ഒരു സിംഹത്തിൻറെ കഥ
കവി സിംഹം മിന്നൽ
പി.ഡി. വർക്കി എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന
ഒരാളുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ…..
എൻറെ സ്ക്കൂൾ പഠന
കാലത്ത്,
കോട്ടുപോലൊരു വേഷവും
ധരിച്ച്
നാലാള് കൂടുന്നിടത്തും
നാൽക്കൂട്ടപ്പെരുവഴിയിലും സ്വയം അച്ചടിച്ച സ്വന്തം കവിത വിൽക്കുന്ന ഒരു കവി…..
“പി റ്റി ച്ചാക്കോ
പീച്ചിക്ക് പോയി” …….കവിസിംഹം മിന്നൽ പി ഡി വർക്കി… പത്തു പൈസ…
എന്ന് സ്വന്തം കവിതയോടൊപ്പം
ഇടക്കിടെ കാച്ചിക്കൊണ്ടിരിക്കും……
“പൊട്ടു കുത്തിയ പെണ്ണിനെക്കൊണ്ട്
പി റ്റി ച്ചാക്കോ
പീച്ചിക്കുപോയി”
എന്ന കവിത അക്കാലത്ത്
വളരെ പ്രശസ്തമായിരുന്നു….
മാർക്സിസ്റ്റ് പാർട്ടിയുടെ
ഏതോ സമ്മേളനത്തിൽ നിമിഷനേരംകൊണ്ട് മുദ്രാവാക്യ കവിതയുണ്ടാക്കി ഏതോ വലിയ നേതാവിൽ നിന്ന്
പ്രശംസ നേടിയിട്ടുണ്ട് പി റ്റി വർക്കി എന്നൊരു കഥയുണ്ട്…
സത്യത്തിൽ അദ്ദേഹം
കവി ആയിരുന്നോ അവസരവാദിയായിരുന്നോ വട്ടനായിരുന്നോ എന്ന് ഇന്നും എനിക്ക് മനസിലായിട്ടില്ല….
പി.ആർ ശിവനെ (എം.എൽ.എ.,സിപിഎം)
ചെന്നു കാണും…..പീ ആറിൻറെ കയ്യിൽ വല്ലതും ഉണ്ടെങ്കിൽ അത് വർക്കിക്ക് കൊടുക്കും…..ഉടനെ
ഇറങ്ങും അടുത്ത കവിത ..
പീആർ ശിവൻ നാടിൻറെ
പൊന്നുമോൻ ….പത്ത് പൈസാ…….
ഇതുകേൾക്കുമ്പോ കൊൺഗ്രസുകാർക്ക്
കലിപ്പ് കേറും പിടിച്ച് രണ്ട് അടി കൊടുക്കും….അതോടെ പീ ആർ കച്ചവടം നിൽക്കും….
പി.പി. തങ്കച്ചനെ
(ഇന്നത്തെ യൂ.ഡി.എഫ്.കൺവീനർ) പോയി കാണും…തങ്കച്ചൻ വല്ലതും കൊടുക്കും…ഉടനെ തങ്കച്ച കവിത
ഇറങ്ങും….
തങ്കം പോലൊരു തങ്കച്ചൻ….പത്ത്
പൈസാ…..
അപ്പോ മാർക്സിസ്റ്റ്
കാർക്ക് ചിലപ്പോ കുരു പൊട്ടും …..രണ്ടിടി കിട്ടും..കവിത വിൽപ്പന നിൽക്കും…..
ക്രിസ്ത്യൻ സഭയിലെ
വഴക്ക് മൂത്തുനിന്ന കാലത്ത്.
“കാതോലിക്കാ കാലുമാറി,
പട്ടം
പണ്ടിക്കുടി ഏറ്റെടുത്തു…..”
എന്ന് പണ്ടിക്കുടി
വീട്ടുകാരെ തോണ്ടിക്കൊണ്ട് ഒരു കവിത പി റ്റി ഇറക്കിയത് അവർക്ക് വലിയ ക്ഷീണമായി….
പക്ഷേ ഒന്ന് ഇരുട്ടി
വെളുത്തപ്പോ കവി തകിടം മറിഞ്ഞു…
പണ്ടിക്കുടിയിലെ ഒരാൾ
(അതിൽക്കൂടുതൽ വെളിപ്പെടുത്താൻ വയ്യ) മറുപക്ഷത്തെ കളിയാക്കി എഴുതിയ കവിത, കവിസിംഹം
സ്വന്തം പേരിൽ വിതരണം ചെയ്യണം എന്നായിരുന്നു കരാർ…. അച്ചടിച്ചു കൊടുക്കും ... ന്യായമായ
പ്രതിഫലവും നൽകും…..
കവി പിന്നെ കുറേ നാൾ
പണ്ടിക്കുടി കവിത ഏറ്റ് പാടി നടന്നു…
മറുപക്ഷത്ത് നിന്ന്
കിട്ടേണ്ടത് കിട്ടിയപ്പോൾ ആ കവിത നിന്നുപോയിക്കാണും…..
ഇടയ്ക്ക് പി.ഐ പൗലോസിനെ
(മുൻ എം.എൽ.എ…ഇപ്പോഴത്തെ എം.എൽ.എ. സാജൂ പോളിൻറെ പിതാവ്) ചെന്നുകാണും..വല്ലതു കിട്ടിയാൽ
പി.ഐ.ക്ക് അനുകൂല കവിത….പി ഐ ഒന്നും കൊടുത്തില്ലെങ്കിൽ എതിർ കവിത….
ഡിഗ്രി പഠന കാലത്ത്….
കോലഞ്ചേരിയിൽ….
അവിടുത്തെ ബസ്റ്റാൻഡിൽ
സ്ഥിരമായി “ലോകത്തെ സകല ദൈവങ്ങളും കള്ളങ്ങൾ തന്നെ” എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന
ഒരാളുണ്ടായിരുന്നു….(വിശ്വസിക്കാൻ പ്രയാസമാണ് ഇന്ന്:….അയാൾ ഒരേ വാചകം തന്നെ പരമാവധി
ഉച്ചത്തിൽ ആവർത്തിച്ചുകൊണ്ടേയിരിക്കും… ശ്വാസം എടുക്കാനുള്ള സമയമൊഴികെ എപ്പോഴും)
ഒരു വൈകുന്നേരം അവിടെ
മുട്ടൻ വഴക്ക്……..ദൈവവിരോധിയും പുതിയ ഒരാളും തമ്മിലുള്ള തർക്കമാണ്….രണ്ടുപേർക്കും ഭ്രാന്തന്മാരുടെ
വേഷ രൂപ ഭാവങ്ങളാണ്….തർക്കത്തിനൊടുവിൽ ദൈവവിരോധി ജയിക്കുകയും അപരൻ മൂലയ്ക്ക് ഒതുങ്ങുകയും
ചെയ്തു…..
തോറ്റ രണ്ടാമനെ കണ്ട്,
ഇത് നമ്മുടെ കവിസിംഹമല്ലേ എന്ന സംശയത്തിൽ ഞാൻ അടുത്തേക്ക് ചെന്നു….
ഒന്നും അറിയാത്തപോലെ
കവിസിംഹം എഴുനേറ്റ് ചുറ്റിക്കറങ്ങി എൻറെ അടുത്ത് വന്ന് കൂട്ടുകാർ കേൾക്കാതെ പതിയെ പറഞ്ഞു…
പൗലോസാറിൻറെ മോനല്ലേ…..എനിക്കറിയാം…..എന്നോട്
മിണ്ടണ്ട….ഞാനിപ്പോ ഇങ്ങനെയൊക്കെയാ…….
പിന്നീട് ഒരുനാൾ എൻറെ
വീട്ടിൽ കയ്യാല പണിക്ക് പിതാവ് കവിയെ വിളിച്ചുകൊണ്ടുവന്നു…..
നാല് ദിവസം നല്ല വൃത്തിയായി
കയ്യാലപണിതു…..കൂലിയും വാങ്ങിപ്പോയി
അഞ്ചാം ദിവസം ആള്
വന്നില്ല…..
എങ്ങോട്ടോ പോയിരിക്കണം…
കാശിയോ രാമേശ്വരമോ….
അതോ….
കവികളും വട്ടന്മാരും
മാത്രമുള്ള ലോകത്തേയ്ക്കോ…….
ഇയാൾ കവിയായിരുന്നോ
വട്ടനായിരുന്നോ എന്ന് എനിക്ക് ഇനിയും മനസിലായിട്ടില്ല……