ആൾദൈവങ്ങൾ ഉണ്ടാകുന്നത്………..
ലക്ഷ്മിക്കുട്ടി എന്നായിരുന്നിരിക്കണം
പേര് എല്ലാവരും എച്ചുക്കുട്ടി എന്നുവിളിച്ചു….മേൽജാതിക്കാരുടെ
ലക്ഷ്മി, പട്ടിക ജാതിക്കാരിക്ക് എച്ചുവാണല്ലോ……
നൊസ്സെന്നോ വട്ടെന്നോ
പറയാവുന്ന പ്രത്യേകത ഉണ്ടായിരുന്നു എച്ചുവിന്……കൗമാരത്തിൽ എങ്ങോട്ടോ പുറപ്പെട്ടുപോയി…..
നാൽപ്പത് വയസ്സോളം
ആയപ്പോ ചുറ്റിത്തിരിഞ്ഞ് ചോറ്റാനിക്കര അമ്പലത്തിൽ വന്നുപെട്ടു….നൊസ്സ് കുറച്ചു കൂടി….(ഇത്തരക്കാരുടെ
ഒരു അഭയസ്ഥാനമാണ് ചോറ്റാനിക്കര ക്ഷേത്രം)
അച്ഛനും അമ്മയും മരിച്ചു……സ്വന്തം
കുടിൽ ദ്രവിച്ച് വീണ് നശിച്ചുപോയി….പൈതൃകമായ ഒന്നര ഏക്കറോളം ഭൂമി കാടായി വളർന്നു….
ഇതൊന്നും അറിയാതെ
എച്ചുവും അവളുടെ നൊസ്സും വളർന്നു….
ബോധാബോധങ്ങളുടെ ഇടയ്ക്കെപ്പോഴോ
എച്ചു സ്വന്തം ബാല്യകൗമാരങ്ങളെ തിരിച്ചറിഞ്ഞിരിക്കണം…..
ഒരുനാൾ ഞങ്ങൾ നാട്ടുകാരെ
ഞെട്ടിച്ചുകൊണ്ട് എച്ചുവും കൂടെ മറ്റൊരു സ്ത്രീയും എച്ചുക്കുട്ടിയുടെ പുരയിടത്തിൽ താമസം
തുടങ്ങി……..
രണ്ടുപേർക്കും സാമാന്യം
നല്ല വട്ട്…
ഇടിഞ്ഞുവീണ മാടത്തിൻറെ
ഇനിയും നശിക്കാത്ത തറയിലിരുന്ന് മന്ത്രമെന്നപോലെ എന്തൊക്കെയോ പുലമ്പുന്നു…..
സൗഖ്യം അന്വേഷിക്കാൻ
ചെന്ന കോളനിയിലെ പട്ടികജാതി സ്ത്രീകളോട് അവർക്ക് മനസിലാകാത്ത ഭാഷയിൽ എന്തെക്കെയോ പറഞ്ഞു…….പൂവും
ഇലകളുമൊക്കെ അവരുടെ നേരേ വാരി എറിഞ്ഞു…..(ക്ഷേത്രത്തിലെ വാസക്കാലത്ത് കണ്ട് മനസിൽ പതിഞ്ഞുപോയതായിരിക്കും)
സഹതാപം തോന്നിയ അയൽക്കാരിപെണ്ണുങ്ങൾ
ഊഴമിട്ട് രണ്ടുപേർക്കും ഭക്ഷണം കെടുത്തു തുടങ്ങി…..
സ്ഥിരമായി ഇവർപറയുന്ന
സംസ്കൃതം (അതുപോലെന്തോ)കേട്ട കോളനി പെണ്ണുങ്ങൾക്ക് ഇവർ പറയുന്നതിലെന്തോ കാര്യമുണ്ടാകാം
എന്നു തോന്നിത്തുടങ്ങി……
പിന്നെ പിന്നെ ഒറ്റയ്ക്ക്
ചെന്ന് അവരുടെ സ്വകാര്യദുഖങ്ങൾ എച്ചുവിനോടും കൂട്ടുകാരിയോടും പറയാൻ തുടങ്ങി……സ്വകാര്യ
ദുഖങ്ങൾ പങ്കുവച്ചപ്പോഴുണ്ടായ ലാഘവത്തോടെ അവരൊക്കെ തിരിച്ചുപോയി……
അമ്മമാർ എന്നു വിളിപ്പേര്
വീണു….അമ്മമാർക്ക് ഭക്ഷണം നൽകാനും കാണാനും പട്ടിക ജാതി കോളനിയിലെ പെണ്ണുങ്ങൾക്ക് ഉത്സാഹമായി……
വെയിലും രാത്രിയും
തണുപ്പും കൂസാതെ അമ്മമാർ വെറും തറയിൽ നിലനിന്നു…….
കവലയിലെ ചായക്കടയിലും
നാട്ടുവർത്തമാനങ്ങളിലും ഇതൊരു വിഷയമായി….
വീട് പണിയാനും കല്യാണംനടത്താനും
കണിയാനെ തേടുമെങ്കിലും യുക്തിവാദികളായ ഈശ്വരവിശ്വാസികൾ ഇത് വെറും കോപ്രായമാണെന്ന് വിലയിരുത്തി….ഭാര്യമാരുടെ
തലയിണമന്ത്രത്തിൽ വീണുപോയ പട്ടികജാതിക്കാരാകട്ടെ അവരിലെന്തോ അത്ഭുത സിദ്ധി ഉണ്ടാകാം
എന്നും വാദിച്ചു…….(നമ്മടെ ജാതി മറക്കരുതല്ലോ!!!)
അന്തിമയങ്ങിക്കഴിഞ്ഞ്
വല്ലപ്പോഴും സംഘടിക്കുന്ന ചെറുപ്പക്കാരുടെ വെള്ളമടി സഭയിൽ നാട്ടിൽ നിലവിലുള്ള മിക്കവാറും
പരദൂഷണങ്ങൾ തല്ലിച്ചതച്ചതിനുശേഷം അമ്മമാർ കടന്നുവന്നു…..
സഭയിലുണ്ടായിരുന്ന
സവർണഹിന്ദു സടകുടഞ്ഞെണീറ്റ് ഇത്തരം അന്ധവിശ്വാസങ്ങൾക്കെതിരേ ഗർജിച്ച് അവസാന പെഗും കഴിച്ച്
സ്ഥലംവിട്ടു…..
സവർണൻറെ ആക്ക്രോശം
കണ്ട് കലികയറിയ മറ്റുള്ളവർ ഒരു തീരുമാനമെടുത്തു………നമുക്ക് അവനെക്കൊണ്ട് എച്ചുക്കുട്ടി
ദൈവമാണെന്ന് പറയിപ്പിക്കണം…..പിന്നേ…..അവൻറെ ഒരു യുക്തിവാദം….ചെറ്റ… കാണുന്ന സാമിമാരുടെ
മുഴുവൻ മുമ്പിൽ കുമ്പിടുന്നവനാ…. എച്ചുവിനോട് പുച്ഛം……..
പിറ്റേന്ന് മുതൽ കാര്യങ്ങൾ
ഉഷാറായി….
ആദ്യം അമ്മമാർക്ക്
ഒരു ഷെഡ് കെട്ടണം…..
ആ തൊടിയിൽ ധാരാളം
അടയ്ക്കാമരങ്ങൾ ഉണ്ട് ഒരെണ്ണം വെട്ടാം…..
ലക്ഷണമൊത്ത ഒരെണ്ണം
വെട്ടാൻ നിശ്ചയിച്ച് കാട് വകഞ്ഞുമാറ്റി ചെന്നപ്പോ അത് മുഴുവൻ പോടാണ് …കേട് ….ഏതു നിമിഷവും
നിലം പൊത്താം……മഴുവിന് രണ്ട് കൊത്ത് കൊത്തിയതേയള്ളു….മരം വീണു……
എല്ലാവരും ചേർന്ന്
അമ്മമാർക്ക് ഒരു കൂരയുണ്ടാക്കി കൊടുത്തു…..
കുരുത്തോലതൂക്കി സംഗതി
വെടുപ്പാക്കി…..
കവലയിലെ ബീഡിതെറുപ്പുകാരനായ
വർഗീസ് ചേട്ടനായിരുന്നു പ്രചാരണ പരിപാടിയുടെ മുഖ്യ ചുമതലക്കാരൻ…..
കക്ഷി അവിശ്വാസികളോട്
ദൃക്സാക്ഷി വിവരണം നൽകി.…ഞങ്ങൾ അമ്മമാർക്ക് അമ്പലമുണ്ടാക്കാനായി അടയ്ക്കാ മരത്തിൽ ഒന്ന്
തൊട്ടതേയുള്ളൂ…….വരച്ചവരേക്കൂടെ അടയ്ക്കാമരം വീണു…അമ്മമാരുടെ ഒരു ശക്തിയേ…..
പിന്നെ ചൊനപിടിക്കാത്ത
പശുവിന് ചൊന പിടിച്ചകഥ,സർപ്പദോഷം മൂലം ഉറക്കത്തിൽ കരയുന്ന കൊച്ചിൻറെ കരച്ചിൽ നിന്ന
കഥ ഇങ്ങനെ ഉള്ളതും ഇല്ലാത്തതുമായ കഥകൾ പൊടിപ്പും തൊങ്ങലും വച്ച് സംഘടിതമായി കവലയിൽ
വച്ച് കാച്ചിക്കൊണ്ടിരുന്നു…….
സംഗതി ഏറ്റു എന്നു
പറഞ്ഞാൽ മതിയല്ലോ…….അമ്മ എന്നപേര് പരിഷ്ക്കരിച്ച് എച്ചു ഭഗവതി എന്നാക്കാൻ സഹായകസംഘം
തീരുമാനിച്ചിരുന്നു..പിന്നെ പറച്ചിലെല്ലാം എച്ചു ഭഗവതി എന്നു ചേർത്തായി……
സംഭാവനകൾ ധാരാളമായി
വന്നു….നിരവധി അവശ്യക്കാർ ഭഗവതിയെ കാണാൻ എത്തിതുടങ്ങി…അമ്പലം പോലൊന്ന് മുമ്പിൽ കെട്ടിയുണ്ടാക്കി….
ഭക്തന്മാരുടെ എണ്ണം
ദിവസേന കൂടിവന്നു……..
അവർതന്നെ കൂടിച്ചേർന്ന്
ഒരു കമ്മറ്റിയും രൂപീകരിച്ചു…….
ഉത്സവം നടത്താൻ തീരുമാനിച്ചത്
അമ്പലക്കമ്മറ്റിയാണ്…..
ഉത്സാഹകമ്മറ്റി ഉണ്ടായി
…ആനയും എഴുന്നെള്ളത്തും വേണമെന്ന് തീരുമാനമായി…..ആനയെ സ്പോൺസർ ചെയ്യാനും ഒരു ഭക്തൻ
തയ്യാറായി…..
എച്ചു അമ്പലവും എച്ചു
ഭഗവതിയും ഫെയ്മസായിക്കഴിഞ്ഞു….
നാട്ടിലെ നായർപ്രമാണിമാർ
സന്ധ്യ മയക്കത്തിൽ എച്ചുഭഗവതിയെ കാണാൻ പോയിത്തുടങ്ങി…..
കൂട്ടത്തിൽ അന്ന്
ആക്രോശിച്ച യുക്തിവാദിയായ വിശ്വാസിയും…..
അടുത്ത വെള്ളമടി കമ്മറ്റി
വിഷയം ചർച്ചചെയ്തു……
ലക്ഷ്യം നേടിയ സന്തോഷത്തിൽ
സഭയിൽ ഇല്ലാത്ത സവർണ്ണനെ ആവോളം കളിയാക്കി ചിരിച്ചു….
ഉത്സവം ഗംഭീരമായി
തന്നെ നടന്നു…നോട്ടീസ് മൈക്ക് അനൗൺസ്മെൻറ് .ആന നെറ്റിപ്പട്ടം മുത്തുക്കുട മേളം പെട്ടിക്കടകൾ…….
അതുവരെ ഇതൊരു തമാശയായി
കണ്ടിരുന്ന പുരോഗമന പ്രസ്ഥാനങ്ങൾ ഉത്സവം നടന്നപ്പോഴേക്കും അപകടം മണത്തു……
അന്വേഷിച്ച് അവസാനം
വെള്ളംകുടി സഭയിൽ അന്വഷണം ചെന്നെത്തി…..
എല്ലവരേയും വിളിപ്പിച്ചു……എല്ലാവരും
പറഞ്ഞാൽ കേൾക്കുന്നവരാണ്…..
ഒരു ജോലി എല്ലവരേയും
ഏൽപ്പിച്ചു…എച്ചു .ഭക്തരുടെ വീടുകളിൽ ചെന്ന് ഉണ്ടായകാര്യം വിശദീകരിക്കണം…
അതോടൊപ്പം അനുഭാവികളോട്
എച്ചു അമ്പലത്തിൽ പോകരുതെന്നും നിർദേശിച്ചു…….
ക്രമേണ ഭക്തന്മാരുടെ
വരവു കുറഞ്ഞു…വരുമാനവും നിലച്ചു……
ഒരുനാൾ രണ്ടു ഭഗവതിമാരേയും
കാണാതെയായി…..
പട്ടിണി ആയപ്പോൾ ചോറ്റാനിക്കരയ്ക്കു
തന്നെ തിരിച്ചു പോയതാണ്…..
അങ്ങനെ രണ്ട് ആൾദൈവങ്ങളാണ്
അന്ന് അലസിപ്പോയത്…..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ