്ടാമനെ കണ്ട്, ഇത് നമ്മുടെ കവിസിംഹമല്ലേ എന്ന സംശയത്തിൽ ഞാൻ അടുത്തേക്ക് ചെന്നു….
ഒന്നും അറിയാത്തപോലെ കവിസിംഹം എഴുനേറ്റ് ചുറ്റിക്കറങ്ങി എൻറെ അടുത്ത് വന്ന് കൂട്ടുകാർ കേൾക്കാതെ പതിയെ പറഞ്ഞു…
പൗലോസാറിൻറെ മോനല്ലേ…..എനിക്കറിയാം…..എന്നോട് മിണ്ടണ്ട….ഞാനിപ്പോ ഇങ്ങനെയൊക്കെയാ…….

പിന്നീട് ഒരുനാൾ എൻറെ വീട്ടിൽ കയ്യാല പണിക്ക് പിതാവ് കവിയെ വിളിച്ചുകൊണ്ടുവന്നു…..
നാല് ദിവസം നല്ല വൃത്തിയായി കയ്യാലപണിതു…..കൂലിയും വാങ്ങിപ്പോയി
അഞ്ചാം ദിവസം ആള് വന്നില്ല…..
എങ്ങോട്ടോ പോയിരിക്കണം…
കാശിയോ രാമേശ്വരമോ….
അതോ….
കവികളും വട്ടന്മാരും മാത്രമുള്ള ലോകത്തേയ്ക്കോ…….

ഇയാൾ കവിയായിരുന്നോ വട്ടനായിരുന്നോ എന്ന് എനിക്ക് ഇനിയും മനസിലായിട്ടില്ല……

2013 ഡിസംബർ 22, ഞായറാഴ്‌ച

         നസ്രാണിയും പ്രണയവും അധ്വാനവും


പഴയകാലക്രസ്ത്യൻ തറവാടുകളിൽ ആൺകുട്ടികളുടെ വിവാഹപ്രായം പത്തിനും പതിനഞ്ചിനും ഇടയ്ക്കായിരിക്കും…. സ്വാഭാവികമായും വധുവിൻറെ പ്രായം അഞ്ചിനും പത്തിനും ഇടയ്ക്കും…..
മിക്കവാറും അമ്മയുടെ ഒക്കത്തിരുന്നായിരിക്കും മണവാട്ടിയുടെ കല്യാണയാത്ര

കല്യാണത്തിന് മിന്നുകെട്ടൊക്കെ ഉണ്ടാകും എന്നുവച്ച് മണിയറ പാല്കുടി ആദ്യരാത്രി അതൊന്നും ഉണ്ടാവില്ല……
പെൺകുട്ടി അമ്മയുടെ കൂടെയോ മറ്റെവിടെയെങ്കിലുമോ കിടന്നുറങ്ങും….ആൺകുട്ടി ഇന്നലെ കിടന്നതുപോലെ അന്നും കിടക്കും….
അതുവരെ ഒരു വീട്ടിൽ മകളായി കഴിഞ്ഞിരുന്ന കുട്ടി, അന്നുമുതൽ മറ്റൊരു വീട്ടിലെ മരുമകളായി എന്നതു മാത്രമാണ് സംഭവിക്കുന്നത്….

.മരുമകൾ എന്നതിനേക്കാൾ വേലക്കാരി എന്നു പറയുന്നതാകും ഉചിതം……അമ്മായി അമ്മ ആ കൊച്ചിനെ നീറ്റിലും നെലേലും നിറുത്തില്ല……പണിയോടു പണിതന്നെ….
ഉള്ളതു പറയണമല്ലോ,അമ്മായി അമ്മയ്ക്കും നടുനീർത്താൻ നേരം ഉണ്ടാകില്ല…. പിടിപ്പത് പണി ഉണ്ടാകും…..

അമ്മേ….. ദേ ഈ ചെറുക്കൻ എന്നെ തൊടാൻ വരുന്നൂ ….എന്ന് ഭാര്യ ഭർത്താവിനെക്കുറിച്ച് അമ്മായിയമ്മയോട് പരാതി പറയുന്നത് സാധാരണയായിരുന്നു

ചെറുക്കൻ പള്ളിക്കൂടത്തീ പോകുന്നുണ്ടെങ്കിൽ അത് തുടരും…
മിക്കവാറും നാലാം ക്ലാസുവരെയേ പോകൂ……തോറ്റാലും ജയിച്ചാലും പിന്നെ പള്ളിക്കൂടത്തീ പോകാറില്ല…..പള്ളിക്കൂടത്തീ പോയ്ക്കൊണ്ടിരുന്നാ വീട്ടിലെ പണികളൊക്കെ ആര് ചെയ്യും…..

അതിരാവിലെ  മൂന്നര  മണിക്ക് എണീക്കണം….കാളകൾക്ക് വെള്ളം ചൂടാക്കി കൊടുക്കണം……പിന്നെ ദൂരെയുള്ള വയലിലേക്ക് …
ഉച്ചവരെ ഉഴുവലും വയലിലെ പണിയുമാണ്…..
അതിനിടയ്ക്ക് ചോറ് വരും..(വന്നാ വന്നു)
ഉച്ചകഴിഞ്ഞ് കാളകളെ കുളിപ്പിച്ച് വെള്ളവും തീറ്റയും കൊടുത്ത് കഴിഞ്ഞാണ് ഉച്ചഭക്ഷണം….
ഉച്ചക്ക് ശേഷം മിക്കവാറും പറമ്പിലോ വയലിലോ പണിയുണ്ടാകും…..
സന്ധ്യയോടെ പണികഴിഞ്ഞ് കുളിച്ച് പ്രാർഥന പിന്നെ അത്താഴം ഉറക്കം……
വയലിൽ, നടീലോ വിതയോ കഴിഞ്ഞാൽപ്പിന്നെ തേവൽ യജ്ഞമാണ്…… നട്ടുച്ച ഒഴികെ എല്ലാസമയത്തും തന്നെ തേക്ക് ഉണ്ടാകും….അഞ്ഞൂറ് വെള്ളം ആയിരം വെള്ളം എന്നൊക്കെയാണ് കണക്ക്…..ഒരു വെള്ളം എന്നാൽ രണ്ടു തുലാക്കോട്ട വെള്ളം...(രണ്ടു പ്രാവശ്യം വെള്ളം കോരിയാൽ ഒരു വെള്ളമായി എന്നർഥം)… 
അന്നത്തെ വയലേലകൾ തേക്കുപാട്ട് കേട്ടാണ് ഉറങ്ങിയതും ഉണർന്നതും…..….

വെള്ളം തേവുന്ന തുലാവ് നിർമ്മാണം തന്നെ നല്ല വൈദഗ്ധ്യം വേണ്ട ജോലിയാണ്……

കൊയ്ത്ത് മെതി നെല്ല്ഉണക്കല് പുഴുങ്ങല് കുത്തല് അങ്ങിനെ അവസാനമില്ലാത്ത ജോലികൾ വീണ്ടുമുണ്ട്….
അതിനിടയ്ക്ക് വേലികെട്ട് ഒരു ദീർഘമായ ജോലിയാണ് …
പിന്നെ പുരമേച്ചിൽ…….
അനന്തമായ അധ്വാനം തന്നയായിരുന്നു അന്ന് ജീവിതം……

ഇതിനിടയിൽ ഭാര്യാഭർത്താക്കന്മാർ അങ്ങ് വളരും…..കൗമാരമാകും…
അവളെനിക്കെന്നും ഞാനവനുള്ളതെന്നും മനസിലായി തുടങ്ങും…
പ്രണയം മൊട്ടിട്ടു തുടങ്ങും…..
പൂക്കളേയും നിലാവിനേയും സ്വപ്നം കാണാനാരംഭിക്കും…..

പക്ഷേ….
അമ്മയുടെ നിരീക്ഷണക്കണ്ണുകൾ സദാ സമയം ഇരുവരുടേയും പിറകേ ഉണ്ടായിരിക്കും……
തൊടാൻ സമ്മതിക്കില്ല……!!!!!!!!!!!!!!!
(ഈ അമ്മായിയമ്മക്കണ്ണുകൾ അവ അടയുന്നതുവരെ ദമ്പതികളെ പിന്തുടർന്നുകൊണ്ടിരിക്കും……….മറിയാമ്മ നാടകം അതിശയോക്തി അല്ല എന്നർഥം)
അവളുടെ മിടുക്കുപോലെ അമ്മയുടെ കണ്ണുവെട്ടിച്ച് വല്ലപ്പോഴും അവനെ ഒന്ന് മുട്ടിയുരുമ്മി നിന്നെങ്കിലായി……..

ഒരുമിച്ചൊരുരാത്രി ഇപ്പോഴും അകലെത്തന്നെയാണ്……
ചെറുക്കനും പെണ്ണും ഒരുമിച്ച് കഴിഞ്ഞാൽ പണിയെടുക്കാൻ ചെക്കന് ആവതുണ്ടാവില്ല എന്നാണ് അമ്മയുടെ ചിന്ത….
വീട്ടിൽ എലിപ്പൊത്തിലേപ്പോലെ ആളുകളുമുണ്ടാകും….
.മുറികൾക്കാവട്ടെ കതകും ഉണ്ടാവില്ല……

പക്ഷേ ഈ പ്രതിബന്ധങ്ങളൊക്കെ തരണം ചെയ്ത് പലരും കൗമാരത്തിൽ തന്നെ പണി പറ്റിക്കാറുണ്ട് എന്നതും ചരിത്രം…..

അപ്പന് മേലാതിരുന്ന ഒരു ദിവസം രാത്രി തേവാൻ തനിച്ച് പോവാൻ പേടിയാണെന്ന് പറഞ്ഞ് അമ്മയെ പറ്റിച്ച്, ഭാര്യയെ കൂട്ടി തേവാൻ പോയി അർധരാത്രിയിൽ തേപ്പാലയിൽ വച്ച് ആദ്യമായി ഭാര്യയുമായി ഇണചേർന്ന കഥ വൃദ്ധനായ ഒരധ്യാപകൻ എന്നോട് വിവരിച്ചിട്ടുണ്ട്….

അധ്വാനത്തിൻറേയും പ്രണയത്തിൻറേയും ഇങ്ങനെ ചില ഏടുകൾ കൂടി മലയാളിയുടെ ജീവിതത്തിൽ ഉണ്ടായിരുന്നു……

2013 നവംബർ 25, തിങ്കളാഴ്‌ച

     ശബരിമല ഒരു വികാരമാണ്..
രണ്ടുകാര്യങ്ങൾകൊണ്ടാണ് ഞാൻ ശബരിമലയിൽ പോകാൻ തീരുമാനിച്ചത്…..(പണ്ട്)
ഏത് അഹൈന്ദവനും കയറാം എന്ന് പ്രഖ്യാപിച്ച കേരളത്തിലെ അത്യപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല….അതിനോടുള്ള ഒരു ഐക്യദാർഢ്യം…
മറ്റൊന്ന് ഇത്ര അധികം ആളുകൾ സന്ദർശിക്കുന്ന ശബരിമലയിൽ എന്താണ് എന്നറിയാനുള്ള കൗതുകം….
പകുതി കമ്മ്യൂണിസ്റ്റും പകുതി ഭക്തന്മാരുമായ ഒരു സംഘത്തെ കിട്ടിയപ്പോൾ യാത്ര അവരുടെ കൂടെയാക്കാമെന്ന് തീരുമാനിച്ചു…..
കൂട്ടത്തിൽ പ്രായം കൂടിയ ആൾ രവിചേട്ടനാണ്…ഹൃദ്രോഗി…
പിന്നെ കുറേ ചെറുപ്പക്കാരും……..
അവർ ക്ഷേത്രത്തിൽ നിന്ന് പറ നിറച്ചായിരിക്കണം യാത്ര ആരംഭിച്ചത്….
വഴിയിൽ വച്ച് അവരോടൊപ്പം ഞാനും കൂടി…
പമ്പ വരെ സാധാരണം…..
പക്ഷേ പമ്പയിൽ ഒരു പ്രശ്നം….എൻറെ കയ്യിൽ ഇരുമുടിക്കെട്ടില്ല….പമ്പയിൽ കെട്ടുനിറയ്ക്കാനുള്ള സൗകര്യം ഉണ്ടാകും എന്ന് വീമ്പടിച്ച രാധാകൃഷ്ണൻ ഓടിനടന്ന് നോക്കിയിട്ടും അവിടെങ്ങും ഒരു നമ്പൂതിരിയേയും കണ്ടില്ല…..
ച്ഛെടാ….ഇയാളെവിടെപ്പോയി എന്ന് രാധാകൃഷ്ണൻ ഉത്കണ്ഠപ്പെടുന്നതിനിടെ രവിചേട്ടനിലെ കമ്മ്യൂണിസ്റ്റ് ഉണർന്നു…..
കക്ഷി പറഞ്ഞു….മാഷേ ആ തേങ്ങ തന്നേ ഞാൻ ശരിയാക്കിത്തരാം……
രണ്ടു തേങ്ങ തോർത്തുമുണ്ടിൽ കെട്ടി എൻറെ തലയിലേക്ക് വച്ചിട്ട് പുള്ളി പറഞ്ഞു ഇതുതന്നെ ഇരുമുടിക്കെട്ട് ……എന്താ മാഷ്ക്ക് വിരോധോണ്ടോ…….
എനിക്കോ എന്തിന് ഇത് തന്നെ ധാരാളം……
കയറ്റം തുടങ്ങിയപ്പോഴേ കുഴപ്പം മണത്തു..ഭയങ്കര തിരക്ക് അപ്പോഴാണ് അന്ന് ഡിസംബർ ആറാണ് എന്ന് ഓർത്തത്. ബാബറി മസ്ജിദിൻറെ ഓർമ്മദിനമായിരുന്നു തലേന്ന്….കർശന പരിശോധനകളും നിബന്ധനകളും മൂലം വളരെ കുറച്ചുപേർക്കേ സന്നിധാനത്ത് എത്താൻ കഴിഞ്ഞുള്ളൂ….. രണ്ടു ദിവസത്തെ ജനം പമ്പയ്ക്കും സന്നിധാനത്തിനുമിടയിൽ കുടുങ്ങി കിടക്കയാണ്……
രവിചേട്ടന് കൂടെ കൂടെ ബീഢി വലിക്കണം…..ബീഡിവലിച്ചിട്ട് നടക്കുമ്പോൾ കിതയ്ക്കും കിതയ്ക്കുമ്പോൾ വഴിയരികിലെ ഓക്സിജൻ പാർലറിൽ നിന്ന് ഓക്സിജൻ വലിക്കും…..ഓക്സിജൻ വലിച്ചുകഴിയുമ്പോ ചേട്ടന് ഉത്സാഹം കൂടും… കയറും, വലിക്കും, കിതയ്ക്കും, ഓക്സിജൻ വലിക്കും, ഇതാണ് പരിപാടി…ഈ സ്ലോമോഷൻ കയറ്റം സഹിക്കാൻ കഴിയാഞ്ഞ് കൂടെയുള്ളവർ വേഗം കയറിപ്പോയി…..എനിക്കങ്ങിനെ ഇട്ടിട്ട് പോകാൻ വയ്യ പോരെങ്കിൽ ആള് ഹൃദ്രോഗിയും….
കയറി കയറി മുകളിലേക്ക് പോകുന്തോറും തിരക്ക് അസഹ്യമായി……
മുപ്പത് അടിയിലധികം വീതിയുള്ള വഴിയുടെ ഇരുവശത്തും മുളങ്കമ്പുകൾ കൊണ്ട് വേലി കെട്ടിയിട്ടുണ്ട്…..അവിടെ ജനം തിങ്ങി നിറഞ്ഞിരിക്കുന്നു
മിക്കവരും ശരണം വിളിച്ചുകൊണ്ടിരിക്കുന്നു……
വേലിക്കിരുപുറത്തും കുടിവെള്ളംനൽകാൻ വാളൻറിയർമാർ ഓടിനടക്കുന്നുണ്ട്……ഉയരം കുറഞ്ഞ പലർക്കും ശ്വാസം കിട്ടുന്നില്ല…..തളർന്നു വീണുപോയ ചിലരെ ജനക്കുട്ടത്തിൻറെ ഇടയിലൂടെ വേലിക്കപ്പുറത്തേക്ക്  കടത്തി പുറത്തെത്തിക്കുന്നു…..
ചില അന്യസംസ്ഥാനക്കാർ വേലിക്ക് പുറത്തേക്ക് നൂഴ്ന്ന് കടന്ന് മുമ്പോട്ട് ഓടുന്നു….പോലീസുകാർ ചീത്തവിളിച്ച് അവരുടെ പുറകേ ഓടുന്നു….
ഇങ്ങനെ കിലോമീറ്ററുകളോളം ദൂരത്ത് ജനം ഒട്ടിച്ചേർന്ന് നിക്കുന്ന കാഴ്ച ഞാൻ കണ്ടിട്ടേയില്ല….
ക്ഷീണം കൊണ്ടും ശ്വാസം കിട്ടായ്ക കൊണ്ടും ശരണംവിളിയുടെ വോളിയം കുറഞ്ഞിരിക്കുന്നു….പലരും വിളി മനസിലൊതുക്കി എന്ന് തോന്നുന്നു..
പരിചയപ്പെടാൻ തോന്നുന്ന സാഹചര്യമല്ല അതെങ്കിലും അടുത്ത് ഷർട്ടിടാതെ നിന്ന ആളോട് ഞാൻ വിശേഷം ചോദിച്ചു ആള് ആന്ധ്രയിലെ ഐ എ എസ് ഉദ്യോഗസ്ഥനാണ് …എല്ലാകൊല്ലവും വരും...ഓരോ സീസൻ കഴിയുമ്പോഴും അന്നാട്ടുകാർ അടുത്ത യാത്രയ്ക്ക് വേണ്ട ഒരുക്കം തുടങ്ങുന്നതിനേക്കുറിച്ചൊക്കെ പുള്ളി പറഞ്ഞു……
ശബരിമലയിലെ സമത്വത്തെകുറിച്ച് അപ്പോഴാണ് ഞാനോർത്തത്…..

ശ്വാസം കിട്ടാതെ തമ്മിൽ ഒട്ടിച്ചേർന്ന് നിൽക്കുന്ന ഈ പതിനായിരക്കണക്കിന് മനുഷ്യർക്കിടയിൽ ഉന്നത ഉദ്യോഗസ്ഥരും വൻ ജന്മിമാരും സാധാരണക്കാരും പിച്ചക്കാരും  ഉണ്ട്……പരിഭവങ്ങളും പരാതിയുമില്ലാതെ എല്ലാവരും ആൾക്കുട്ടത്തിൽ ഒരാളായി ക്ഷമയോടെ കാത്തുനിൽക്കുന്നു…..
അതുതന്നെയാണ് ശബരിമലയുടെ ഏറ്റവും വലിയ പുണ്യവും…..നമ്മുടെ വലുപ്പങ്ങൾ എത്ര നിസ്സാരമാണെന്ന് ബോധ്യപ്പെടുത്തുന്ന ഒരിടം….
ആൾക്കൂട്ടത്തിൻറെ മധ്യത്തിൽ അധികസമയം നിൽക്കുന്നത് രവിചേട്ടന് ബുദ്ധിമുട്ടുണ്ടാക്കാനിടയുണ്ട്…..ഞങ്ങൾ തിക്കിതിരക്കി വേലിയുടെ അടുത്ത് എത്തിപ്പറ്റി……ഇവിടെ കൈവരിയിൽ പിടിച്ച് നിൽക്കാം സ്വച്ഛമായി ശ്വാസം കഴിക്കാം……
ഒരു പകുതി പകലിൻറെ കാത്തുനിൽപ്പിനൊടുവിൽ ഞങ്ങൾ ഒരു മലമുകളിലേക്ക് എത്തുകയാണ്……സന്ധ്യ ആകാറായിരിക്കുന്നു….തണുപ്പ് തുടങ്ങുന്നു..മലയുടെ താഴേക്ക് നീണ്ടു നീണ്ടുപോകുന്ന മനുഷ്യ ശിരസുകൊണ്ടുനിറഞ്ഞ ഒരു വഴിയാണ്  മുമ്പിൽ……
ഇരുട്ടിന് കറുപ്പ് കൂടിവരുന്നു തണുപ്പിന് ശക്തിയും…….
രാത്രി വൈകി ..നട അടയ്ക്കാറാകുന്നു….ഹരിവരാസനം കേൾക്കുന്നു….
വനത്തിൻറെ നിശബ്ദതയിൽ, തണുപ്പിൽ, മങ്ങിയ വെളിച്ചത്തിൽ, ഭക്തി ഒഴുകുന്ന യേശുദാസിൻറെ സ്വരത്തിൽ കേൾക്കുന്ന ഹരിവരാസനം…..
ഒരു കേൾവി തന്നെയാണ്…….
അന്നത്തെ പ്രത്യകസാഹചര്യത്തിൽ നട അടച്ചിട്ടും ഞങ്ങളെ സന്നിധാനത്തേക്ക് കയറ്റിവിട്ടു….
അവിടെയെങ്ങും മനുഷ്യനെ ചവിട്ടാതെ നടക്കാൻ പറ്റാത്ത അവസ്ഥ…..കിടക്കുന്ന കാര്യം പിന്നെ പറയേണ്ടല്ലോ……ഇരുന്നും നിന്നും നടന്നും നേരം വെളുപ്പിച്ചു….
ഒരു സിഗരറ്റിൻറെ കുറ്റിപോലും കിട്ടാനില്ലല്ലോ എന്നോർത്ത് ഞാനും രവിചേട്ടനും കുണ്ഠിതപ്പെട്ടു….
പ്രഭാത കൃത്യങ്ങൾക്കായി കക്കുസ് പരിസരത്തേക്ക് നീങ്ങിയപ്പോഴതാ ഘുമു ഘുമാ പുകവരുന്നു…..ഒരുകക്ഷി സിഗരറ്റ് വിൽപ്പനയാണവിടെ ഒളിച്ചും പതുങ്ങിയുമാണ് കച്ചവടം..……വാങ്ങി സംഗതി ആവശ്യത്തിന്……
രാവിലെ നടതുറന്നപ്പോ സന്നിധാനത്തുള്ള ആളുകൾക്ക് സൗകര്യം പോലെ തൊഴുവാനുള്ള അവസരം കിട്ടി…..
ഞാനും കണ്ടു….
അയ്യപ്പൻ ചുമ്മാ അവിടെ ഇരിപ്പുണ്ട് എന്നെ കണ്ടമട്ടൊന്നും എനിക്ക് തോന്നിയില്ല…..
എല്ലാവരും തടസം കെട്ടിയിരിക്കുന്ന കയറ് കവച്ചുകടന്ന് പലവട്ടം അയ്യപ്പനെ കണ്ടു….കൂടെ വന്നവർക്കൊക്കെ തൃപ്തി……
പക്ഷേ പ്രസാദം വാങ്ങാൻ നിന്നപ്പോ പണി പാളി…….
ആയിരക്കണക്കിന് പാത്രങ്ങൾ …..ഇതൊക്കെ ക്രമത്തിൽ പൂജിച്ച് എപ്പോ തിരികെ കിട്ടാനാണ്……..
രാവിലെ മലയിറങ്ങി വൈകുന്നേരം വീട്ടിലെത്താമെന്ന പ്രതീക്ഷ മങ്ങി വിഷണ്ണരായിരിക്കുന്ന ഞങ്ങളുടെ അടുത്ത് ഒരാൾ അയാൾക്ക് കിട്ടിയ പ്രസാദവുമായി വന്നിരുന്നു……അത് കണ്ടമാനം ഉണ്ട്……ഇയാൾക്ക് ഇത് പഞ്ചായത്തിൽ മുഴുവൻ വിതരണം ചെയ്യാനായിരിക്കുമോ എന്നോർത്ത് ഞാനയാളോട് ചോദിച്ചു…….
സാമീ….ഇതുമുഴുവൻ സാമിക്ക് വേണോ…….
അയാൾക്ക് ദേഷ്യം വന്നു എന്നു തോന്നുന്നു അയാൾ ചോദിച്ചു.. എന്താ തനിക്ക് വേണോ……
കിട്ടിയാൽ കൊള്ളാം…….
അപ്പോ നിങ്ങൾ പൂജിക്കാൻ കൊടുത്തതോ….
ഞാൻ അയാളോട് ഉള്ള കാര്യം പറഞ്ഞു….
ഞാനിവിടെ ഒന്നും കൊടുത്തിട്ടുമില്ല എനിക്ക് ഒന്നും കിട്ടാനുമില്ല…..എൻറെ കൂടെയുള്ളവർ കൊടുത്തിട്ടുണ്ട് പക്ഷേ സംഗതി കിട്ടുമ്പോഴേക്കും ഒത്തിരി വൈകും എന്നു തോന്നുന്നു…..എല്ലാം ഭഗവാൻറെ അല്ലേ…..ആര് കൊടുത്തതായാലെന്താ…..
അയാൾ അതിൻറെ പകുതിയോളം എനിക്ക് തന്നു…..
അവരവരുടേതിനായി കാത്തിരിക്കണമോ കിട്ടിയതുകൊണ്ട് തൃപ്തി പെടണമോ എന്നകാര്യത്തിൽ ഞങ്ങളുടെ അര ഭക്തന്മാരുടെ ഇടയിൽ ചർച്ചനടന്നു…
ഒടുവിൽ ഇക്കാര്യം വീട്ടിൽ മിണ്ടരുത് എന്ന ഉറപ്പിൽ കിട്ടിയ പ്രസാദം എല്ലാവരും പങ്കുവച്ച് എടുത്തു……
ട്രാക്റ്റർ വഴിയിലൂടെ താഴോട്ടിറങ്ങി…..സന്ധ്യയോടെ വീട്ടിലെത്തി…….
ഞങ്ങൾക്കും ഒരു ദിവസം മുമ്പേ അവിടുന്ന് പോയ സംഘം ഇതുവരെ തിരിച്ചെത്തിയിട്ടില്ല…..എല്ലാവരും ഹാപ്പി….
പിരിയാൻ നേരം ഗിരീഷ് സ്വകാര്യമായി പറഞ്ഞു…..
മാഷേ സമാധാനമായി…….കമ്മ്യൂണിസ്റ്റും ക്രിസ്ത്യാനിയും നൊയമ്പില്ലാത്തവനുമായ മാഷേക്കൊണ്ട് പോയിട്ട് വല്ല തട്ടുകേടും പറ്റിയിരുന്നെങ്കി എല്ലാരുകൂടി കൊന്നേനെ…….
അക്കാര്യം എനിക്കറിയാവുന്നതുകൊണ്ടാണ് രവിചേട്ടനെ ഞാൻ കൂടെ തന്നെ നിറുത്തിയതും യാത്രയുടെ എല്ലാ ഘട്ടത്തിലും ഇടപെട്ടതും എന്ന് ഞാൻ അവനോട് പറഞ്ഞില്ല…..

2013 ഒക്‌ടോബർ 15, ചൊവ്വാഴ്ച

                ആൾദൈവങ്ങൾ                                             ഉണ്ടാകുന്നത്………..



ലക്ഷ്മിക്കുട്ടി എന്നായിരുന്നിരിക്കണം പേര്   എല്ലാവരും എച്ചുക്കുട്ടി എന്നുവിളിച്ചു….മേൽജാതിക്കാരുടെ ലക്ഷ്മി, പട്ടിക ജാതിക്കാരിക്ക് എച്ചുവാണല്ലോ……
നൊസ്സെന്നോ വട്ടെന്നോ പറയാവുന്ന പ്രത്യേകത ഉണ്ടായിരുന്നു എച്ചുവിന്……കൗമാരത്തിൽ എങ്ങോട്ടോ പുറപ്പെട്ടുപോയി…..
നാൽപ്പത് വയസ്സോളം ആയപ്പോ ചുറ്റിത്തിരിഞ്ഞ് ചോറ്റാനിക്കര അമ്പലത്തിൽ വന്നുപെട്ടു….നൊസ്സ് കുറച്ചു കൂടി….(ഇത്തരക്കാരുടെ ഒരു അഭയസ്ഥാനമാണ് ചോറ്റാനിക്കര ക്ഷേത്രം)
അച്ഛനും അമ്മയും മരിച്ചു……സ്വന്തം കുടിൽ ദ്രവിച്ച് വീണ് നശിച്ചുപോയി….പൈതൃകമായ ഒന്നര ഏക്കറോളം ഭൂമി കാടായി വളർന്നു….
ഇതൊന്നും അറിയാതെ എച്ചുവും അവളുടെ നൊസ്സും വളർന്നു….
ബോധാബോധങ്ങളുടെ ഇടയ്ക്കെപ്പോഴോ എച്ചു സ്വന്തം ബാല്യകൗമാരങ്ങളെ തിരിച്ചറിഞ്ഞിരിക്കണം…..
ഒരുനാൾ ഞങ്ങൾ നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് എച്ചുവും കൂടെ മറ്റൊരു സ്ത്രീയും എച്ചുക്കുട്ടിയുടെ പുരയിടത്തിൽ താമസം തുടങ്ങി……..
രണ്ടുപേർക്കും സാമാന്യം നല്ല വട്ട്…
ഇടിഞ്ഞുവീണ മാടത്തിൻറെ ഇനിയും നശിക്കാത്ത തറയിലിരുന്ന് മന്ത്രമെന്നപോലെ എന്തൊക്കെയോ പുലമ്പുന്നു…..
സൗഖ്യം അന്വേഷിക്കാൻ ചെന്ന കോളനിയിലെ പട്ടികജാതി സ്ത്രീകളോട് അവർക്ക് മനസിലാകാത്ത ഭാഷയിൽ എന്തെക്കെയോ പറഞ്ഞു…….പൂവും ഇലകളുമൊക്കെ അവരുടെ നേരേ വാരി എറിഞ്ഞു…..(ക്ഷേത്രത്തിലെ വാസക്കാലത്ത് കണ്ട് മനസിൽ പതിഞ്ഞുപോയതായിരിക്കും)
സഹതാപം തോന്നിയ അയൽക്കാരിപെണ്ണുങ്ങൾ ഊഴമി‌ട്ട് രണ്ടുപേർക്കും ഭക്ഷണം കെടുത്തു തുടങ്ങി…..
സ്ഥിരമായി ഇവർപറയുന്ന സംസ്കൃതം (അതുപോലെന്തോ)കേട്ട കോളനി പെണ്ണുങ്ങൾക്ക് ഇവർ പറയുന്നതിലെന്തോ കാര്യമുണ്ടാകാം എന്നു തോന്നിത്തുടങ്ങി……
പിന്നെ പിന്നെ ഒറ്റയ്ക്ക് ചെന്ന് അവരുടെ സ്വകാര്യദുഖങ്ങൾ എച്ചുവിനോടും കൂട്ടുകാരിയോടും പറയാൻ തുടങ്ങി……സ്വകാര്യ ദുഖങ്ങൾ പങ്കുവച്ചപ്പോഴുണ്ടായ ലാഘവത്തോടെ അവരൊക്കെ തിരിച്ചുപോയി……
അമ്മമാർ എന്നു വിളിപ്പേര് വീണു….അമ്മമാർക്ക് ഭക്ഷണം നൽകാനും കാണാനും പട്ടിക ജാതി കോളനിയിലെ പെണ്ണുങ്ങൾക്ക് ഉത്സാഹമായി……
വെയിലും രാത്രിയും തണുപ്പും കൂസാതെ അമ്മമാർ വെറും തറയിൽ നിലനിന്നു…….
കവലയിലെ ചായക്കടയിലും നാട്ടുവർത്തമാനങ്ങളിലും ഇതൊരു വിഷയമായി….
വീട് പണിയാനും കല്യാണംനടത്താനും കണിയാനെ തേടുമെങ്കിലും യുക്തിവാദികളായ ഈശ്വരവിശ്വാസികൾ ഇത് വെറും കോപ്രായമാണെന്ന് വിലയിരുത്തി….ഭാര്യമാരുടെ തലയിണമന്ത്രത്തിൽ വീണുപോയ പട്ടികജാതിക്കാരാകട്ടെ അവരിലെന്തോ അത്ഭുത സിദ്ധി ഉണ്ടാകാം എന്നും വാദിച്ചു…….(നമ്മടെ ജാതി മറക്കരുതല്ലോ!!!)
അന്തിമയങ്ങിക്കഴിഞ്ഞ് വല്ലപ്പോഴും സംഘടിക്കുന്ന ചെറുപ്പക്കാരുടെ വെള്ളമടി സഭയിൽ നാട്ടിൽ നിലവിലുള്ള മിക്കവാറും പരദൂഷണങ്ങൾ തല്ലിച്ചതച്ചതിനുശേഷം അമ്മമാർ കടന്നുവന്നു…..
സഭയിലുണ്ടായിരുന്ന സവർണഹിന്ദു സടകുടഞ്ഞെണീറ്റ് ഇത്തരം അന്ധവിശ്വാസങ്ങൾക്കെതിരേ ഗർജിച്ച് അവസാന പെഗും കഴിച്ച് സ്ഥലംവിട്ടു…..
സവർണൻറെ ആക്ക്രോശം കണ്ട് കലികയറിയ മറ്റുള്ളവർ ഒരു തീരുമാനമെടുത്തു………നമുക്ക് അവനെക്കൊണ്ട് എച്ചുക്കുട്ടി ദൈവമാണെന്ന് പറയിപ്പിക്കണം…..പിന്നേ…..അവൻറെ ഒരു യുക്തിവാദം….ചെറ്റ… കാണുന്ന സാമിമാരുടെ മുഴുവൻ മുമ്പിൽ കുമ്പിടുന്നവനാ…. എച്ചുവിനോട് പുച്ഛം……..
പിറ്റേന്ന് മുതൽ കാര്യങ്ങൾ ഉഷാറായി….
ആദ്യം അമ്മമാർക്ക് ഒരു ഷെഡ് കെട്ടണം…..
ആ തൊടിയിൽ ധാരാളം അടയ്ക്കാമരങ്ങൾ ഉണ്ട് ഒരെണ്ണം വെട്ടാം…..
ലക്ഷണമൊത്ത ഒരെണ്ണം വെട്ടാൻ നിശ്ചയിച്ച് കാട് വകഞ്ഞുമാറ്റി ചെന്നപ്പോ അത് മുഴുവൻ പോടാണ് …കേട് ….ഏതു നിമിഷവും നിലം പൊത്താം……മഴുവിന് രണ്ട് കൊത്ത് കൊത്തിയതേയള്ളു….മരം വീണു……
എല്ലാവരും ചേർന്ന് അമ്മമാർക്ക് ഒരു കൂരയുണ്ടാക്കി കൊടുത്തു…..
കുരുത്തോലതൂക്കി സംഗതി വെടുപ്പാക്കി…..
കവലയിലെ ബീഡിതെറുപ്പുകാരനായ വർഗീസ് ചേട്ടനായിരുന്നു പ്രചാരണ പരിപാടിയുടെ മുഖ്യ ചുമതലക്കാരൻ…..
കക്ഷി അവിശ്വാസികളോട് ദൃക്സാക്ഷി വിവരണം നൽകി.…ഞങ്ങൾ അമ്മമാർക്ക് അമ്പലമുണ്ടാക്കാനായി അടയ്ക്കാ മരത്തിൽ ഒന്ന് തൊട്ടതേയുള്ളൂ…….വരച്ചവരേക്കൂടെ അടയ്ക്കാമരം വീണു…അമ്മമാരുടെ ഒരു ശക്തിയേ…..
പിന്നെ ചൊനപിടിക്കാത്ത പശുവിന് ചൊന പിടിച്ചകഥ,സർപ്പദോഷം മൂലം ഉറക്കത്തിൽ കരയുന്ന കൊച്ചിൻറെ കരച്ചിൽ നിന്ന കഥ ഇങ്ങനെ ഉള്ളതും ഇല്ലാത്തതുമായ കഥകൾ പൊടിപ്പും തൊങ്ങലും വച്ച് സംഘടിതമായി കവലയിൽ വച്ച് കാച്ചിക്കൊണ്ടിരുന്നു…….

സംഗതി ഏറ്റു എന്നു പറഞ്ഞാൽ മതിയല്ലോ…….അമ്മ എന്നപേര് പരിഷ്ക്കരിച്ച് എച്ചു ഭഗവതി എന്നാക്കാൻ സഹായകസംഘം തീരുമാനിച്ചിരുന്നു..പിന്നെ പറച്ചിലെല്ലാം എച്ചു ഭഗവതി എന്നു ചേർത്തായി……
സംഭാവനകൾ ധാരാളമായി വന്നു….നിരവധി അവശ്യക്കാർ ഭഗവതിയെ കാണാൻ എത്തിതുടങ്ങി…അമ്പലം പോലൊന്ന് മുമ്പിൽ കെട്ടിയുണ്ടാക്കി….
ഭക്തന്മാരുടെ എണ്ണം ദിവസേന കൂടിവന്നു……..
അവർതന്നെ കൂടിച്ചേർന്ന് ഒരു കമ്മറ്റിയും രൂപീകരിച്ചു…….
ഉത്സവം നടത്താൻ തീരുമാനിച്ചത് അമ്പലക്കമ്മറ്റിയാണ്…..
ഉത്സാഹകമ്മറ്റി ഉണ്ടായി …ആനയും എഴുന്നെള്ളത്തും വേണമെന്ന് തീരുമാനമായി…..ആനയെ സ്പോൺസർ ചെയ്യാനും ഒരു ഭക്തൻ തയ്യാറായി…..
എച്ചു അമ്പലവും എച്ചു ഭഗവതിയും ഫെയ്മസായിക്കഴിഞ്ഞു….
നാട്ടിലെ നായർപ്രമാണിമാർ സന്ധ്യ മയക്കത്തിൽ എച്ചുഭഗവതിയെ കാണാൻ പോയിത്തുടങ്ങി…..
കൂട്ടത്തിൽ അന്ന് ആക്രോശിച്ച യുക്തിവാദിയായ വിശ്വാസിയും…..
അടുത്ത വെള്ളമടി കമ്മറ്റി വിഷയം ചർച്ചചെയ്തു……
ലക്ഷ്യം നേടിയ സന്തോഷത്തിൽ സഭയിൽ ഇല്ലാത്ത സവർണ്ണനെ ആവോളം കളിയാക്കി ചിരിച്ചു….
ഉത്സവം ഗംഭീരമായി തന്നെ നടന്നു…നോട്ടീസ് മൈക്ക് അനൗൺസ്മെൻറ് .ആന നെറ്റിപ്പട്ടം മുത്തുക്കുട മേളം പെട്ടിക്കടകൾ…….
അതുവരെ ഇതൊരു തമാശയായി കണ്ടിരുന്ന പുരോഗമന പ്രസ്ഥാനങ്ങൾ ഉത്സവം നടന്നപ്പോഴേക്കും അപകടം മണത്തു……
അന്വേഷിച്ച് അവസാനം വെള്ളംകുടി സഭയിൽ അന്വഷണം ചെന്നെത്തി…..
എല്ലവരേയും വിളിപ്പിച്ചു……എല്ലാവരും പറഞ്ഞാൽ കേൾക്കുന്നവരാണ്…..
ഒരു ജോലി എല്ലവരേയും ഏൽപ്പിച്ചു…എച്ചു .ഭക്തരുടെ വീടുകളിൽ ചെന്ന് ഉണ്ടായകാര്യം വിശദീകരിക്കണം…
അതോടൊപ്പം അനുഭാവികളോട് എച്ചു അമ്പലത്തിൽ പോകരുതെന്നും നിർദേശിച്ചു…….
ക്രമേണ ഭക്തന്മാരുടെ വരവു കുറഞ്ഞു…വരുമാനവും നിലച്ചു……
ഒരുനാൾ രണ്ടു ഭഗവതിമാരേയും കാണാതെയായി…..
പട്ടിണി ആയപ്പോൾ ചോറ്റാനിക്കരയ്ക്കു തന്നെ തിരിച്ചു പോയതാണ്…..
അങ്ങനെ രണ്ട് ആൾദൈവങ്ങളാണ് അന്ന് അലസിപ്പോയത്…..

2013 ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

ചില തന്തമാർ പുഴുത്ത്                ചാകുന്നത്……….

കുട്ടപ്പൻ വലിയ അധ്വാനി ആയിരുന്നു….എന്നല്ല അധ്വാനം തന്നെ ആയിരുന്നു അദ്ദേഹത്തിന് ജീവിതം സൂര്യോദയത്തിന് മുമ്പ് പറമ്പിലിറങ്ങുന്നഅദ്ദേഹം സൂര്യസ്തമനത്തിന് ശേഷമേ ജോലി അവസാനിപ്പിക്കാറുള്ളു…
ആവീട്ടിൽ ചോറ് വയ്ക്കാൻ അദ്ദേഹം സമ്മതിച്ചിട്ടില്ല കഞ്ഞിയാണ് ലാഭകരം എന്നതാണ് കക്ഷിയുടെ തിയറി..പണം കൊടുത്ത് വാങ്ങുന്ന ഒരു സാധനവും അവിടെ കറിക്ക് ഉപയോഗിക്കാറില്ല….സ്വയം ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളിൽ വിൽക്കാൻ കൊള്ളാത്ത വല്ലതും ഉണ്ടെങ്കിൽ അതുമാത്രമാണവിടെ കറിക്ക് ഉപയോഗിച്ചിരുന്നത്…നിസാര പൈസക്ക് വേണ്ടി അയാൾ ആളുകളോട് വഴക്കുണ്ടാക്കി…അതിരുമാന്തുന്നതിന് സ്ഥിരമായി അയൽപക്കക്കാരുടെ മർദനമേറ്റു…
പത്താംക്ലാസിൽ തോറ്റ രണ്ടുമക്കളേയും അദ്ദേഹം കൃഷിപ്പണിയിലേക്കിറക്കി… അവരും പോത്തുകളെപ്പോലെ അധ്വാനിച്ചു….
അദ്ദേഹം ധാരാളം സമ്പാദിച്ചുകൂട്ടി…..നാട്ടിലെ ഏറ്റവും വലിയ ഭൂ ഉടമയും മുതലാളിയുമായി……
തർക്കിച്ചും വിലപേശിയും രണ്ടാൺമക്കൾക്കും കനത്ത തുക സ്ത്രീധനമായി വാങ്ങി വിവാഹം കഴിപ്പിച്ചു…..ആ പണംകൊണ്ട് വീണ്ടും ഭൂമിവാങ്ങി……
പിന്നീട് പതിയെ പ്രശ്നങ്ങൾ ആരംഭിച്ചു
തങ്ങൾക്കിങ്ങനെ മാടിനേപ്പൊലെ പണിയെടുക്കാൻ വയ്യെന്നും കൂലിക്കാരെ നിറുത്തി കുറച്ച് ജോലികൾ ചെയ്യിക്കണമെന്നായി മക്കൾ,ഇത്രയും കാലം ഒരു കൂലിക്കാരനേയും നിറുത്തിയിട്ടല്ല ഈ ജോലികളൊക്കെ ചെയ്തതെന്നും ഇനിയും അങ്ങനെ തന്നെ മതിയെന്നുമായി കുട്ടപ്പൻ..
ഒരു കാറ് വാങ്ങണമെന്നായി മക്കൾ,കാളവണ്ടിപോലും വാങ്ങാൻ സമ്മതിക്കില്ലെന്ന് കുട്ടപ്പൻ….
വീട് പൊളിച്ച് പണിയണമെന്നായി മക്കൾ ആചെറിയ വീട്ടിൽ എല്ലാവർക്കും കുടി കഴിയാൻ ബുദ്ധിമുട്ടാണത്രേ… ആത്തരം ആർഭാടങ്ങളൊന്നും ഈ വീട്ടിൽ പറ്റില്ലെന്ന് കുട്ടപ്പൻ….
താൻ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് ധൂർത്തടിച്ച് നശിപ്പിക്കലാണ് മക്കളുടെ ലക്ഷ്യമെന്ന് കുട്ടപ്പനും തന്ത ചാകാതെ മനുഷ്യരായി ജീവിക്കാൻ കഴിയില്ലെന്ന് മക്കളും തീരുമാനിച്ചു…..
എന്നാൽ ഞങ്ങൾക്ക് ഞങ്ങളുടെ വീതം തരണമെന്നായി മക്കൾ….എൻറെ ഭൂമിയിൽ നിന്ന് ഒരു തുണ്ടുപോലും ആർക്കും തരില്ലെന്നായി കുട്ടപ്പൻ….
അങ്ങിനെയാണ് മക്കൾ വാടകവീടുകളിലേക്ക് മാറിയത്…….
സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്തും ഭാര്യവീട്ടുകാരുടെ സഹായം കൊണ്ടും അവർ ജീവിതം പച്ചപിടിപ്പിക്കാൻ ശ്രമിക്കുന്നു…..
ആരോഗ്യമുള്ള കാലത്തോളം കുട്ടപ്പൻ തൻറെ എല്ലാപുരയിടങ്ങളിലും പോകുമായിരുന്നു….താൻ വളർത്തിയ സസ്യങ്ങളും ഫലവൃക്ഷങ്ങളും കൃഷികളും കണ്ട് ആസ്വദിക്കുമായിരുന്നു…..
ദിവസേന എന്നോണം പണം എണ്ണിനോക്കി സന്തോഷിക്കുമായിരുന്നു…
മക്കൾ മാത്രമല്ല നാട്ടുകാർമുഴുവനും തന്നെ പറ്റിക്കാൻ നടക്കുന്നവരാണെന്ന വിശ്വാസത്തിൽ എല്ലാവരേയും അയാൾ വെറുത്തു…
ആ തള്ള മാത്രം മക്കൾക്കും ഭർത്താവിനുമിടയിൽ വീർപ്പുമുട്ടി….
വിശേഷദിവസങ്ങളിൽ മക്കൾ തള്ളയെവന്നു കണ്ടുപോകും….
ശരീരം ക്ഷീണിക്കുന്തോറും കുട്ടപ്പന് പിടിവാശിയും അവിശ്വാസവും കൂടിവന്നു…

എന്തായാലും ആ തന്തയും തള്ളയും ചത്തത് കുറേ ദിവസം കഴിഞ്ഞാണ് നാട്ടുകാർ അറിഞ്ഞത്….നാട്ടുകാർ അറിഞ്ഞിട്ടാണ് മക്കൾ അറിഞ്ഞത്……
പട്ടിണികിടന്നാണ് ചത്തതെന്നും അല്ല ഏതോ രോഗം വന്ന് ചികിത്സിക്കാതെ ചത്തതാണെന്നും നാട്ടുകാർ തരാതരം പോലെ ഊഹിച്ചു….
സ്ഥലത്തുവന്ന പോലീസുദ്യോഗസ്ഥൻ മക്കളോട് ചോദിച്ചു..
എന്നാലും നിങ്ങള് കൊള്ളാലോടോ…ഈ വയസ്സായ തന്തേം തള്ളേം ഇട്ടേച്ച് വാടകവീട്ടീപ്പോയി താമസിക്യാണല്ലേ…
ഒരു മകൻ പറഞ്ഞു…സാറേ, സാറാണെങ്കി വയസായ അപ്പനേം അമ്മേം ഇട്ടേച്ച് വല്ലിടത്തും പോയി താമസിക്യോ….
ഇല്ല ഞാനങ്ങനെ ചെയ്യില്ല……
എൻറെ സാറേ  ജനിപ്പിച്ച തന്തേം തള്ളേം അല്ലേ……എന്തെങ്കിലും നിവൃത്തിയുണ്ടെങ്കി ഞങ്ങളും അങ്ങനെ ചെയ്യില്ല…….ആ തന്തേടെ കുടെ കഴിയാൻ അമ്മയ്ക്ക് മാത്രേ പറ്റൂ……..

2013 ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

സംഭവിക്കാൻ ഇടയില്ലാത്ത ഒരു കഥ പക്ഷേ                                       സംഭവിച്ചതും..

ഗൾഫിൽ നിന്നു വന്നനാൾ മുതൽ അയാൾ ശ്രദ്ധിക്കുന്നതാണ് ഭാര്യയുടെ മൊബൈലിലുള്ള ഒളിച്ചുകളി….
ഇടയ്ക്ക് ചോദിച്ചപ്പോഴൊക്കെ കൊച്ചുമ്മാടെ മോൾക്ക് മെസേജ് അയച്ചതാണെന്നോ കൊച്ചാപ്പയുടെ മോൻറെ മെസേജിന് മറുപടി അയച്ചതാണെന്നോ ഒക്കെ പറഞ്ഞ് അവൾ ഒഴിഞ്ഞുകളഞ്ഞു…..
അങ്ങനെയാണ് അയാൾ അവളെ നിരീക്ഷിക്കാൻ തുടങ്ങിയത്….മനപ്പൂർവമായ അശ്രദ്ധ അഭിനയിച്ചു…..
ഫോൺവിളിയെക്കുറിച്ച് പരാതിപറഞ്ഞ ഉമ്മയോട് ഭാര്യ കേൾക്കാൻ വേണ്ടി ഉറക്കെത്തന്നെ അയാൾ പറഞ്ഞു….ഈ ഉമ്മയ്ക്കെന്താ…..അവൾ വല്ല ബന്ധുക്കൾക്കും മെസേജ് അയക്കുന്നതായിരിക്കും  ഉമ്മ എന്തിനാ അതൊക്കെ നോക്കാൻ പോണേ…
ഭാര്യ ഭയമില്ലാതെ  അയാളുടെ മുമ്പിൽ വച്ചുപോലും മെസേജ് അയക്കുന്നത് കണ്ട് അയാൾ ഉള്ളിൽ ചിരിച്ചു…
.കുറട്ടുനാൾ കഴിഞ്ഞ്  ഭാര്യ കാണാതെ ഫോൺ പരിശോധിച്ചു നോക്കി….
കാര്യങ്ങൾ മനസിലായി…അവൾക്കൊരു രഹസ്യക്കാരനുണ്ട്……..
ഇതുവരെ നേരിൽ കണ്ടിട്ടില്ല…..കാണണം എന്ന് അവൻ, ഇവൾ ഒഴിഞ്ഞുമാറുന്നു……
ഓടിച്ചെന്ന് അവളെ കഴുത്തുഞെരിച്ച് കൊല്ലാനാണയാൾക്ക് തോന്നിയത്…..
പട്ടിച്ചീ…..തേവിടിശ്ശീ..എന്നൊക്കെ അയാൾ മനസിൽ പറഞ്ഞു…..
പിന്നെ അയാൾ സ്വയം നിയന്ത്രിച്ചു…..കയ്യോടെ പിടിക്കണം
ഒരു സിഐഡി ഉദ്യോഗസ്ഥനെപ്പോലെ അയാൾ അതിനുള്ള വഴി ആലോചിച്ചു…..
അതിനുള്ള വഴിതെളിഞ്ഞുവന്നു…അടുത്തആഴ്ച ഒരു കല്യാണമുണ്ട്.എല്ലാവരും പോകാനാണ് തീരുമാനം ….എന്തെങ്കിലും കാരണം പറഞ്ഞ് അവളെ ഇവിടെ തനിച്ചാക്കാം……അവൻ വരാതിരിക്കില്ല…
വീട്ടിൽ എല്ലാവരുംകേൾക്കേ അയാൾ പറഞ്ഞു….
കല്യാണത്തിന് എല്ലാരും കൂടി പോവണ്ട…ഇവൾ ഇവിടെ നിൽക്കട്ടെ….വീട്ടിലാരെങ്കിലും വേണ്ടേ.
അവളുടെ മുഖം മങ്ങി…
അത് സാരമില്ല നമുക്കൊരുമിച്ച് അടുത്ത ദിവസം പോകാം…..
കല്യാണത്തിന് രാവിലേ പോണം രാത്രിയേ തിരിച്ചുവരാൻ പറ്റൂ….പത്തിരുനൂറ് കിലോമീറ്റർ പോവണ്ടതല്ലേ…..
ഭാര്യക്കും അവളുടെ മറ്റവനും കാര്യങ്ങൾ പ്ലാൻ ചെയ്യാൻ ആവശ്യത്തിന് സമയം കിട്ടട്ടെ……
ഭാര്യ കൂടുതൽ സമയം മൊബൈലിൽ ചിലവഴിക്കുന്നതു കണ്ടപ്പോൾ അയാളുടെ പദ്ധതികൾ നടപ്പിലാകുമെന്ന് അയാൾക്ക് ബോധ്യമായി…
രണ്ടുപേരേയും കയ്യോടെ പിടികൂടിയാൽ ചെയ്യേണ്ടകാര്യത്തേ കുറിച്ച് അയാൾ ചിന്തിച്ചുറപ്പിച്ചു….
ഭാര്യ എന്ന പെഴച്ചവളെ കൊന്നുകളയണം….പറ്റിയാൽ അവനേയും….
കല്യാണ ദിവസം എല്ലാവരും പുറപ്പെട്ടു…..അവർ യാത്രയാകുമ്പോൾ അവൾ വളരെ സന്തോഷത്തിലായിരുന്നത് കാര്യങ്ങൾ താൻ ഉദ്ദേശിച്ചപോലെ നടക്കുന്നതിൻറെ ലക്ഷണമാണെന്നയാൾക്ക് അറിയാമായിരുന്നു…..
യാത്ര കുറച്ചായപ്പോൾ അയാൾ രോഗം അഭിനയിച്ചു തിരിച്ചുപോന്നു…..
കരുതലോടെ വീടിൻറെ മതിൽക്കെട്ടിനു പുറത്ത് കാത്തിരുന്നു…
നടക്കാൻ പോകുന്ന കൊലപാതകത്തെക്കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു അയാളുടെ മനസിൽ …അവളെ വെട്ടി കഷണമാക്കാനുള്ള വാക്കത്തി അയാൾ കരുതിവച്ചിട്ടുണ്ട്….കൊന്നു കഴിഞ്ഞാൽ ചെയ്യേണ്ടകാര്യങ്ങളേക്കുറിച്ചും അയാൾ പദ്ധതി ഇട്ടിട്ടുണ്ട്…….
ദീർഘ നേരത്തേ കാത്തിരിപ്പിനൊടുവിൽ മോട്ടോർസൈക്കിളിൽ ഒരാൾ വീടിൻറെ ഗെയ്റ്റ് തുറന്ന് കയറിപ്പോകുന്നതയാൾ കണ്ടു….ഹെൽമറ്റുണ്ട്
ആ നിമിഷം മുതൽ അയാളുടെ ശരീരം വിറപൂണ്ടുതുടങ്ങി…അവർ രണ്ടുപേരും വീട്ടിൽ എന്തുചെയ്യുകയായിരിക്കും എന്നാലോചിച്ചപ്പോൾ ഭ്രാന്തമായ അവസ്ഥയിലായി……
നിയന്ത്രണം നഷ്ടപ്പെട്ട് അയാൾ വീട്ടിലേക്ക് പാഞ്ഞുകയറി…വാതിൽ ചവിട്ടി പൊളിക്കാൻ ഉദ്ദേശിച്ചാണ് ചെന്നതെങ്കിലും അത് അടച്ചിരുന്നില്ല……
എടീ എന്നലറിക്കൊണ്ട് മുറിയിലേക്കു ചാടി വീണ അയാളെക്കണ്ട് ഭാര്യ പരിഭ്രമിച്ചു….
അയ്യോ ഇക്ക…….
എന്നൊരു ശബ്ദം അവളിൽ നിന്നു വന്നപ്പോഴേക്കും അയാൾ അവളെ ശക്തിയായി ചവിട്ടി……കനം കുറഞ്ഞ മരക്കഷണം പോലെ അവർ മൂലയിലേക്ക് തെറിച്ചുവീണു…..
ഓടിച്ചെന്ന് അവളെ വീണ്ടും വീണ്ടും ചവിട്ടി….അയ്യോ അയ്യോ എന്ന് അലറിക്കരയാനല്ലാതെ അവൾക്ക് ശ്വസം കിട്ടിയതേയില്ല….
ഇതിനിടക്ക് വന്നയാൾ ഓടി രക്ഷപെട്ടു….
അയാൾ അവളെ എടുത്ത് കട്ടിലിലേക്കിട്ടു…. പ്ലാസ്റ്റിക്ക് കയർ കൊണ്ട് കൈയ്യും കാലും കട്ടിൽ പടിയിലേക്ക് ചേർത്ത് കെട്ടി……
ഓടിപ്പോയി കരുതിവച്ചിരുന്ന പുതിയ വാക്കത്തി എടുത്തു….
അപ്പോഴേക്കും അയാൾ അണച്ചുപോയി……
കട്ടിലിനടുത്തുള്ള കസേരയിൽ അവളുടെ മുഖത്തേക്കുനോക്കി അയാളിരുന്നു….
പരിഭ്രമവും ഭയവും കൂടി ഭാര്യ സ്തംഭിച്ചു പോയിരുന്നു..
അയ്യോ …ഇക്കാ എന്നെ എന്നാ ചെയ്യാമ്പോണേ……
നിന്നെഞാൻ കൊല്ലാപോവ്വാ….കൂത്തിച്ചി…നിനക്കവൻറെ കൂടെ അഴിഞ്ഞാടണം അല്ലേ….
അയ്യോ ഇക്കാ….അയാൾ….അത് പൂർത്തിയാക്കാൻ അയാൾ സമ്മതിച്ചില്ല അതിനുമുമ്പയാൾ അലറി….
പട്ടിച്ചീ…നീ മിണ്ടരുത്…..
ദേഷ്യം മൂത്ത് അയാൾ വാക്കത്തി എടുത്ത് എഴുനേറ്റു….
ആ സ്ത്രീ മരണം മുമ്പിൽ കണ്ടു……..
അയ്യോ ഇക്കാ….
നിനക്ക് നിനക്ക്…..ദേഷ്യം കൊണ്ടയാൾക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല
ന്യായീകരിക്കാനുള്ള ഏത് ശ്രമവും അയാളെ കൂടുതൽ ദേഷ്യം പിടിപ്പിക്കുമെന്നവൾക്കു മനസിലായി……
മരണം മുമ്പിൽ കാണുമ്പോഴുണ്ടാകുന്ന തിരിച്ചറിവ്…
അവൾ ദീനമായി കരഞ്ഞു…
അയ്യോ..എന്നെ കൊല്ലേ ഇക്കാ കൊല്ലല്ലേ…
ആ ഒരു രോദനത്തിനയാൾ ചെവികൊടുത്തു…
നിനക്കവൻറെ കൂടെ കെടക്കണം അല്ലേടീ…..
ക്ഷമാപണമാണ് ജീവൻ രക്ഷിക്കാനുള്ള ഏകമാർഗം എന്നബുദ്ധി അവരുടെ മനസിൽ മിന്നി…
എൻറെ പൊന്നിക്കാ എന്നെ കോല്ലല്ലേ എനിക്കൊരു തെറ്റുപറ്റിപ്പോയി അള്ളാണേ ഞാനിനി അയാളെ കാണൂല….എന്നെ എന്തുവേണേ ചെയ്തോ എന്നെ കൊല്ലല്ലേ ഇക്കാ….
ആ ദീനരോദനം അയാളിലെ ചെകുത്താനെ ഒന്ന് അടക്കി എന്നുതോന്നുന്നു
അയാൾ കസേരയിലിരുന്ന് അവളോട് സംസാരിക്കാൻ തുടങ്ങി……
നീ അയാളോട് സംസാരിക്കാറില്ലേ….
അതിക്കാ….
ആ ചെറു വിസമ്മതം അയാളിലെ ഭ്രാന്തനെ ഉണർത്തി….അയാൾ അലറി..
ഇല്ലേ…..
ഭയന്നുവിറച്ച് അവൾ പറഞ്ഞു ഉവ്വ്
എൻറെ കയ്യിൽ എല്ലാ തെളിവും ഉണ്ട്…….അവനോട് സംസാരിച്ചത് തെറ്റല്ലേ….
ചെറുനിഷേധങ്ങൾ പോലും അയാളെ ഭ്രാന്തനാക്കുമെന്നും അത് തൻറെ മരണത്തിൽ കലാശിക്കുമെന്നും അവൾക്ക് മനസിലായി….
തെറ്റല്ലേന്ന്..
അതേ….
അവനോട് നീ വരാൻ പറഞ്ഞില്ലേ…..
ഉവ്വ
അത് തെറ്റല്ലേ…
അതേ….
അവനെ നീ തൊട്ടില്ലേ
അത് ഇക്കാ ഞാൻ…
മിണ്ടരുത് ശവമേ…..നിന്നെ കൊല്ലും ഞാൻ നീ അവനെ തൊട്ടില്ലേ…..
തൊട്ടു….അള്ളാഹുവാണേ എൻറെ ഉമ്മയാണേ ഞാനി അയാളെ കാണൂല്ല വിളിക്കൂല സത്യം
ചോദിച്ചതിന് ഉത്തരം പറയടീ പിശാശേ….അവനെ നീ തൊട്ടില്ലേ
ഉവ്വ
അത് വല്ല്യ തെറ്റല്ലേ
അതേ….
അതുകൊണ്ട് നിന്നെ ഞാൻ കൊല്ലാൻ പോവ്വ്യാണ്..
അയ്യോ എന്നെ കൊല്ലല്ലേ…
എന്നെ എന്തുവേണോങ്കിലും ചെയ്തോ എന്നെ കൊല്ലല്ലേ…..
ജീവൻ രക്ഷിക്കാനുള്ള അവസാന നിലവിളിയാണത്..
ശരി നിന്നെഞാൻ കൊല്ലുന്നില്ല….നിൻറെ ആ കൈ ഞാൻ വെട്ടിക്കളയും…..
അയ്യോ 
അയാൾ വീണ്ടും കസേരയിലിരുന്ന് ശാന്തമായി അവളോട് പറഞ്ഞു…
നീ ഈ കൈകൊണ്ട് പാപം ചെയ്തു……നിക്കതിന് ശിക്ഷവേണ്ടേ…
ഇക്കാ എന്നെ ശിക്ഷിച്ചോ..
പാപം ചെയ്ത അവയവം വെട്ടിക്കളയുക എന്നത് പടച്ചോൻറെ നിയമമാണ്….ശരിയല്ലേ
ശരിയാണ്
അപ്പോ ഈ കൈ വെട്ടികളയണ്ടേ…
-----------
കളയണ്ടേ…
വെട്ടിക്കോ….
ഈ കൈ വെട്ടിക്കളഞ്ഞാൽ നീ അള്ളാഹുവിൻറെ മുമ്പിലും എൻറെ മുമ്പിലും തെറ്റുകാരി അല്ലാതാകും….
അള്ളാ എനിക്ക് തെറ്റുപറ്റിപ്പോയല്ലോ…
ഞാനീ കൈ വെട്ടി കളയട്ടേ…
വെട്ടിക്കോ…..
നീ കണ്ണടച്ചു കിടന്നോ….
അയാൾ വാക്കത്തി എടുത്ത് എഴുനേറ്റൂ…
അടച്ചിരുന്ന കണ്ണ് അവൾക്ക് തുറക്കാതിരിക്കാനായില്ല…അയാളുടെ കയ്യിലെ വാക്കത്തി ഉയരുകയാണ്…
അവൾ വിളിച്ചു പറഞ്ഞൂ….
ഇക്കാ എൻറെ കൈ മാത്രേ വെട്ടാവൂ…..എന്നെ കൊല്ലല്ലേ……
വാക്കത്തി ഉയർന്നുതാണു….
പക്ഷേ കയ്യിലെ എല്ല് മുറിയ്ക്കാൻ മാത്രം മൂർച്ച ആ വാക്കത്തിക്ക് ഉണ്ടായിരുന്നില്ല….
കയ്യിലെ മാംസം ചീന്തിത്തെറിച്ചുപോയെങ്കിലും അസ്ഥി മുറിഞ്ഞില്ല …വാക്കത്തി തെറിച്ച് ദൂരെപ്പോയി..ടാപ്പ് തുറന്നാലെന്നപോലെ രക്തം ചീറ്റി….പ്രാണവേദനയാൽ ആ സ്ത്രീ അലറി
അയ്യോ എന്നെ കൊല്ലുന്നേ …..ഞാൻ ചാവുന്നേ ഓടിവായോ……
അലർച്ചകേട്ട് വഴിപോക്കരാരോ ഓടിയെത്തി……
ആശുപത്രി ..പോലീസ്…….
ഓപ്പറേഷൻ തീയേറ്ററിലേക്ക് പോകുമ്പോഴും ആ സ്ത്രീ പിറുപിറുത്തുകൊണ്ടിരുന്നു..
ഞാൻ പറഞ്ഞട്ടാ ഇക്ക എൻറെ കൈ വെട്ടീത്….ഇക്കയെ ഒന്നും ചെയ്യല്ലേ…..ഇക്ക പാവമാ…….



2013 ഓഗസ്റ്റ് 6, ചൊവ്വാഴ്ച

സുഹൃത്ത്

നീ നിൻറെ കൂട്ടുകാരനെ സ്നേഹിക്കുന്നതുകൊണ്ട് എന്തു പ്രയോജനം…..പിശാചുക്കളും അങ്ങനെതന്നെ ചെയ്യുന്നുവല്ലോ…….
മറ്റുള്ളവരെ അന്ധമായും യുക്തി രഹിതമായും സഹായിച്ച് വലിയ സാമ്പത്തീക പ്രതിസന്ധികളിലും അപകടങ്ങളിലും ചെന്നുചാടുന്ന ശീലമുണ്ടെനിക്ക്…..
എൻറെ ജീവിതം അഞ്ജാതനായ ഒരു സുഹൃത്തിൻറെ ദാനമാണെന്ന് ഒരു കഥ പിതാവ് പറഞ്ഞിട്ടുള്ളത് ചെറുപ്പത്തിൽ തന്നെ എന്നെ സ്വാധീനിച്ചിട്ടുണ്ടാകണം……
എനിക്ക് മുമ്പേ ജനിച്ചകുട്ടി ഡിഫ്ത്തീരിയ രോഗം ബാധിച്ച് സമയത്തിന് ചികിത്സ കിട്ടാതെ മരിച്ചുപോയി……ചെറിയ ശ്വാസതടസം മാത്രം രോഗ ലക്ഷണം കാണിക്കുന്ന ഈരോഗം മിന്നൽ വേഗത്തിൽ ജീവനെടുക്കും….
പിന്നീടുണ്ടായ മകനാണ് ഞാൻ…..
ഒരുദിവസം ജോലി കഴിഞ്ഞ് വന്ന പിതാവിനോട് അമ്മ പറയുന്നു
കൊച്ചിന് ചെറിയ ശ്വാസം മുട്ടലുള്ളതുപോലെ….
അമ്പത് കൊല്ലം മുൻപാണ്…..
മുൻ അനുഭവത്തിൽ എൻറെ രോഗം ഡിഫ്ത്തീരിയ ആണെന്ന് തിരിച്ചറിഞ്ഞ പിതാവ് എന്നെ തോളിലിട്ട് കിലോമീറ്ററുകളോളം ഓടിയാണ് ഒരു ടാക്സി സംഘടിപ്പിച്ച് അങ്കമാലി ആശുപത്രിയിലേക്ക് പോയത്……
ഓടുന്നതിനിടയിൽ കണ്ട സുഹൃത്തുക്കളോട് കുറേ പണം സംഘടിപ്പിച്ച് അങ്കമാലിക്ക് വരാൻ ഏൽപ്പിച്ചു…..
ആശുപത്രിയിൽ എത്തിയപ്പോൾ എട്ടുമണിയോളമായി…..
പരിശോധന നടക്കുന്നതിനിടയ്ക്ക് അമ്മയുടെ ധനികനായ  മൂത്ത സഹോദരൻ ആശുപത്രിയിലെ ഫോണിൽ വിളിച്ച് പറഞ്ഞു…..
അളിയൻ ധൈര്യമായിട്ടിരിക്ക് ഞാൻ ആവശ്യംപോലെ പൈസയുമായിട്ട് അങ്ങോട്ട് വര്യാണ് …നമ്മടെ കൊച്ചിനൊന്നുംസംഭവിക്കില്ല….
പരിശോധന കഴിഞ്ഞു
ഒരു പ്രസ്ക്രിപ്ഷൻ നീട്ടി ഡോക്റ്റർ പറഞ്ഞു….
സമയത്തിന് ഇവിടെ എത്തിച്ചതുകൊണ്ട് കൊച്ച് രക്ഷപെടും….ഈ ഇങ്ചക്ഷൻ കൊടുക്കണം…കുറച്ച് വിലകൂടിയ മരുന്നാണ് ..ഇവിടെ ഇല്ല അടുത്ത മെഡിക്കൽ സ്റ്റോറിൽ കിട്ടും… എത്രയും .വേഗം വാങ്ങിവരണം…..
ആശുപത്രിയും മെഡിക്കൽ സ്റ്റോറുമെല്ലാം ബസ്റ്റോപ്പിൽ തന്നെയാണ്….
ഓടി മെഡിക്കൽ സ്റ്റോറിലെത്തി പ്രിസ്ക്രിപ്ഷൻ കാണിച്ച് കാര്യം പറഞ്ഞു…..
അളിയൻ പണവുമായി പുറപ്പെട്ടിട്ടുണ്ട്…..ഉടനേ ഈ മരുന്ന് തരണം…അളിയൻ വന്നാൽ അപ്പോതന്നെ പണം തരാം….
ഫാർമസിസ്റ്റ് നിസംഗതയോടെ പറഞ്ഞു……
ചേട്ടാ, ഞാനിവിടുത്തെ ശമ്പളക്കാരനാണ്……പൈസ തരാതെ മരുന്ന് തരാൻ എനിക്ക് സാധിക്കില്ല….
കുഞ്ഞിൻറെ ജീവനും സമയവും തമ്മിലുള്ള ബന്ധം അറിയാവുന്ന പിതാവ്  കരഞ്ഞുപോയിരിക്കണം…..
തിരക്കിനിടയിൽ സ്വന്തം വാച്ച് അമ്മയുടെ മാല എന്നിവയൊന്നും കയ്യിലെടുക്കാഞ്ഞതോർത്ത് സ്വയം ശപിച്ചിരിക്കും…..
പണയമായി പോലും ഒന്നും നൽകാനില്ലാത്തവൻറെ നിസ്സഹായത…..
ഉത്കണ്ഠയോടെ  എപ്പോഴെങ്കിലും വരാവുന്ന അടുത്ത  ബസിൽ അളിയനെ പ്രതീക്ഷിച്ച് ………..
ഒരു വട്ടം കൂടി ഫാർമസിസ്റ്റിൻറെ കരുണയ്ക്കായി പ്രാർഥിച്ചു….
ചേട്ടാ മരുന്ന തന്നിട്ട് നിങ്ങൾ എന്നെ ഇതികത്ത് അടച്ചിട്ടോ……..പണം തന്നിട്ട് വിട്ടാമതി….എൻറെ കൊച്ച് മരിച്ചുകൊണ്ടിരിക്കുകയാണ്……
യാന്ത്രികമായ നിസംഗതയോടെ അയാൾ പറഞ്ഞു……
എൻറെ ചേട്ടാ ….ഞാനിതൊക്കെ സ്ഥിരം കേൾക്കുന്നതാ…..ഞാൻ കട അടയ്ക്കാൻ പോവുകയാണ്…..ചേട്ടൻ കാശുകൊണ്ടു വന്നാൽ മരുന്ന് തരാം…..
എന്ന് പറഞ്ഞ് അയാൾ കട അടയ്ക്കാനുള്ള ശ്രമം തുടങ്ങി….പുറത്ത് വച്ചിരിക്കുന്ന മരുന്നൊക്കെ അകത്തേക്ക് എടുത്തു വച്ചു തുടങ്ങി….
മരുന്ന് ഏതെന്നറിയാമെങ്കിൽ എടുത്തുകൊണ്ട് ഓടാമായിരുന്നു….
പിന്നീട് എന്നോട് പിതാവ് പറഞ്ഞത്……
എൻറെ ഒരു മോൻ മരിച്ചു……കയ്യിൽ പണമില്ലാത്തതുകൊണ്ട് അടുത്തമോനും മരിക്കാൻ പോകുന്നു…..
സ്വന്തം മരണം മുന്നിൽ കാണുന്നതിനേക്കാൾ അദ്ദേഹം വേദനിച്ചിട്ടുണ്ടാകും…..
ഫാർമസിസ്റ്റ് കടയുടെ ഷട്ടറിൽ കൈവച്ചപ്പോൾ പിതാവ് കണ്ണീരെഴുക്കിക്കൊണ്ട് ഇടറുന്ന ശബ്ദത്തോടെ അലറി
എൻറെ കൊച്ചിൻറെ മരുന്ന് താടാ……
അത് കേട്ടതായി ഭാവിക്കാതെ അയാൾ ഷട്ടർ താഴ്ത്താൻ തുടങ്ങി…..
പിതാവിൻറെ അലർച്ചകേട്ടായിരിക്കണം റോഡിലൂടെ പോയ ഒരാൾ കടയിലേക്ക് വന്നു……
അയാൾ ഫാർമസിറ്റിനോട് ചോദിച്ചു……എന്താ തോമസേ കാര്യം…..
ഇയാൾക്ക് മരുന്നു വേണം കയ്യിൽ കാശില്ല, അത് തന്നെ…കാര്യം…നമ്മളിതെത്ര കണ്ടതാ…..വല്ല ഒന്നോ രണ്ടോ രൂപയാണെങ്കി വേണ്ടില്ല ഇത് നല്ല വിലയുള്ള മരുന്നാ….
അയാൾ പറഞ്ഞു…..
തോമസേ നീയാ മരുന്ന് കൊടുക്ക്… അയാള് തന്നില്ലെങ്കിൽ നാളെ ഞാൻ തരും പൈസ….
ചേട്ടൻ പറഞ്ഞാപ്പിന്നെ എനിക്കെന്നാ…..തന്നില്ലെങ്കി ചേട്ടൻ മുതലാളിയോട് പറഞ്ഞോ….എന്നൊക്കെ പിറുപിറുത്ത് അയാൾ ഷട്ടർഉയർത്തി മരുന്ന് എടുത്തു കൊടുത്തു…..
മരുന്ന് കിട്ടിയപാടേ ആശുപത്രിയിലേക്ക് ഓടിയിരിക്കണം……
എന്തായാലും പിതാവ് എന്നോട് പറഞ്ഞിട്ടുള്ളത് ഞാനാമനുഷ്യൻറെ  മുഖം ഓർക്കാൻ എത്ര ശ്രമിച്ചിട്ടും പറ്റിയിട്ടില്ല എന്നാണ്……
ആ വീണു കിടക്കുന്നവന് ആരാണ് അയൽക്കാരൻ ആയത് എന്ന ചോദ്യത്തിന് ആ ശമരിയാക്കാരൻ എന്നവർ ഉത്തരം പറഞ്ഞു….


2013 ജൂലൈ 11, വ്യാഴാഴ്‌ച

    കൊല പ്രണയം മരണം 

        അഥവാ  

 കൊലപാതകിയുടെ മരണം…..

ആ ഇരിക്കുന്നതാണ് രാധ….
വീടിൻറെ ഉമ്മറക്കോലായിൽ അവൾ താടിക്ക് കൈയ്യും കൊടുത്ത് റോഡിലേക്ക് നോക്കി ഇരിക്കുകയാണ്….
മകൻ അകത്ത് കളിക്കുന്നു…
സമയം വൈകിട്ട് ആറ്മണി….സന്ധ്യ ആകാൻ തുടങ്ങുന്നു….
അവൾ പ്രതീക്ഷിക്കുന്നത് പ്രഭാകരൻ ചേട്ടനെ ആണ്…
സത്യത്തിൽ പ്രഭാകരനെയല്ല അയാളുടെ കൈയിൽ ഉണ്ടായേക്കാവുന്ന പൊതിയാണ്….
അകത്ത് കളിക്കുന്ന മകൻ അധികം കഴിയാതെ കളിനിറുത്തുമെന്നും അമ്മേ എനിക്ക് വിശക്കുന്നു എന്നും പറയുമെന്ന് അവൾക്കറിയാം
ഖലീഫാ ഉമറിൻറെ കഥയിലേപ്പോലെ കലത്തിൽ വെറുതേ വെള്ളം അടുപ്പത്ത് വെച്ചിട്ട് ഭക്ഷണം ഇപ്പോൾ തയ്യാറാകും എന്ന് നുണ പറയാനൊന്നും അവൾക്കറിയില്ല..അല്ലെങ്കിൽ തന്നെ ആ നുണ എത്രനേരം നിൽക്കും..
അവളുടെ പ്രതീക്ഷ പ്രഭാകരൻ ചേട്ടനിലാണ്,എന്നല്ല അയാളിൽ പ്രതീക്ഷവയ്ക്കുകയല്ലാതെ അവൾക്ക് ഒരു മാർഗവുമില്ല....
അവളുടെ ഭർത്താവ് ഒരു കൊലക്കുറ്റത്തിൽപെട്ട് ജീവപര്യന്തം തടവിലാണ്…
കൊന്നതോ അവളുടെ സ്വന്തം ആങ്ങളയെ……
മനപൂർവമല്ല, ഒന്നും രണ്ടും പറഞ്ഞ് വഴക്കായി ഉന്തും തള്ളുമായി….ഒരു കൈമ്പിന് ഒറ്റയടി..അയാൾ ചത്തുംപോയി……സ്ത്രീധന കുടിശ്ശിഖ ആയിരുന്നു പ്രശ്നം
അവനത്രയേ ആയുസ്സുണ്ടായിരുന്നിരിക്കുള്ളൂ…..എന്തായാലും സംഗതി കഷ്ടമായി..ഒരുത്തൻ ചത്തുംപോയി മറ്റയാള് ജയിലിലുമായി…..

അയൽവക്കകാരുടെ സഹതാപമൊക്കെ കുറച്ചുദിവസത്തെ സഹകരണത്തിൽ അവസാനിച്ചു….
പിന്നെ ഏക ആശ്രയം പ്രഭകരൻ ചേട്ടനാണ്, ഭർത്താവിൻറെ കൂട്ടുകാരൻ… അയാളാണ് അവർക്ക് വേണ്ടത് വല്ലപ്പോഴും വാങ്ങി കൊടുക്കുന്നത്….
ഞാൻ നിങ്ങളോട് ഒരു സ്വകാര്യം പറയാം ….അധികം കഴിയാതെ അവര് തമ്മിൽ പ്രണയത്തിലാകും….പ്രഭാകരന് വേറേ ഭാര്യയും കുട്ടികളുമൊക്കെയുണ്ട് ..എങ്കിലും ഇത് അയാൾഒരു രണ്ടാം കുടുംബമായി കൊണ്ടുനടക്കും…..
അപ്പോൾ രാധയുടെ ഭർത്താവ് ജയിലിൽ നിന്നുവരുമ്പോഴോ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും…..
എനിക്കും അക്കാര്യത്തിൽ അത്ര നിശ്ചയം പോരാ…..വരുംപോലെ വരട്ടെ…..
ദാ ഇപ്പോ രാധയുടെ മുഖത്ത് സന്തോഷം വിടരുകയും അവൾ ബഹുമാനത്തോടെ എഴുനേറ്റ് നിൽക്കുകയും ചെയ്തതിൽനിന്ന് പ്രഭാകരൻ വന്നു എന്ന് നമുക്ക് ഊഹിക്കാം…..
പ്രഭാകരൻ ചോദിച്ചു-മോനെന്ത്യേ…
അവൻ അകത്തിരുന്ന് കളിക്യാണ്…ചേട്ടനിരിക്ക് ഞാൻ ഒരു കട്ടനെടുക്കാം…
രാധ പൊതികളുമായി അകത്തേക്കുപോകുമ്പോ പ്രഭാകരൻ വിളിച്ചുപറഞ്ഞു

ആ പൊതിക്കകത്ത് കാപ്പിപ്പൊടിയും പഞ്ചസാരയുമൊക്കെ ഉണ്ട്…
സത്യത്തിൽ ഇത് ആത്മബന്ധമാണ്……ആവീട്ടിൽ ഒരുനുള്ള് കാപ്പിപ്പൊടിയോ പഞ്ചസാരയോ ഉണ്ടായിരുന്നില്ല.എന്നിട്ടും കാപ്പിഎടുക്കാം എന്ന് രാധ പറയുന്നത് പ്രഭാകരൻ കൊണ്ടുവന്ന പൊതിയിൽ അവ ഉണ്ടാകും എന്ന ഉറപ്പിലാണ്…..
അവർതമ്മിൽ പ്രണയമായിക്കഴിഞ്ഞു എന്നതിന് വേറെ തെളിവൊന്നും വേണ്ട ..ഇനി നമുക്കറിയേണ്ടത് ഈ പ്രണയം അടച്ചിട്ട മുറിയിലെ കയറുകട്ടിലിലേക്ക് എപ്പോഴാണ് വളരുന്നത് എന്നുമാത്രമാണ്….നമ്മൾ മലയാളികൾക്ക് അടച്ചിട്ട മുറിയിലെ ഇരുട്ടിലേക്ക് ഒളിഞ്ഞുനോക്കുന്നത് ഹരമുള്ള സംഗതിയാണല്ലോ..
ഇപ്പോഴെന്തായാലും അങ്ങിനെയൊന്നും സംഭവിച്ചിട്ടില്ല …..
ഇവരെ ഇവിടെവിട്ട് നമ്മൾ ജയിലിലേക്ക് പോവുകയാണ് .രാധയുടെ ഭർത്താവ് അവിടെയാണല്ലോ.ഓ ഇതുവരെ അയാളുടെ പേര് പറഞ്ഞില്ലല്ലോ. രാഘവൻ എന്ന് അയാൾക്ക് പേരിട്ടുകളയാം...  അവിടത്തെ സ്ഥിതി എന്താണെന്നറിയാം…
ഇപ്പോഴവിടെ കുറേ സ്ക്കൂൾകുട്ടികൾ ജയിൽ സന്ദർശിക്കാൻ വന്നിരിക്കുകയാണ്.കാഴ്ചബംഗ്ലാവും മൃഗശാലയുംപോലെ സന്ദർശിക്കേണ്ട സ്ഥലമാണല്ലോ ജയിലും….
സിനിമയിലേപ്പോലെയാണ് ദൃശ്യങ്ങൾ….ഓരോ തടവുകാരനും വാതിലഴികളിൽ മുഖംചേർത്ത് ജയിലിലെ നീണ്ട ഇടനാഴിയിലേക്ക് മിഴിനട്ട് നിൽക്കുന്നു….പുറം ലോകത്തേക്കുള്ള അവരുടെ ഏകവാതിൽ ആ അഴികൾക്കിടയിലുള്ള വിടവാണ്…..(സത്യത്തിൽ സംഗതികൾ ഇപ്പോൾ അങ്ങിനെയൊന്നുമല്ല …..ജയിലൊക്കെ പരിഷ്ക്കരിക്കപ്പെട്ടുപോയില്ലേ….)
കലപില ശബ്ദത്തോടെ പോകുന്ന കുട്ടികൾ…….
അതിനിടയിൽ പിറകിൽ നിൽക്കുന്ന ഒരധ്യാപകൻറെ ശബ്ദം നമുക്ക് കേൾക്കാം
ആരോടും ഒന്നും മിണ്ടാനും പറയാനും നിൽക്കണ്ട ഒക്കെ കൊലപ്പുള്ളികളാ…….
നിരനിരയായി പോകുന്നകുട്ടികളെനോക്കി ഒരു ജയിൽപുള്ളി ചോദിച്ചു
നിങ്ങളേത് സ്ക്കൂളീന്നാ മക്കളെ….
മൗനം മറുപടി
മറ്റൊരാൾ ചോദിച്ചു മോനേ,നിൻറെ പേരെന്താ……
അതിനും മറുപടി മൗനമായിരുന്നു..
സഹികെട്ട് മറ്റൊരാൾ ചോദിച്ചു
നിങ്ങക്കെന്താ ചെവീം വായും ഒന്നുല്ലേ……
അതൊരു പൊട്ടിത്തെറിയാണ്…കൊലപാതകികളോട് സമൂഹം പുലർത്തുന്ന അകൽച്ചയോടും വെറുപ്പിനോടുമുള്ള പ്രതിഷേധം
ഇപ്പോൾ ഒരു ഉദ്യോഗസ്ഥൻ വന്ന് അയാളെ വിളിച്ചുകൊണ്ടുപോകുന്നുണ്ട്…  പോകുന്നത് രാധയെകാണാനാണ്….. അയാളുടെ മുഖത്തെ ഭാവം കണ്ടാലറിയാം അയാൾ വളരെ സന്തോഷവാനാണെന്ന്…….
വന്നത് രാധയും പ്രഭാകരനും കൂടിയാണ്….
ആദ്യത്തെ കുശലപ്രശ്നംകഴിഞ്ഞപ്പോൾ പ്രഭാകരൻ മാറിനിന്നു….
രാധയും രാഘവനും എന്തങ്കിലുമൊക്കെ സംസാരിച്ചുകാണും…. എന്തായാലും തിരികെ നടക്കുമ്പോൾ രാഘവൻ ചാന്താക്ലാന്തനായിരുന്നു…..
ഇനിഎത്രനാൾ കഴിഞ്ഞാലാണ് അവളെ ഒന്നു കാണാൻ കഴിയുക എന്നതോ ജീവപര്യന്തത്തിലെ ബാക്കികാലം ഈ ജയിലിൽ തന്നെ കഴിയണമല്ലോ എന്നതോ ഒക്കെ ആകാം ആയാൾ ചിന്തിച്ചിരുന്നത് എന്ന് സാധാരണക്കാർക്ക് ചിന്തിക്കാം…..പക്ഷേ അയാളുടെ ചിന്ത രാധ പറഞ്ഞ ഒരു വാചകത്തിൽ ഉടക്കി നിന്നതാണ്…….
ആകെ പ്രഭാകരേട്ടൻ മാത്രമാണ് ഒന്ന് സഹായിക്കാനുള്ളത്…… എന്നാണ് രാധപറഞ്ഞത്…. 
ഇപ്പോ ഇതുവായിക്കുന്ന(അല്ല ആരെങ്കിലും വായിച്ചാൽ….)കുബുദ്ധികൾ വിചാരിക്കും പ്രഭാകരൻ എന്തോക്കെ സഹായം അവൾക്കു ചെയ്തുകൊടുക്കുന്നുണ്ടാകും എന്നോർത്താണ് അയാൾ വ്യാകുലപ്പെട്ടതെന്ന്…
സത്യത്തിൽ എനിക്കും അങ്ങിനെയാണ് തോന്നുന്നത്……അയാളുടെ മനസിൽ സംശയത്തിൻറെ ഒരു തീപ്പൊരി വീണുകഴിഞ്ഞു…….
മനുഷ്യർക്ക് പ്രായമാകാൻ ഒരുകൊല്ലം വേണമല്ലോ….പക്ഷേ എഴുത്തുകാർക്ക് ഒറ്റവരികൊണ്ട് എത്രകൊല്ലം വേണമെങ്കിലും ചാടിക്കടക്കാം……
കൊല്ലം പത്ത് പന്ത്രണ്ട് കഴിഞ്ഞു……
കഥ തുടങ്ങുമ്പോ അകത്തിരുന്ന് കളിച്ചിരുന്ന പയ്യന് ഇപ്പോ ഇരുപത്തിരണ്ട് വയസായി……
മനസുനിറയെ സമൂഹത്തോടുള്ള വിദ്വേഷവും ഭാര്യയെകുറിച്ചുള്ള സംശയങ്ങളുമായി രാഘവൻ തിരിച്ചുവന്നിരിക്കുന്നു…
സമൂഹം രാഘവനെ പുശ്ചത്തോടെയാണോ ഭയത്തോടെയാണോ കാണുന്നതെന്ന് രാഘവന് മനസിലായില്ല …..
എന്തായാലും ഭയപ്പെടുത്തുന്നത് വളരെ എളുപ്പമാണെന്നയാൾക്ക് ഒരു സന്ദർഭത്തിലൂടെ മനസിലായി…
ഇനി കടംതരില്ല എന്ന് തീർത്തു പറഞ്ഞ കടക്കാരനോട് മേശപ്പുറത്ത് കയ്യിടിച്ച് ഒന്ന് ഉറക്കെ സംസാരിച്ചതേ ഉള്ളൂ……കടക്കാരൻ ആവശ്യപ്പെട്ട സാധനം എടുത്ത് കൊടുത്തു…..
രാഘവൻ തന്നെ അത്ഭുതപ്പെട്ടുപോയി……സംഗതി കൊള്ളാമെന്നയാൾക്കു തോന്നി…..എന്നല്ല അതൊരു സ്ഥിരം പരിപാടിയാക്കാനയാൾ തീരുമാനിച്ചു….
എല്ലാവർക്കും മനസിലാകുന്നതുപോലെ രാധ പ്രഭാകര പ്രണയം പ്രതിസന്ധിയിലായി…
ഞാൻ വിചാരിച്ചത് ഭർത്താവ് തിരിച്ചുവന്നപ്പോൾ രാധ പ്രഭാകരനുമായുള്ള ബന്ധമൊക്കെ ഉപേക്ഷിച്ച് ഭർത്താവിനോട് പറ്റിച്ചേരുമെന്നാണ്…..
അവൾക്ക് അതിൻറെ കാര്യമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് എൻറെ അഭിപ്രായം…ഇനി കാര്യങ്ങളൊക്കെ നോക്കാൻ ഭർത്താവുണ്ടല്ലോ……
പക്ഷേ രാധയ്ക്ക് അങ്ങനെ ചിന്തിയ്ക്കാൻ പറ്റിയില്ല……ചിലപ്പോ പ്രേമം അങ്ങനെയൊക്കെ ആയിരിക്കും……

വിവരക്കേട്തന്നെ…..കാശിനാവശ്യമില്ലെങ്കിൽ പിന്നെ പ്രേമം കൊണ്ടുനടക്കേണ്ട വല്ല കാര്യവുമുണ്ടോ….

എന്തായാലും രാധ ചെകുത്താനും കടലിനും…അല്ല ഭർത്താവിനും കാമുകനും…. ..സാഹിത്യഭാഷയിൽ പറഞ്ഞാൽ ക്രൂരനായ ഭർത്താവിനും സാധുവായ കാമുകനും ഇടയിൽപെട്ടു…..
രാഘവനിൽ ഇതിനകം വ്യക്തമായ ജൈവീക പരിണാമങ്ങൾ സംഭവിച്ചുകഴിഞ്ഞിരുന്നു… ഭീഷണിയുടേയും ക്രൂരതയുടേയും സാധ്യതകൾ അയാൾ ഇതിനകം മനസിലാക്കി കഴിഞ്ഞിരുന്നു..
സമയവും കാലവുമില്ലാതെ തോന്നുമ്പോൾ ഭാര്യയെ ഭോഗിക്കുക അതിനിടയിൽ മനപൂർവമായി അവരെ വേദനിപ്പിക്കുക,പണത്തിനാവശ്യം വരുമ്പോൾ ആരുടെയെങ്കിലും പോക്കറ്റിൽ നിന്ന് പണം ബലമായി എടുക്കുക എന്നതൊക്കെ അയാൾക്ക് ഒരു ഹരമായി മാറി….
രാധാ പ്രഭാകര ബന്ധം പ്രണയത്തിൻറെ ഒരു നീഹാരമായി തുടർന്നിരിക്കാം…ആളൊഴിഞ്ഞ ഇടവഴികളിലും വിജനമായ റബർതോട്ടങ്ങളിലും അവരുടെ പ്രണയം പൂത്ത് തളിർത്തിരിക്കാം….എതിർപ്പ് ശക്തമാകുമ്പോഴാണല്ലോ പ്രണയത്തിന് മുറുക്കം കൂടുക ….
ഒരുപക്ഷേ രാധ, തന്നെ പീഢിപ്പിക്കുന്ന ഭർത്താവിനെ വഞ്ചിക്കുന്നതിൽ ഒരു രസം കണ്ടെത്തിയിരിക്കാനും മതി….
ആളുകളെ കുനിച്ചു നിറുത്തി പുറത്ത് മുട്ടുകൈകൊണ്ട് ഇടിക്കുന്നത് രസകരമായ ഒരു പരിപാടിയായി രാഘവന് തോന്നി …അത് ഭാര്യയിൽ തന്നെ ആദ്യം പ്രയോഗിക്കാനും രാഘവൻ തീരുമാനിച്ചു….അതിനാകട്ടെ രാധ പ്രഭാകര ബന്ധം കാരണവുമായി…..
ഒരുനാൾ രാഘവൻ തൻറെ മർദന രീതികൾ ഭാര്യയിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു….എവിടെ തൊഴിച്ചാലാണ് അവൾ ഏറ്റവും ഉറക്കെ കരയുക എങ്ങിനെ ഇടിച്ചാലാണ് അവൾ ഏറ്റവും ദൂരേക്ക് തെറിച്ചുവീഴുക എന്നിത്യാദി കാര്യങ്ങളിൽ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു കക്ഷി…
മുറിയിൽ മൗനമായിരുന്ന മകൻ ശാന്തനായി എഴുനേറ്റ് വന്നിട്ട് രാഘവനെനോക്കി പറഞ്ഞു….ഇനി അമ്മയെ തല്ലരുത്
നാട്മുഴുവൻ വിറപ്പിക്കുന്ന രാഘവൻ സ്വന്തം മകൻറെ മുമ്പിൽ ഭയപ്പെടുകയോ……
അയാൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു…ഞാൻ ചിലപ്പോ തല്ലും  ചിലപ്പോ കൊല്ലും നീ ആരെടാ ചോദിക്കാൻ….
അപ്രതീക്ഷിതമായി ഉറച്ചശബ്ദത്തിൽ മകൻ അലറി….
….ഇനി അമ്മയെ തല്ലരുത്…..
പ്രിയപ്പെട്ടവരേ…ഇവിടെ കാര്യങ്ങൾ വിലയിരുത്തുന്നതിൽ രാഘവന് തെറ്റിപ്പോയി….
മകൻ പറഞ്ഞത് പത്തുമാസക്കാലം അവന് ശ്വാസം നൽകിയ പൊക്കിൾ കൊടിയുടേയും പിന്നീടേറെക്കാലം അവൻ രുചിച്ച അമ്മിഞ്ഞപ്പാലിൻറേയും ശക്തിയിലാണെന്ന് പാവം രാഘവൻ തിരിച്ചറിഞ്ഞതേയില്ല …
അയാൾ ജയിലിൽ വച്ചു കണ്ടുപഠിച്ച ഒരു മർദന രീതി , ഇരയുടെ തല സ്വന്തം കാലുകൾക്കിയയിൽ തിരുകി വച്ചിട്ട് പുറത്ത് മുഷ്ടി ചുരുട്ടി ഇടിക്കുന്ന പരിപാടി ഭാര്യയിൽ പരീക്ഷിക്കുക ആയിരുന്നു…
വലതുകൈ മുഷ്ടി വായുകടക്കാത്തവണ്ണും മുറുക്കി പിടിച്ച് അയാൾ കുനിഞ്ഞുനിൽക്കുന്ന ഭാര്യയുടെ മുതുകിൽ നോക്കി ആവേശത്തോടെ ഒരു ഇടി പാസാക്കി…..
മൺകുടത്തൻറെ വായിൽ കൈപ്പത്തികൊണ്ട് അടിച്ചാൽ ഉണ്ടാകുന്നപോലൊരു ശബ്ദം ആ സാധു സ്ത്രീയുടെ വായിൽ നിന്ന് പുറത്ത് വന്നു…..
ഇവിടം മുതൽ കാര്യങ്ങൾ മാറി മറിയുകയാണ്…..ഭ്രാന്തു പിടിച്ചപോലെ മാനുവൽ-മകൻ-പാഞ്ഞ് ചെന്ന് അപ്പനെ ഒറ്റ ഇടി .അപ്രതീക്ഷിതമായ ആഘാതത്തിൽ രാഘവൻ തെറിച്ചുവീണു…
.അണച്ച് ശ്വാസം കിട്ടാതെ ആകുവോളം മാനുവൽ അപ്പനെ ചവിട്ടിയും തൊഴിച്ചും കൊണ്ടിരുന്നു…
മകൻറെ ആക്രമണത്തിൽ താൻ മരിച്ചുപോകാൻ ഇടയുണ്ടെന്നുമനസിലായ രാഘവൻ ഇഴഞ്ഞും മുട്ടുകുത്തിയും അവിടുന്ന് രക്ഷപെടാൻ ശ്രമിച്ചു….
ജീവൻ രക്ഷിക്കാനുള്ളവൻറെ ശ്രമത്തിന് ജീവനെടുക്കാനുള്ളൻറെ ശ്രമത്തേക്കാൾ സാധ്യത കൂടുമല്ലോ..
സ്വന്തം ആയുസുമായി രാഘവൻ മുടന്തി മുടന്തി വീടിനുപുറത്തുള്ള ഇരുട്ടിൽ ലയിച്ചു….
ഈ കഥ ഇനി സ്ലോ മോഷനിൽ കൊണ്ടുപോകാൻ എനിക്ക് താൽപര്യമില്ല വായിച്ച് നിങ്ങളും എഴുതി ഞാനും മടുത്തുതുടങ്ങി…
രാധയും മകനും അവളുടെ വീട്ടിലേക്കുപോയി……
രാഘവൻ തനിച്ചായിപ്പോയി…..
ജീവിതത്തിൽ തനിച്ചായിപോകുന്നത് നല്ലതോ ചീത്തയോ എന്ന് തിരിച്ചറിയാൻ കഴിയാകത്തവണ്ണം രാഘവൻ മാറിപ്പോയിരുന്നു…

രാഘവൻറെ ഭീഷണികളും ഭയപ്പെടുത്തലും ചില ചെറുപ്പക്കാർ പ്രതിരോധിച്ചു തുടങ്ങി
മകൻറെ മുമ്പിലെ തോൽവി അയാളുടെ ആത്മവിശ്വാസം ചോർത്തിക്കളയുകയും ചെയ്തു..
തോറ്റുപോയ ഗുണ്ടയ്ക്ക് ഒരു തിരിച്ചുവരവ് അസാധ്യമാണെന്ന് രാഘവന് മനസിലായില്ല….
എന്നിട്ടും അയാളുടെ മനസിൽ കയറിക്കൂടിയ മർദകനെ അയാൾക്ക് പറിച്ചെറിയാനായില്ല
വീട്ടിലെ വളർത്തു പശുവിൽ അയാൾ സ്വന്തം മർദകസ്വഭാവം പരീക്ഷിച്ചുകൊണ്ടിരുന്നു….
തൊഴുത്തിൽ കെട്ടിയിട്ട പശുവിനെ എന്തെങ്കിലും കാരണമുണ്ടാക്കി അയാൾ മർദിക്കുന്നത് പതിവായി…
എതുഭാഗത്ത് എങ്ങനെ ഇടിച്ചാലാണ് പശു ഏറ്റവും ദീനമായി കരയുന്നത് എന്ന് അയാൾ പരീക്ഷിച്ചുകൊണ്ടിരുന്നു
പശു എത്ര ഉറക്കെ കരയുന്നുവോ അതനുസരിച്ച് അയാൾക്ക് സന്തോഷം കൂടിവന്നു….
ക്രമേണ മർമം നോക്കി ഇടിക്കുന്നതിൽ അയാൾ ഒരു വിദഗ്ദ്ധനായി എന്നുതന്നെ പറയാം
അപ്പോഴേക്കും ആ പാവം മൃഗം അതിൻറെ ആയുസ് വെടിഞ്ഞിരുന്നു..
.
.
.ഇത് ക്രിസ്മസ് പകൽ……
നാം രാധയുടെ വീട്ടിലാണ്.
അമ്മയുടെ നിർബന്ധത്തിനുവഴങ്ങി മാനുവൽ അപ്പനുവേണ്ടി അപ്പവും ഇറച്ചിക്കറിയും കൊണ്ടുപോകാൻ ഒരുങ്ങുകയാണ്…
എത്രആയാലും അപ്പനല്ലേടാ എന്ന രാധയുടെ ചോദ്യത്തിനു മുമ്പിൽ അവൻ വഴങ്ങിപ്പോയതാണ്……
ഇനി രാഘൻറെ വീട്ടിലേക്ക്  മാനുവലിൻറെ കൂടെ…
മാനുവൽ അവിടെചെല്ലുമ്പോൾ വാതിൽ അടച്ചിരിക്കുന്നു..പിൻ വശത്തെ വാതിലും കുറ്റിയിട്ടിരിക്കുന്നു…..
അപ്പാ അപ്പാ എന്ന് പലവട്ടം വിളിക്കുന്നു…..വാതിൽ തുറക്കുന്നില്ല…..
ഈ കാർന്നോരെന്താ ചത്ത് കിടക്വാണോ എന്ന് മകൻ സ്വയം ചോദിച്ചുപോകുന്നു
ഇപ്പോ നിങ്ങൾ ഊഹിച്ചുകാണും അപ്പൻ അതിനകത്ത് മരിച്ചുകിടക്കുകയാകാൻ സാധ്യതയുണ്ട് എന്ന് ……

അത് ശരിയാണ് ….രാഘവൻ മരിച്ചുകിടക്കുകയാണ്…പക്ഷേ അത് പാവം മാനുവലിന് അറിയില്ലല്ലോ…

ദേഷ്യം വന്ന അവൻ കതക് ചവിട്ടി പൊളിക്കുകയാണ്…..
അവൻറെ അപ്പൻ അതിനകത്ത് കിടന്ന് മരിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു……
ശരീരത്തിലെമ്പാടും വെളുത്ത പുഴുക്കൾ ഇഴഞ്ഞുനടക്കുന്നു…..
വായിലും മൂക്കിലും കണ്ണിലുമൊക്കെ കുഴികക്കൂസിലെ പോലെ പുഴുക്കൾ ഞുളയ്ക്കുന്നു….

അയ്യോ എന്ന ആരാർത്തനാദം മാത്രം മാനുവലിൻറെ വായിൽ നിന്ന്…….

രാഘവൻ പുഴുത്തു ചത്തു എന്നല്ല ചത്തുപുഴുത്തു എന്ന് പറഞ്ഞ് കഥ അവസാനിപ്പിക്കാം…….


ചിത്രങ്ങൾ ഹോമർ .ആർ എൻ ൻറെ അനുവാദമില്ലാതെ ചൂണ്ടിയത്