ശബരിമല ഒരു വികാരമാണ്..
രണ്ടുകാര്യങ്ങൾകൊണ്ടാണ്
ഞാൻ ശബരിമലയിൽ പോകാൻ തീരുമാനിച്ചത്…..(പണ്ട്)
ഏത് അഹൈന്ദവനും കയറാം
എന്ന് പ്രഖ്യാപിച്ച കേരളത്തിലെ അത്യപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല….അതിനോടുള്ള
ഒരു ഐക്യദാർഢ്യം…
മറ്റൊന്ന് ഇത്ര അധികം
ആളുകൾ സന്ദർശിക്കുന്ന ശബരിമലയിൽ എന്താണ് എന്നറിയാനുള്ള കൗതുകം….
പകുതി കമ്മ്യൂണിസ്റ്റും
പകുതി ഭക്തന്മാരുമായ ഒരു സംഘത്തെ കിട്ടിയപ്പോൾ യാത്ര അവരുടെ കൂടെയാക്കാമെന്ന് തീരുമാനിച്ചു…..
കൂട്ടത്തിൽ പ്രായം
കൂടിയ ആൾ രവിചേട്ടനാണ്…ഹൃദ്രോഗി…
പിന്നെ കുറേ ചെറുപ്പക്കാരും……..
അവർ ക്ഷേത്രത്തിൽ
നിന്ന് പറ നിറച്ചായിരിക്കണം യാത്ര ആരംഭിച്ചത്….
വഴിയിൽ വച്ച് അവരോടൊപ്പം
ഞാനും കൂടി…
പമ്പ വരെ സാധാരണം…..
പക്ഷേ പമ്പയിൽ ഒരു
പ്രശ്നം….എൻറെ കയ്യിൽ ഇരുമുടിക്കെട്ടില്ല….പമ്പയിൽ കെട്ടുനിറയ്ക്കാനുള്ള സൗകര്യം ഉണ്ടാകും
എന്ന് വീമ്പടിച്ച രാധാകൃഷ്ണൻ ഓടിനടന്ന് നോക്കിയിട്ടും അവിടെങ്ങും ഒരു നമ്പൂതിരിയേയും
കണ്ടില്ല…..
ച്ഛെടാ….ഇയാളെവിടെപ്പോയി
എന്ന് രാധാകൃഷ്ണൻ ഉത്കണ്ഠപ്പെടുന്നതിനിടെ രവിചേട്ടനിലെ കമ്മ്യൂണിസ്റ്റ് ഉണർന്നു…..
കക്ഷി പറഞ്ഞു….മാഷേ
ആ തേങ്ങ തന്നേ ഞാൻ ശരിയാക്കിത്തരാം……
രണ്ടു തേങ്ങ തോർത്തുമുണ്ടിൽ
കെട്ടി എൻറെ തലയിലേക്ക് വച്ചിട്ട് പുള്ളി പറഞ്ഞു ഇതുതന്നെ ഇരുമുടിക്കെട്ട് ……എന്താ
മാഷ്ക്ക് വിരോധോണ്ടോ…….
എനിക്കോ എന്തിന് ഇത്
തന്നെ ധാരാളം……
കയറ്റം തുടങ്ങിയപ്പോഴേ
കുഴപ്പം മണത്തു..ഭയങ്കര തിരക്ക് അപ്പോഴാണ് അന്ന് ഡിസംബർ ആറാണ് എന്ന് ഓർത്തത്. ബാബറി
മസ്ജിദിൻറെ ഓർമ്മദിനമായിരുന്നു തലേന്ന്….കർശന പരിശോധനകളും നിബന്ധനകളും മൂലം വളരെ കുറച്ചുപേർക്കേ
സന്നിധാനത്ത് എത്താൻ കഴിഞ്ഞുള്ളൂ….. രണ്ടു ദിവസത്തെ ജനം പമ്പയ്ക്കും സന്നിധാനത്തിനുമിടയിൽ
കുടുങ്ങി കിടക്കയാണ്……
രവിചേട്ടന് കൂടെ കൂടെ
ബീഢി വലിക്കണം…..ബീഡിവലിച്ചിട്ട് നടക്കുമ്പോൾ കിതയ്ക്കും കിതയ്ക്കുമ്പോൾ വഴിയരികിലെ
ഓക്സിജൻ പാർലറിൽ നിന്ന് ഓക്സിജൻ വലിക്കും…..ഓക്സിജൻ വലിച്ചുകഴിയുമ്പോ ചേട്ടന് ഉത്സാഹം
കൂടും… കയറും, വലിക്കും, കിതയ്ക്കും, ഓക്സിജൻ വലിക്കും, ഇതാണ് പരിപാടി…ഈ സ്ലോമോഷൻ കയറ്റം
സഹിക്കാൻ കഴിയാഞ്ഞ് കൂടെയുള്ളവർ വേഗം കയറിപ്പോയി…..എനിക്കങ്ങിനെ ഇട്ടിട്ട് പോകാൻ വയ്യ
പോരെങ്കിൽ ആള് ഹൃദ്രോഗിയും….
കയറി കയറി മുകളിലേക്ക്
പോകുന്തോറും തിരക്ക് അസഹ്യമായി……
മുപ്പത് അടിയിലധികം
വീതിയുള്ള വഴിയുടെ ഇരുവശത്തും മുളങ്കമ്പുകൾ കൊണ്ട് വേലി കെട്ടിയിട്ടുണ്ട്…..അവിടെ ജനം
തിങ്ങി നിറഞ്ഞിരിക്കുന്നു
മിക്കവരും ശരണം വിളിച്ചുകൊണ്ടിരിക്കുന്നു……
വേലിക്കിരുപുറത്തും
കുടിവെള്ളംനൽകാൻ വാളൻറിയർമാർ ഓടിനടക്കുന്നുണ്ട്……ഉയരം കുറഞ്ഞ പലർക്കും ശ്വാസം കിട്ടുന്നില്ല…..തളർന്നു
വീണുപോയ ചിലരെ ജനക്കുട്ടത്തിൻറെ ഇടയിലൂടെ വേലിക്കപ്പുറത്തേക്ക് കടത്തി പുറത്തെത്തിക്കുന്നു…..
ചില അന്യസംസ്ഥാനക്കാർ
വേലിക്ക് പുറത്തേക്ക് നൂഴ്ന്ന് കടന്ന് മുമ്പോട്ട് ഓടുന്നു….പോലീസുകാർ ചീത്തവിളിച്ച്
അവരുടെ പുറകേ ഓടുന്നു….
ഇങ്ങനെ കിലോമീറ്ററുകളോളം
ദൂരത്ത് ജനം ഒട്ടിച്ചേർന്ന് നിക്കുന്ന കാഴ്ച ഞാൻ കണ്ടിട്ടേയില്ല….
ക്ഷീണം കൊണ്ടും ശ്വാസം
കിട്ടായ്ക കൊണ്ടും ശരണംവിളിയുടെ വോളിയം കുറഞ്ഞിരിക്കുന്നു….പലരും വിളി മനസിലൊതുക്കി
എന്ന് തോന്നുന്നു..
പരിചയപ്പെടാൻ തോന്നുന്ന
സാഹചര്യമല്ല അതെങ്കിലും അടുത്ത് ഷർട്ടിടാതെ നിന്ന ആളോട് ഞാൻ വിശേഷം ചോദിച്ചു ആള് ആന്ധ്രയിലെ
ഐ എ എസ് ഉദ്യോഗസ്ഥനാണ് …എല്ലാകൊല്ലവും വരും...ഓരോ സീസൻ കഴിയുമ്പോഴും അന്നാട്ടുകാർ അടുത്ത
യാത്രയ്ക്ക് വേണ്ട ഒരുക്കം തുടങ്ങുന്നതിനേക്കുറിച്ചൊക്കെ പുള്ളി പറഞ്ഞു……
ശബരിമലയിലെ സമത്വത്തെകുറിച്ച്
അപ്പോഴാണ് ഞാനോർത്തത്…..
ശ്വാസം കിട്ടാതെ തമ്മിൽ
ഒട്ടിച്ചേർന്ന് നിൽക്കുന്ന ഈ പതിനായിരക്കണക്കിന് മനുഷ്യർക്കിടയിൽ ഉന്നത ഉദ്യോഗസ്ഥരും
വൻ ജന്മിമാരും സാധാരണക്കാരും പിച്ചക്കാരും
ഉണ്ട്……പരിഭവങ്ങളും പരാതിയുമില്ലാതെ എല്ലാവരും ആൾക്കുട്ടത്തിൽ ഒരാളായി ക്ഷമയോടെ
കാത്തുനിൽക്കുന്നു…..
അതുതന്നെയാണ് ശബരിമലയുടെ
ഏറ്റവും വലിയ പുണ്യവും…..നമ്മുടെ വലുപ്പങ്ങൾ എത്ര നിസ്സാരമാണെന്ന് ബോധ്യപ്പെടുത്തുന്ന
ഒരിടം….
ആൾക്കൂട്ടത്തിൻറെ
മധ്യത്തിൽ അധികസമയം നിൽക്കുന്നത് രവിചേട്ടന് ബുദ്ധിമുട്ടുണ്ടാക്കാനിടയുണ്ട്…..ഞങ്ങൾ
തിക്കിതിരക്കി വേലിയുടെ അടുത്ത് എത്തിപ്പറ്റി……ഇവിടെ കൈവരിയിൽ പിടിച്ച് നിൽക്കാം സ്വച്ഛമായി
ശ്വാസം കഴിക്കാം……
ഒരു പകുതി പകലിൻറെ
കാത്തുനിൽപ്പിനൊടുവിൽ ഞങ്ങൾ ഒരു മലമുകളിലേക്ക് എത്തുകയാണ്……സന്ധ്യ ആകാറായിരിക്കുന്നു….തണുപ്പ്
തുടങ്ങുന്നു..മലയുടെ താഴേക്ക് നീണ്ടു നീണ്ടുപോകുന്ന മനുഷ്യ ശിരസുകൊണ്ടുനിറഞ്ഞ ഒരു വഴിയാണ് മുമ്പിൽ……
ഇരുട്ടിന്
കറുപ്പ് കൂടിവരുന്നു തണുപ്പിന് ശക്തിയും…….
രാത്രി
വൈകി ..നട അടയ്ക്കാറാകുന്നു….ഹരിവരാസനം കേൾക്കുന്നു….
വനത്തിൻറെ
നിശബ്ദതയിൽ, തണുപ്പിൽ, മങ്ങിയ വെളിച്ചത്തിൽ, ഭക്തി ഒഴുകുന്ന യേശുദാസിൻറെ സ്വരത്തിൽ
കേൾക്കുന്ന ഹരിവരാസനം…..
ഒരു
കേൾവി തന്നെയാണ്…….
അന്നത്തെ
പ്രത്യകസാഹചര്യത്തിൽ നട അടച്ചിട്ടും ഞങ്ങളെ സന്നിധാനത്തേക്ക് കയറ്റിവിട്ടു….
അവിടെയെങ്ങും
മനുഷ്യനെ ചവിട്ടാതെ നടക്കാൻ പറ്റാത്ത അവസ്ഥ…..കിടക്കുന്ന കാര്യം പിന്നെ പറയേണ്ടല്ലോ……ഇരുന്നും
നിന്നും നടന്നും നേരം വെളുപ്പിച്ചു….
ഒരു
സിഗരറ്റിൻറെ കുറ്റിപോലും കിട്ടാനില്ലല്ലോ എന്നോർത്ത് ഞാനും രവിചേട്ടനും കുണ്ഠിതപ്പെട്ടു….
പ്രഭാത
കൃത്യങ്ങൾക്കായി കക്കുസ് പരിസരത്തേക്ക് നീങ്ങിയപ്പോഴതാ ഘുമു ഘുമാ പുകവരുന്നു…..ഒരുകക്ഷി
സിഗരറ്റ് വിൽപ്പനയാണവിടെ ഒളിച്ചും പതുങ്ങിയുമാണ് കച്ചവടം..……വാങ്ങി സംഗതി ആവശ്യത്തിന്……
രാവിലെ
നടതുറന്നപ്പോ സന്നിധാനത്തുള്ള ആളുകൾക്ക് സൗകര്യം പോലെ തൊഴുവാനുള്ള അവസരം കിട്ടി…..
ഞാനും
കണ്ടു….
അയ്യപ്പൻ
ചുമ്മാ അവിടെ ഇരിപ്പുണ്ട് എന്നെ കണ്ടമട്ടൊന്നും എനിക്ക് തോന്നിയില്ല…..
എല്ലാവരും
തടസം കെട്ടിയിരിക്കുന്ന കയറ് കവച്ചുകടന്ന് പലവട്ടം അയ്യപ്പനെ കണ്ടു….കൂടെ വന്നവർക്കൊക്കെ
തൃപ്തി……
പക്ഷേ
പ്രസാദം വാങ്ങാൻ നിന്നപ്പോ പണി പാളി…….
ആയിരക്കണക്കിന്
പാത്രങ്ങൾ …..ഇതൊക്കെ ക്രമത്തിൽ പൂജിച്ച് എപ്പോ തിരികെ കിട്ടാനാണ്……..
രാവിലെ
മലയിറങ്ങി വൈകുന്നേരം വീട്ടിലെത്താമെന്ന പ്രതീക്ഷ മങ്ങി വിഷണ്ണരായിരിക്കുന്ന ഞങ്ങളുടെ
അടുത്ത് ഒരാൾ അയാൾക്ക് കിട്ടിയ പ്രസാദവുമായി വന്നിരുന്നു……അത് കണ്ടമാനം ഉണ്ട്……ഇയാൾക്ക്
ഇത് പഞ്ചായത്തിൽ മുഴുവൻ വിതരണം ചെയ്യാനായിരിക്കുമോ എന്നോർത്ത് ഞാനയാളോട് ചോദിച്ചു…….
സാമീ….ഇതുമുഴുവൻ
സാമിക്ക് വേണോ…….
അയാൾക്ക്
ദേഷ്യം വന്നു എന്നു തോന്നുന്നു അയാൾ ചോദിച്ചു.. എന്താ തനിക്ക് വേണോ……
കിട്ടിയാൽ
കൊള്ളാം…….
അപ്പോ
നിങ്ങൾ പൂജിക്കാൻ കൊടുത്തതോ….
ഞാൻ
അയാളോട് ഉള്ള കാര്യം പറഞ്ഞു….
ഞാനിവിടെ
ഒന്നും കൊടുത്തിട്ടുമില്ല എനിക്ക് ഒന്നും കിട്ടാനുമില്ല…..എൻറെ കൂടെയുള്ളവർ കൊടുത്തിട്ടുണ്ട്
പക്ഷേ സംഗതി കിട്ടുമ്പോഴേക്കും ഒത്തിരി വൈകും എന്നു തോന്നുന്നു…..എല്ലാം ഭഗവാൻറെ അല്ലേ…..ആര്
കൊടുത്തതായാലെന്താ…..
അയാൾ
അതിൻറെ പകുതിയോളം എനിക്ക് തന്നു…..
അവരവരുടേതിനായി
കാത്തിരിക്കണമോ കിട്ടിയതുകൊണ്ട് തൃപ്തി പെടണമോ എന്നകാര്യത്തിൽ ഞങ്ങളുടെ അര ഭക്തന്മാരുടെ
ഇടയിൽ ചർച്ചനടന്നു…
ഒടുവിൽ
ഇക്കാര്യം വീട്ടിൽ മിണ്ടരുത് എന്ന ഉറപ്പിൽ കിട്ടിയ പ്രസാദം എല്ലാവരും പങ്കുവച്ച് എടുത്തു……
ട്രാക്റ്റർ
വഴിയിലൂടെ താഴോട്ടിറങ്ങി…..സന്ധ്യയോടെ വീട്ടിലെത്തി…….
ഞങ്ങൾക്കും
ഒരു ദിവസം മുമ്പേ അവിടുന്ന് പോയ സംഘം ഇതുവരെ തിരിച്ചെത്തിയിട്ടില്ല…..എല്ലാവരും ഹാപ്പി….
പിരിയാൻ
നേരം ഗിരീഷ് സ്വകാര്യമായി പറഞ്ഞു…..
മാഷേ
സമാധാനമായി…….കമ്മ്യൂണിസ്റ്റും ക്രിസ്ത്യാനിയും നൊയമ്പില്ലാത്തവനുമായ മാഷേക്കൊണ്ട്
പോയിട്ട് വല്ല തട്ടുകേടും പറ്റിയിരുന്നെങ്കി എല്ലാരുകൂടി കൊന്നേനെ…….
അക്കാര്യം
എനിക്കറിയാവുന്നതുകൊണ്ടാണ് രവിചേട്ടനെ ഞാൻ കൂടെ തന്നെ നിറുത്തിയതും യാത്രയുടെ എല്ലാ
ഘട്ടത്തിലും ഇടപെട്ടതും എന്ന് ഞാൻ അവനോട് പറഞ്ഞില്ല…..