അത് ആരായിരിക്കും………
പ്രണയം ശീലമാക്കിയ
ഗ്രാമമാണ് ഇത്
ജനിതകരോഗം പോലെയോ
ഗ്രാമത്തിലെ കുന്നും പുഴയും വയലുകളും പോലെയോ തലമുറകളായി കൈമാറിക്കിട്ടിയതാണ് ഈ ശീലവുമെന്നുതോന്നുന്നു………
ഗ്രാമത്തിലെല്ലാവരും-
ആണും പെണ്ണും, ഭാര്യയും ഭർത്താവും, യുവാക്കളും വൃദ്ധരും- മനസിൽ പ്രണയത്തിൽറെ തുളുമ്പുന്ന
പാൽപ്പാത്രങ്ങൾ ഭേസി നടന്നു….
സ്ക്കൂൾ പറമ്പിലും
നാട്ടിടവഴികളിലും കുളിക്കടവുകളിലും പ്രണയും പൂക്കുകയും ചിലപ്പോഴൊക്കെ കായ്ക്കുകയും
ചെയ്തു…..
പ്രേമത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരില്ലാത്ത
നാടാണിതെന്ന് പറയാം… ആരുടെയെങ്കിലുമൊക്കെ കണ്ണിൽ എല്ലാവരും സുന്ദരരൂപികളായിരുന്നു….
പ്രണയസംബന്ധമായ അബദ്ധങ്ങൾ
എല്ലാവരും ഉത്സവമായി കൊണ്ടാടി……
വെയിലേറ്റ് ഗ്രാമം
മയങ്ങിക്കിടക്കുന്ന നട്ടുച്ചനേരത്താണ് ക്ഷൗരക്കാരൻ ഗോപാലൻ കീഴാത്തൂട്ട് അമ്മിണിയുടെ
വീട്ടിലേക്ക്ചെന്നത്….അമ്മിണിയുടെ കെട്ട്യോനും മക്കളും യാത്രപോകുന്നത് കണ്ട് ബോധ്യപ്പെട്ടിട്ടാണ്
ഗോപാലൻറെ വരവ്…..പക്ഷേ വീട്ടിൽ ചെന്നപ്പോൾ അമ്മിണിയുടെ തള്ള അവിടെ രണ്ടുദിവസം രാപാർക്കാൻ
വന്നിരിക്കുന്നു……
പ്രണയം മുട്ടിനിൽക്കുന്ന
അമ്മിണിക്കും ഗോപാലനും സാക്ഷാത്ക്കാരത്തിനായി ഓലകെട്ടിമറച്ച കക്കൂസ് തിരഞ്ഞെടുക്കുകയേ
മാർഗമുണ്ടായിരുന്നുള്ളൂ…..
അതൊരു കുഴി കക്കൂസാണ്.
നാലാൾ താഴ്ചയിലുള്ള കുഴിയുടെ കുറുകെ മൂന്നുനാല് തടിക്കഷണങ്ങൾ വച്ചിരിക്കുന്നു..
തടിക്കഷണങ്ങൾ മെത്തയോ
കസേരയോ ആക്കി മിഥുനങ്ങളുടെ പ്രണയസാഫല്യം സംഭവിക്കവേ തടിക്കഷണങ്ങൾ ചതിച്ചു….
ഒടിഞ്ഞ തടിക്കഷണങ്ങളും
അമ്മിണിയും ഗോപാലനും കൂടി കുഴിയിലേക്ക് വീണു…
അരയോളം മലത്തിൽ രണ്ടുപേരും
പൂണ്ടുപോയി….
ആദ്യത്തെ പരിഭ്രമം
മാറിയപ്പോൾ ഒടിഞ്ഞൂവീണ തടിക്കഷണങ്ങൾ ഉപയോഗിച്ച് കരയ്ക്കുകയറാൻ ഗോപാലൻ ഒരു ശ്രമം നടത്തി….
ശ്രമം പരാജയപ്പെട്ടെന്ന്
മാത്രമല്ല, നെഞ്ചുംതല്ലി താഴോട്ട് വീഴുകയും ചെയ്തു…..
സർവം മലാഭിഷിക്തനായ
ഗോപാലനെ കണ്ട് അമ്മിണിക്ക് തന്നെ ശർദ്ദിൽ വന്നു…..
ഗതികെട്ട് രണ്ടുപേരും
ഉറക്കെ വിളിച്ചുകൂവി…..
വിളികേട്ട് ഓടിയെത്തിയ
കുഞ്ഞൂഞ്ഞിന് അമ്മിണിയെ മാത്രമേ മനസിലായുള്ളൂ….
“അതാരാ അമ്മിണിച്ചേച്ചി…..”
“അതാ ഗോപാലൻ ചേട്ടനാ…..ഇതിലേ
പോയപ്പോ ഈ പഴയ തടിയൊന്ന് മാറ്റിവയ്ക്കാൻ പറഞ്ഞിട്ട് നോക്കീതാ…..തൊട്ടപ്പളേക്കും അത്
ഒടിഞ്ഞുപോയി…..”
“നിങ്ങള് പേടിക്കാണ്ടിരി,
…..ഞാമ്പോയി ഏണി എടുത്തോണ്ട് വരാം….”
“എടാ നീ ആരോടും പറയല്ലേ…….”.ഗോപാലൻ
വിളിച്ചു പറഞ്ഞു….
ഈ കാഴ്ച നാലാളോട്
പറയാൻ വെപ്രാളപ്പെട്ട് കുഞ്ഞൂഞ്ഞ് ഓടി….
നാലുംകൂടിയ കവലയിലെ
കടകളിലെ സ്ഥിരം കുത്തിയിരുപ്പുകാരോട് അറിയിച്ചു കഴിഞ്ഞപ്പോഴാണ് അവന് സമാധാനമായത്…..
പരദൂഷണങ്ങൾ കാട്ടുതീ
പോലെ പടരുമല്ലോ….
ഏണിയും കയറും ഒക്കെയായി
ഒരു വലിയ സംഘമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്….കൂട്ടത്തിൽ അമ്മിണിയുടെ ഭർത്താവും ഉണ്ടായിരുന്നു….
വന്നപാടേ ഓലമറ പറിച്ച്
കളഞ്ഞ് എല്ലാവരുംകൂടി കുറച്ച് സമയും ആ കാഴ്ച ആസ്വദിച്ചു….. പിന്നെ ഏണിയും കയറുമൊക്കെ
ഇട്ടുകൊടുത്ത് രണ്ടിനേയും കരയ്ക്ക് കയറ്റി….
അമ്മിണിയെ തൊട്ടാൽ
തീട്ടം നാറും എന്നതുകൊണ്ട്, ഗതികെട്ട് ഭർത്താവ് ഭൂമി ചവിട്ടിപ്പൊളിച്ച് വീട്ടിലേക്ക്
പോയി…..
കമിതാക്കളെ ജാഥയായി
തോട്ടിൽ കൊണ്ടാക്കിയിട്ടേ ജനം പിരിഞ്ഞുള്ളൂ….
ഗോപാലനെ കാണുമ്പോൾ
മൂക്കുപൊത്തുന്നത് നാട്ടുകാർക്ക് കുറേകാലത്തേക്ക് ഒരു വിനോദമായിരുന്നു…..പിന്നെ ഗോപാലനതിൽ
ക്ഷേഭിക്കാതെയായപ്പോൾ നാട്ടുകാർക്ക് മടുത്തു…..
അമ്മിണി പറഞ്ഞത്രേ….
“ഓ തീട്ടമൊക്കെ അങ്ങ് കഴുകിയാൽ
പോവില്ലേ…..ആരും കാണാത്തപോലെ…..ഇതൊക്കെ മനുഷ്യൻറെ
ഉള്ളീന്ന് വരണ സാധനല്യോ".....
ബുദ്ധിക്ക് വളർച്ചകുറവും
ശരീരത്തിന് വളർച്ച കൂടുതലുമുള്ള ഗോവിന്ദൻകുട്ടി, ഗോരോചന അന്വേഷിച്ച് പോയതും നാട്ടുകാർക്ക്
കുറേകാലത്തേക്ക് പറഞ്ഞു രസിക്കാനുള്ള സംഭവമായിരുന്നു…..
പ്രീഡിഗ്രി തോറ്റിട്ട്
നാട്ടിൽ ട്യൂഷൻ സെൻറർ നടത്തുകയായിരുന്ന മത്തായി മാഷിനോടാണ് ഗോവിന്ദൻകുട്ടി ആദ്യം സംശയം ചോദിച്ചത് ..
“മാഷേ, ഈ ഗോരോചന എവിടെ
കിട്ടും…?”
“എന്തോന്ന്..?”
“ഗോരോചന”
“അതെന്തോന്ന്…..വല്ല
മരുന്നുമാണോ…?”
“ആ ഒരുതരം മരുന്നാണ്….”
“എന്നാ വല്ല മെഡിക്കൽ
സ്റ്റോറിലും കിട്ടുമായിരിക്കും..”
ടൗണിലെ ഇംഗ്ലീഷ് മരുന്നുകടയിൽ
ചെന്ന ഗോവിന്ദൻ കുട്ടിയോട് കടക്കാരൻ കൈമലർത്തി.
“ഗോരോചന….അങ്ങനെയൊരുമരുന്നിവിടെ
ഇല്ല ..ഇത് എന്ത് സൂക്കേടിനുള്ളതാ……”
“ആ….അതൊക്കെ ഉണ്ട്…..”
“ഇതുവല്ല ആങ്ങാടിക്കടേലും
കിട്ടുമായിരിക്കും..പേര് കേട്ടിട്ട് ആയുർവേദ മരുന്നാണെന്നാ തോന്നുന്നേ….ആട്ടെ ഇത് ഏത്
ഡോക്റ്റർ എഴുതീതാ……”
“ഡോക്ട്ടർ എഴുതീതൊന്നുമല്ല…..”എന്നുമാത്രം
പറഞ്ഞ് ഗോവിന്ദൻ കുട്ടി ആയുർവേദ കടയിലേക്ക് നടന്നു..
ഗോവിന്ദൻ കുട്ടി ആയുർവേദ
ഷോപ്പിലെത്തുമ്പോൾ മറ്റത്തിലെ വർക്കിച്ചേട്ടൻ അവിടെയുണ്ട്….വൈകിട്ട്, ചാരായത്തിൽ മിക്സ്
ചെയ്ത് കഴിക്കാനായി ദശമൂലാരിഷ്ടം വാങ്ങാൻ വന്നതാണ്….
ഗോവിന്ദൻ കുട്ടി ചെന്നപാടേ
കടക്കാരനോട് ചോദിച്ചു
“വൈദ്യരേ ഇവിടെ ഗോരോചന
ഉണ്ടോ….?”
ഇക്കാലമത്രയും കേൾക്കാത്ത
ഒരു മരുന്നിൻറെ പേര് കേട്ട് വൈദ്യർ അന്തം വിട്ടു…
“ഗോരോചനയോ……?......ഇതാര്
പറഞ്ഞു”
“അതൊക്കെ ഉണ്ട്”
ഇതുകേട്ടാണ് മത്തായിചേട്ടൻ
തിരിഞ്ഞുനോക്കിയത്…
“നിൻറെ ആർക്കാടാ മരുന്ന്….”
“എനിക്ക് തന്നെയാ..”
“അതിന് നിനക്കെന്നാ
സൂക്കേട്..?!”
“അതൊക്കെ ഉണ്ട്…..”
വൈദ്യർ പറഞ്ഞു
“എൻറെ മോനേ….ഇങ്ങനെ
ഒരു സാധനം ഉണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്….ഒരാൾ ഇത് ചോദിച്ച് വരുന്നത് ആദ്യായിട്ടാണ്….പുരാണത്തിലൊക്കെ
ഉള്ള ദിവ്യ ഔഷധമാണെന്നാണ് പറേന്നത്….”
ഗോവിന്ദൻ കുട്ടി നിരാശനായി
മടങ്ങി..
എന്തായാലും പിറ്റേന്ന്
രാവിലെ കവലയിലെ ചായകുടി സഭയിൽ മത്തായിച്ചേട്ടൻ കാര്യം എത്തിച്ചു……
ദേവലോകത്തുള്ള മരുന്ന്
അന്വേഷിച്ച് ഗോവിന്ദൻ കുട്ടി അങ്ങാടിക്കടയിൽ പോയി…
സംഭവത്തിൻറെ ഗുട്ടൻസ്
അറിയാഞ്ഞ് എല്ലാവർക്കും ഇരിക്കപ്പൊറുതി മുട്ടി…
അപ്പോഴാണ് വീട്ടിലേക്ക്
പലചരക്ക് കൂട്ടം വാങ്ങാൻ ഗോവിന്ദൻ കുട്ടി കവലയിലേക്ക് വന്നത്…
എല്ലാവരും സംയുക്തമായി
ഗോവിന്ദൻ കുട്ടിയെ വളഞ്ഞു….
മാഷ് തുടക്കമിട്ടു..
“എടാ പൊട്ടാ ഗോരോചന
എന്നൊരു മരുന്നില്ല നിന്നെ ആരോ പറ്റിച്ചതാ…..”
“പിന്നെ പിന്നെ….തെക്കേലെ
മാത്തുചേട്ടൻ പറഞ്ഞല്ലോ, സാമാനത്തിൽ ഗോരോചന പുരട്ടിയാൽ ഏതുപെണ്ണും കിടന്നു തരുമെന്ന്…..”
“ആരോട് പറഞ്ഞു …നിന്നോട്
പറഞ്ഞോ……?”
“ഇല്ല ചേട്ടൻറെ ഭാര്യയോട്……”
സഭയിലുണ്ടായിരുന്ന
മാത്തു പറഞ്ഞു
“ഹേയ്!!!!!! ഞാനങ്ങിനെയൊന്നും
പറഞ്ഞിട്ടില്ല… എപ്പോ പറഞ്ഞു…”
എല്ലാവരുടേയും സംഘടിതമായ
ചോദ്യം ചെയ്യലിൽ സംഭവത്തിൻറെ ചുരുളഴിഞ്ഞു…
മരം വെട്ടുകാരനാണ്
മാത്തു….എന്നും രാവിലെ പോകുന്നു, വൈകിട്ട് വരുന്നു.. ഒരുദിവസം കൂട്ടത്തിലാരുടേയോ കാല്
മുറിഞ്ഞതുകൊണ്ട് പണി നിറുത്തി ഉച്ചയ്ക്ക് വീട്ടിലെത്തി…..
പിള്ളേര് സ്ക്കൂളിൽ
പോയിരിക്കുന്നു…..
വീട്ടിലെത്തിയപ്പോ
കതക് അകത്ത് നിന്ന് കുറ്റിയിട്ടിരിക്കുന്നു…..
മാത്തു ഒച്ചവെച്ചു
വിളിച്ചു കൂവി….
അൽപ്പം കഴിഞ്ഞ് ഭാര്യവന്ന്
കതക് തുറന്നു…
പക്ഷേ പിറകിലെ വാതിലിൽ
കൂടി ചെത്തുകാരൻ രാമൻ ഇറങ്ങി ഓടുന്നത് മാത്തു കണ്ണാലെ കണ്ടു…
മാത്തു എന്ന് നേരത്തേ
വന്നാലും ഇതൊരു പതിവ് കാഴ്ചയാണ്….
ഒച്ചപ്പാടായി ബഹളമായി……
ഇടയ്ക്ക് മാത്തുപറഞ്ഞു..
“കാണുമ്പോ കാണുമ്പോ
കിടന്നു കൊടുക്കാൻ അവൻറെ സാമാനത്തിലെന്താടീ, ഗോരോചന പെരട്ടീട്ടുണ്ടോ”….
ഇത് കേട്ടുനിന്ന ഗോവിന്ദൻ കുട്ടിയുടെ മനസിലുദിച്ച
ബുദ്ധിയാണ് കുറച്ച് ഗോരോചന സംഘടിപ്പിച്ചാൽ സകല പെണ്ണുങ്ങളോയും വരുതിയിലാക്കാമെന്ന്…….
ഇതൊക്കെ ചെറിയ സംഭവങ്ങളാണ്
പക്ഷേ, പേപ്പട്ടിക്കുത്തിവയ്പ്പ്
ഗ്രാമത്തെ ആകെ നടുക്കിക്കളഞ്ഞ സംഭവമാണ്...
സംഭവം ഇങ്ങനെ…
ഗബ്രിയേൽ എന്ന ആറടി
പൊക്കക്കാരൻ, സുന്ദരൻ, ഗ്രാമത്തിലെ ആളൊഴിഞ്ഞ
വീട്ടിൽ വാടകയ്ക്ക് താമസമാരംഭിക്കുന്നു…. കക്ഷി കരാട്ടേക്കാരനാണ്..
നാട്ടിലെ ഷാപ്പിൽ
കള്ളു കുടിക്കാൻ വന്ന് തല്ലുണ്ടാക്കിയ മറുനാട്ടുകാരെ അടിച്ച് നിലംപരിശാക്കിയതോടെ ഗബ്രിയേലിൻറെ
പ്രശസ്തി നാടാകെ പരന്നു…..
അധികം വൈകാതെ ഗബ്രിയേൽ
വീട്ടിൽ കരാട്ടേ ക്ലാസ് ആരംഭിച്ചു….
രാവിലത്തേയും
വൈകിട്ടത്തേയും കരാട്ടേക്ലാസും ഉച്ചസർക്കീട്ടും രാത്രിനടത്തവും ഒക്കെയായി ഗബ്രിയേൽ
നാട്ടിൽ പടർന്നു പന്തലിച്ചു…
മുളപ്പൻ
ചിറയുടെ അക്കരെ ഇക്കരെ നീന്തിയും തെങ്ങോളം ഉയരത്തിൽ ഫുട്ബോൾ അടിച്ചുതെറിപ്പിച്ചും അയാൾ
നാട്ടുകാരെ അത്ഭുതപ്പെടുത്തി…
ഗ്രാമത്തിലെ
പക്ഷികളും പാമ്പുകളും പട്ടികളും യഥേഷ്ടം ക്രീഢിച്ചും രമിച്ചും കാലം പോകെ……..
ഗബ്രിയേലിനെ
കാണാതാകുന്നു…..
തുടർച്ചയായ
ചുമ മൂലം രാത്രിയിലെ സ്വകാര്യസഞ്ചാരം തടസപ്പെട്ടുപോയ കുഞ്ഞിട്ടിക്കണിയാൻ നഗരത്തിലെ
ഡോക്റ്ററെ കാണാനെത്തിയപ്പോഴാണ് സംഗതി നാട്ടുകാർ അറിഞ്ഞത്……
ഗബ്രിയേലിന്
പേ ഇളകി……
ഏതോ
പേപ്പട്ടി കടിച്ചതാണ്…… രക്ഷയില്ല
മൂന്നാം
നാൾ ഗബ്രിയേൽ മരിച്ചു……
ഗ്രാമം
ശോകമൂകമായി……നഗരത്തിലെ പൊതുശ്മശാനത്തിലാണ് അയാളെ മറവുചെയ്തത്…..ദൂരേനിന്ന് വന്ന അയാളുടെ
വീട്ടുകാർ ആ മൃതശരീരം ഏറ്റുവാങ്ങാൻ വിസമ്മതിച്ചു……പേയിളകി മരിച്ചതാണ്…..
പിറ്റേന്ന്
രാവിലെയാണ് മത്തായി മാഷ് സ്തംഭിപ്പിക്കുന്ന ആ വിവരം പ്രഖ്യാപിച്ചത്..
“അതേയ്…അയാള്
പേ ഇളകിയാ ചത്തത്….!!!!!.അയാള് തൊട്ടവർക്കൊക്കെ പേപിടിക്കും….”
ആ
അറിവ് ഗ്രാമത്തെ നടുക്കികളഞ്ഞു…
നാട്ടിലെകുട്ടികളൊക്കെ
കരാട്ടേ പഠിക്കാൻ പോകാറുണ്ടായിരുന്നല്ലോ….
പക്ഷേ
ഗ്രാമീണർ നടത്തിയ സമഗ്ര പേവിഷ അന്വേഷണ ഗവേഷണത്തിൽ നിന്നും അവർക്ക് ചില കാര്യങ്ങൾ മനസിലായി….
തൊട്ടാലും
പിടിച്ചാലുമൊന്നും പേ പകരില്ല……
.പല്ല് ഉമിനീർ നഖം എന്നിവ മൂലം മാത്രമേ പേ പകരൂ……..
ഇനി
കടിച്ചാലോ മാന്തിയാലോ പ്രശ്നമല്ല പന്ത്രണ്ട് കുത്തിവയ്പ്പ് പൊക്കിളിന് എടുത്താൽ മതി…..
പേ വരില്ല……..
പിറ്റേന്ന്
മുതൽ ഒളിച്ചും പാത്തും ഗ്രാമത്തിലെ പെണ്ണുങ്ങൾ മിക്കവാറും നഗരത്തിലെ സർക്കാർ താലൂക്കാശുപത്രിയിലേക്ക്
സഞ്ചാരമായി….
താലൂക്കാശുപത്രിയിൽ
വച്ച് പരസ്പരം കണ്ടപെണ്ണുങ്ങൾ നാണം മറന്ന് പരസ്പരം വെളിപ്പെടുത്തി…….
ചത്തവൻ
ചെയ്ത ചതിയെക്കുറിച്ച്പറഞ്ഞ് പരസ്പരം തേങ്ങി…….
വീട്ടിലെ
പെണ്ണുങ്ങളോട് വഴക്കിടാൻ പോലും മറന്ന് ആണുങ്ങൾ പരിഭ്രമിച്ചു..
കടികൊണ്ട
ആൾ ആരെയെങ്കിലും കടിച്ചാലോ ഉമ്മ വച്ചാലോ പേ വരുമോ എന്ന സംശയം അവരേയും ഭീതിയിലാഴ്ത്തി….
ഗബ്രിയേലിൽ
നിന്ന് പെണ്ണുങ്ങളിലേക്കും,അവരിൽ നിന്ന് ഭർത്താക്കന്മാരിലേക്കും കാമുകന്മാരിലേക്കും
പേയുടെ ചങ്ങല നീണ്ടു.
പൊക്കിളിന്
പന്ത്രണ്ട് കുത്തിവയ്പ്പിൻറെ വേദന സഹിക്കുന്നതാണ്, പേ വരുന്നതിലും ഭേദം എന്ന് അവരും
തീരുമാനിച്ചു…
ഒരു
ഗ്രാത്തിലെ സകലമാന ജനങ്ങളേയും പേപ്പട്ടി കടിച്ചിരിക്കുന്നു എന്ന് മെഡിക്കലാഫീസർ മേലാവിലേക്ക്
റിപ്പോർട്ടയച്ചു
വാക്സിൽ
കൊണ്ടുവരാൻ ആളും വണ്ടിയുംപോയി…..
എന്തായാലും
നാട്ടിലെല്ലാവരും പേപ്പട്ടി കുത്തിവയ്പ്പ് എടുത്ത് പ്രശ്നം പരിഹരിച്ചു…..
ഇത്രത്തോളം
പ്രണയാർദ്രമായ ഒരു നാട്ടിലാണ് വലിയ മൂക്കും തടിച്ചചുണ്ടും കറുത്തനിറവും വലിയ ശരീരവുമായി
ഉഷ ജീവിച്ചത്…..
എല്ലാവരും
അവളുടെ മനോഹരമായ പേര് മറന്നുപോയിരുന്നു……
യാതൊരു സൗന്ദര്യവുമില്ലാത്ത അവൾക്ക് ഇത്രമനോഹരമായ
പേര് വേണ്ട എന്ന് സമൂഹം ബോധപൂർവം തീരുമാനിച്ചതാണോ എന്നറിയില്ല…..നാട്ടുകാരും വീട്ടുകാരും
അവളുടെ പേര് പാറു എന്നാക്കി….ദേഷ്യം വരുമ്പോഴൊക്കെ പോത്ത് കഴുത മറുത എന്നും വിളിച്ചു….
എങ്കിലും
പൊതുവേ അംഗീകരിക്കപ്പെട്ട വിളിപ്പേര് മറുത എന്നായിരുന്നു..
വീട്ടിലും
തൊടിയിലും ഇടവഴികളിലും കാട്ടുവള്ളിപ്പടർപ്പുകളിലും പ്രണയത്തിൻറെ ചുടുനീരുറവകൾ പതഞ്ഞൊഴികിയിരുന്ന ആ
ഗ്രാമത്തിൽ ആരും പ്രണയിക്കാനില്ലാതെ, ആരെയും പ്രണയിക്കാൻ കഴിയാതെ ഗ്രാമ മനസിൻറെ പുറമ്പോക്കുകളിലൂടെ
ആരുമറിയാതെ പാറു ജീവിച്ചു പോന്നു….
പ്രണയത്തൻറെ
ഉറവകൾ അവളുടെ കാലുകളെ സ്പർശിക്കാതെ ഒഴിഞ്ഞുപോയി……
ഒരു
പനമ്പുമറയുടെ സ്വകാര്യത പോലുമില്ലാത്ത അവളുടെ കൊച്ചുവീട്ടിൽ അവളുടെ കൺമുന്നിൽ തന്നെ
അവളുടെ ആങ്ങളമാരും സഹോദരിമാരും പ്രിയപ്പെട്ടവരോടൊപ്പം പ്രണയിച്ചു രമിച്ചു…
.
പാറുവിൻറെ
സാന്നിധ്യം അവർ പരിഗണിച്ചതേയില്ല…
അവൾക്കിതൊന്നും
മനസിലാകില്ലെന്നോ, അവൾ കല്ലും മരവുംപോലെ ഒരു അചേതന വസ്തുവാണെന്നോ അവർ കരുതിക്കാണും……
വലിയ
കല്ല് ചുമന്നുമാറ്റുന്നതുപോലുള്ള ഭാരിച്ചജോലികൾക്കും കക്കൂസ് വൃത്തിയാക്കുന്നതുപോലുള്ള
അറപ്പുള്ള ജോലികൾക്കും ആളുകൾ അവളെ തേടിവന്നു….
ശരീരത്തിൽ
നിന്ന് ദുർഗന്ധവും വൈരുപ്യവും വമിക്കുന്ന ഒരു ജീവിയെപ്പോലെ ആളുകൾ അവളെ അവരുടെ സ്വകാര്യതകളിൽ
നിന്ന് അകറ്റിനിറുത്തി……
കുട്ടികൾ പോലും മടികൂടാതെ
അവളെ മറുത എന്ന് വിളിച്ചു….കുറച്ചൊക്കെ ബഹുമാനം പുലർത്തിയ കുട്ടികൾ മറുതചേച്ചി എന്നും
വിളിച്ചു…..
നിരന്തരം വലുതായിക്കൊണ്ടിരിക്കുന്ന ഒരു വസ്തു
എത്രനാൾ ഒളിച്ചു വയ്ക്കാൻ കഴിയും……
.അല്ലെങ്കിൽ തന്നെ
പാറുവിന് അത് ഒളിച്ചുവയ്ക്കണമെന്ന ചിന്തയൊന്നും ഉണ്ടായിരുന്നില്ല…….
അവളുടെ വയർ വീർത്തു
വീർത്ത് വന്നു……
വേരുകളും തണ്ടും ഇലകളുമില്ലാതെ
ആകാശത്ത് വിരിഞ്ഞ ഒരു പൂ പോലെ അവളിലും പ്രണയം എന്ന അത്ഭുതം സംഭവിച്ചു…….
പൂച്ചം പൂച്ചം പറഞ്ഞ്
വാർത്ത നാട്ടിലാകെ പരന്നു….
കേട്ടവർ പാറുവിൻറെ
വയറ് സൂക്ഷിച്ചുനോക്കി നേരിട്ട് ബോദ്ധ്യപ്പെടാൻ ശ്രമിച്ചു…..
ഒളിച്ചുവയ്ക്കാൻ കഴിയാത്തവണ്ണം
സത്യം വീർത്ത് വലുതായപ്പോൾ ഗ്രാമം പ്രതിസന്ധിയിലായി….
ഇവൾക്കും ഒരാളോ!!!!!?...
അവിഹിത ഗർഭങ്ങൾ നാട്ടിൽ
അസാധാരണമൊന്നുമല്ല……..ചെടിയെ വേരോടെ പിഴുതു കളയുന്നതിലോ,ഒളിച്ചോട്ടത്തിലോ,ഗർഭ സത്യാഗ്രഹത്തിലോ
ഒക്കെ ആണ് അത് അവസാനിക്കാറ് പതിവ്…..
പക്ഷേ ഇത്……
പാറു ചെയ്തത് പൊറുക്കാനാവാത്ത
തെറ്റാണെന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടായിരുന്നില്ല….
അവളുടെ ഗർഭം അവളുടെ
നിഷേധത്തിൻറേയും അഹങ്കാരത്തിൻറേയും ധിക്കാരത്തിൻറേയുമൊക്കെ ലക്ഷണമാണെന്ന് നാട്ടുകാർ
തീരുമാനിച്ചു….
ആളുകൾക്കെല്ലാം ചീത്തവിളിക്കാനും
കളിയാക്കാനും ഒരു ഇരയെകിട്ടി….
വഴക്കിനും പരിഹാസത്തിനും
നേരേ അവൾ ബധിരയായി…..മറ്റേതുകാര്യത്തിലും തെറി പറഞ്ഞ് എതിരാളിയുടെ തല തെറിപ്പിക്കുന്ന അവൾ ഇക്കാര്യത്തിൽ
നിശബ്ദത പാലിച്ചു……
ആങ്ങളമാർ പക്ഷേ അങ്ങിനെ
വിടാൻ തയ്യാറായിരുന്നില്ല…..
ആരാണ് കൃത്യത്തിന്
ഉത്തരവാദി എന്ന് അവർക്ക് അറിഞ്ഞേ പറ്റൂ….
ഒരു ഗർഭ സത്യാഗ്രഹം
നടത്തി എടുക്കാചരക്കായ പാറുവിനെ അയാളുടെ തലയിൽ കെട്ടിവയ്ക്കാം എന്നതിനേക്കാൾ സാധ്യതയുള്ള
ഒരു കച്ചവടം അവരുടെ മനസിലുണ്ടായിരുന്നു…..ആളെ തിരിച്ചറിഞ്ഞാൽ സത്യാഗ്രഹ ഭീഷണിയിലൂടെ
ന്യയമായ പണം സംഘടിപ്പിക്കാം……
പാറുവിനെപ്പോലൊരു
പെണ്ണിനെ കല്യാണം കഴിക്കേണ്ട അവസ്ഥവന്നാൽ പ്രതി വീടും പുരയിടവും വിറ്റാണെങ്കിലും പണം
തരും എന്ന് ആങ്ങളമാർക്ക് ഉറപ്പായിരുന്നു……അതിലൊരുത്തൻ പറയുകയും ചെയ്തു
“ഇവളിത്ര മറുതാ ആയിപ്പോയത്
നന്നായി…….അല്ലെങ്കിൽ ചിലപ്പോ ആ തെണ്ടി കെട്ടാമെന്ന് പറഞ്ഞാലോ”…….
പക്ഷേ അറിയാവുന്ന
പീഢനമുറകളൊക്കെ പ്രയോഗിച്ചിട്ടും പാറു ഉറച്ചുനിന്നു……
പ്രണയം നൽകിയ ആളെ
തിരിച്ചറിയാനുള്ള ഒരു സൂചന പോലും അവൾ നൽകിയില്ല……
തല്ലി കൈ കഴയ്ക്കുകയും,
ചീത്തവിളിച്ച് നാവ് കുഴയുകയും ചെയ്തപ്പോൾ ആങ്ങളമാർ അവളെ ഉപേക്ഷിച്ചു……..
പാറു പതിവുപോലെ ജോലികൾക്ക്
പോകുന്നു…….നഗരത്തിലെ ആശുപത്രയിൽ പോയി ചികിത്സ തേടുന്നു…….
ഗ്രാമം അതിൻറെ അടുത്ത
തമാശയ്ക്കുവേണ്ടി കാത്തിരുന്നു…..
ഇതിനിടയിൽ അവളുടെ
സഹോദരിമാർ സ്വയം കണ്ടുപിടിച്ച
കാമുകരോടൊപ്പം താമസം തുടങ്ങി……
ആങ്ങളമാർ പെണ്ണുകെട്ടി…….
പക്ഷേ ആങ്ങളമാരേപ്പോലെ
തന്നോട് കുതിരകയറാൻ നാത്തൂന്മാരെ പാറു അനുവദിച്ചില്ല….
അവളുടെ നേരേ കൈ ഓങ്ങിയ
ഒരു സഹോദര ഭാര്യയെ അവൾ അടിച്ച് നിലം പരിശാക്കികളഞ്ഞു…..
അതോടെ ആങ്ങളമാരെല്ലാം
വീട് വിട്ട് പോയി, പുറമ്പോക്കിൽ കൂര കെട്ടി പാർപ്പ് തുടങ്ങി……..
ആ ചെറിയ വീട്ടിൽ അവളും
ഉള്ളിലെ കുട്ടിയും തനിച്ചായി…..
രാത്രികളിൽ അവൾ അവളുടെ
വയറിനോട് സംസാരിച്ചുകൊണ്ടിരുന്നു………അവളുടെ സ്വപ്നങ്ങൾ ….പദ്ധതികൾ…എല്ലാം…..
അതിനിടയിൽ ഒരു രാത്രിയിൽ
ഒരു ഇരയേയും കിട്ടാതെ പോയ മരച്ചോട്ടിൽ ഔസേപ്പച്ചൻ, പുല്ലുതിന്നുന്ന പുലിയുടെ പഴമൊഴി
സത്യമാക്കാനായി മറുതയെങ്കിൽ മറുത, ഗർഭിണിയെങ്കിൽ ഗർഭിണി എന്ന്മനസിലോർത്ത് പാറുവിൻറെ
വീട്ടിൽ ചെന്നുകയറി……
പാറു അയാളുടെ നേരേ
അരിവാൾ എടുത്തതും, ഓടിയ ഔസേപ്പച്ചനെ കല്ലുവച്ചറിഞ്ഞതും പിറ്റേന്ന് കവലയിൽ അറിഞ്ഞു….
മറുതയെപ്പിടിച്ച ഔസേപ്പ്
എന്ന് അയാൾക്ക് വിളിപ്പേരും വീണു….
മാസം തികഞ്ഞ് ആശുപത്രിയിൽ
ചെന്ന പാറുവിനോട് ഡോക്റ്റർ പറഞ്ഞു
“ഇനി വേദന തുടങ്ങുമ്പോ
വന്നാ മതി…
നാളും പക്കവും അറിയാത്ത
പാറുവിന് ഗർഭത്തിൻറെ വളർച്ചയും അഞ്ജാതമായിരുന്നു……..
പക്ഷേ അന്ന് അർദ്ധരാത്രി
ആയപ്പോൾ അവൾക്ക് തോന്നിത്തുടങ്ങി “അതിനുള്ള”
സമയമായെന്ന്……..
വേദനയുടെ കയത്തിലേക്ക്
മുങ്ങിയും പൊങ്ങിയും അവൾ ഒഴുകിപ്പോവുകയാണ്….
വേദനയുടെ ആവൃത്തികൾക്കിടയിൽ
കിട്ടിയ ആശ്വാസത്തിൻറെ ഒരു ഇടവേളയിൽ,അവൾ അടുക്കളയിൽ കരുതി വച്ചിരുന്ന മൂർച്ചകൂട്ടിയ
അരിവാളുമെടുത്ത് പുറത്തേക്ക് നടന്നു………
മാതൃവാത്സല്യം പോലെ
പടർന്നു നിൽക്കുന്ന മുറ്റത്തെ വലിയ പ്ലാവിൽ ചാരി അവൾ ഇരുന്നു….
വേദനയുടെ വേലിയേറ്റത്തിൽ
അവൾ കിടന്നുപോയിരിക്കണം…..
കരയുകയും കൈകാലിട്ടടിക്കുകയും
ചെയ്തിരിക്കണം……..
എങ്കിലും, തന്നെ കീറിപ്പിളർന്ന് ജീവൻറെ തലപ്പ് ഭൂമിയിലേക്ക്
ഒഴുകി ഇറങ്ങുന്നത് അറിയാനും, കരുതിയിരുന്ന അരിവാൾകൊണ്ട് പൊക്കിൾ കൊടി മുറിച്ചു കളയാനും
അവൾക്ക് ബോധം ബാക്കിയുണ്ടായിരുന്നു…
തന്തയില്ലാത്തവൻ എന്നു
വിളിക്കപ്പെടാനുള്ളവൻ കരഞ്ഞുകൊണ്ടേയിരുന്നു….
ആകരച്ചിലിന് പക്ഷേ,
അബോധത്തിൻറെ ആശ്വാസത്തിലേക്ക് വീണുപോയ പാറുവിനെ ഉണർത്താനായില്ല….
അവിചാരിതമായി അപ്പോഴൊരു
മഴ പെയ്തു…….
നനഞ്ഞ് ഉണർന്ന പാറു
ജീവൻറെ പുതിയ ശിഖിരത്തിൻറെ നേർത്തു നേർത്തുവരുന്ന രോദനം തിരിച്ചറിഞ്ഞു…
ചെറിയ വീടിൻറെ സുരക്ഷിതത്വത്തിലേക്ക്
അമ്മ കുഞ്ഞിനേയും കൊണ്ട് ഇഴഞ്ഞുകയറി……,ക്രമേണ ജീവിതത്തിൻറെ പച്ചപ്പിലേക്കും………..
നാട്ടുകാർ ഇപ്പോഴും
അത്ഭുതത്തിലാണ്…..
എന്നാലും അയാൾ ആരായിരിക്കും……?
വെളുത്ത് സുന്ദനായ
ആ കുഞ്ഞിൻറെ അച്ഛൻ ഏതോ കൊള്ളാവുന്നവനായിരിക്കണം എന്ന് പരദൂഷണം പറഞ്ഞ് തൽക്കാലം അത്ഭുതം അടക്കുന്നു എന്ന് മാത്രം…
പാറുവിൻറെ കഥ ഇവിടെ
അവസാനിക്കുകയല്ല…….
തുടരുക തന്നെയാണ് അതൊക്കെ നിങ്ങൾക്ക്
ഊഹിക്കാം………
ഒരു കഥയാകുമ്പോ ഊഹിക്കാനും
ചിലതൊക്കെ വേണ്ടേ………..



