കൊല പ്രണയം മരണം
അഥവാ
കൊലപാതകിയുടെ മരണം…..
ആ ഇരിക്കുന്നതാണ്
രാധ….
വീടിൻറെ ഉമ്മറക്കോലായിൽ
അവൾ താടിക്ക് കൈയ്യും കൊടുത്ത് റോഡിലേക്ക് നോക്കി ഇരിക്കുകയാണ്….
മകൻ അകത്ത് കളിക്കുന്നു…
സമയം വൈകിട്ട് ആറ്മണി….സന്ധ്യ
ആകാൻ തുടങ്ങുന്നു….
അവൾ പ്രതീക്ഷിക്കുന്നത്
പ്രഭാകരൻ ചേട്ടനെ ആണ്…
സത്യത്തിൽ പ്രഭാകരനെയല്ല
അയാളുടെ കൈയിൽ ഉണ്ടായേക്കാവുന്ന പൊതിയാണ്….
അകത്ത് കളിക്കുന്ന
മകൻ അധികം കഴിയാതെ കളിനിറുത്തുമെന്നും അമ്മേ എനിക്ക് വിശക്കുന്നു എന്നും പറയുമെന്ന്
അവൾക്കറിയാം
ഖലീഫാ ഉമറിൻറെ കഥയിലേപ്പോലെ
കലത്തിൽ വെറുതേ വെള്ളം അടുപ്പത്ത് വെച്ചിട്ട് ഭക്ഷണം ഇപ്പോൾ തയ്യാറാകും എന്ന് നുണ പറയാനൊന്നും
അവൾക്കറിയില്ല..അല്ലെങ്കിൽ തന്നെ ആ നുണ എത്രനേരം നിൽക്കും..
അവളുടെ പ്രതീക്ഷ പ്രഭാകരൻ
ചേട്ടനിലാണ്,എന്നല്ല അയാളിൽ പ്രതീക്ഷവയ്ക്കുകയല്ലാതെ അവൾക്ക് ഒരു മാർഗവുമില്ല....
അവളുടെ ഭർത്താവ് ഒരു
കൊലക്കുറ്റത്തിൽപെട്ട് ജീവപര്യന്തം തടവിലാണ്…
കൊന്നതോ അവളുടെ സ്വന്തം
ആങ്ങളയെ……
മനപൂർവമല്ല, ഒന്നും
രണ്ടും പറഞ്ഞ് വഴക്കായി ഉന്തും തള്ളുമായി….ഒരു കൈമ്പിന് ഒറ്റയടി..അയാൾ ചത്തുംപോയി……സ്ത്രീധന
കുടിശ്ശിഖ ആയിരുന്നു പ്രശ്നം
അവനത്രയേ ആയുസ്സുണ്ടായിരുന്നിരിക്കുള്ളൂ…..എന്തായാലും
സംഗതി കഷ്ടമായി..ഒരുത്തൻ ചത്തുംപോയി മറ്റയാള് ജയിലിലുമായി…..
അയൽവക്കകാരുടെ സഹതാപമൊക്കെ
കുറച്ചുദിവസത്തെ സഹകരണത്തിൽ അവസാനിച്ചു….
പിന്നെ ഏക ആശ്രയം
പ്രഭകരൻ ചേട്ടനാണ്, ഭർത്താവിൻറെ കൂട്ടുകാരൻ… അയാളാണ് അവർക്ക് വേണ്ടത് വല്ലപ്പോഴും വാങ്ങി
കൊടുക്കുന്നത്….
ഞാൻ നിങ്ങളോട് ഒരു സ്വകാര്യം പറയാം ….അധികം
കഴിയാതെ അവര് തമ്മിൽ പ്രണയത്തിലാകും….പ്രഭാകരന് വേറേ ഭാര്യയും കുട്ടികളുമൊക്കെയുണ്ട്
..എങ്കിലും ഇത് അയാൾഒരു രണ്ടാം കുടുംബമായി കൊണ്ടുനടക്കും…..
അപ്പോൾ രാധയുടെ ഭർത്താവ്
ജയിലിൽ നിന്നുവരുമ്പോഴോ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും…..
എനിക്കും
അക്കാര്യത്തിൽ അത്ര നിശ്ചയം പോരാ…..വരുംപോലെ വരട്ടെ…..
ദാ ഇപ്പോ രാധയുടെ
മുഖത്ത് സന്തോഷം വിടരുകയും അവൾ ബഹുമാനത്തോടെ എഴുനേറ്റ് നിൽക്കുകയും ചെയ്തതിൽനിന്ന്
പ്രഭാകരൻ വന്നു എന്ന് നമുക്ക് ഊഹിക്കാം…..
പ്രഭാകരൻ ചോദിച്ചു-മോനെന്ത്യേ…
അവൻ അകത്തിരുന്ന്
കളിക്യാണ്…ചേട്ടനിരിക്ക് ഞാൻ ഒരു കട്ടനെടുക്കാം…
രാധ പൊതികളുമായി അകത്തേക്കുപോകുമ്പോ
പ്രഭാകരൻ വിളിച്ചുപറഞ്ഞു
ആ പൊതിക്കകത്ത് കാപ്പിപ്പൊടിയും
പഞ്ചസാരയുമൊക്കെ ഉണ്ട്…
സത്യത്തിൽ ഇത് ആത്മബന്ധമാണ്……ആവീട്ടിൽ
ഒരുനുള്ള് കാപ്പിപ്പൊടിയോ പഞ്ചസാരയോ ഉണ്ടായിരുന്നില്ല.എന്നിട്ടും കാപ്പിഎടുക്കാം എന്ന്
രാധ പറയുന്നത് പ്രഭാകരൻ കൊണ്ടുവന്ന പൊതിയിൽ അവ ഉണ്ടാകും എന്ന ഉറപ്പിലാണ്…..
അവർതമ്മിൽ പ്രണയമായിക്കഴിഞ്ഞു
എന്നതിന് വേറെ തെളിവൊന്നും വേണ്ട ..ഇനി നമുക്കറിയേണ്ടത് ഈ പ്രണയം അടച്ചിട്ട മുറിയിലെ
കയറുകട്ടിലിലേക്ക് എപ്പോഴാണ് വളരുന്നത് എന്നുമാത്രമാണ്….നമ്മൾ മലയാളികൾക്ക് അടച്ചിട്ട
മുറിയിലെ ഇരുട്ടിലേക്ക് ഒളിഞ്ഞുനോക്കുന്നത് ഹരമുള്ള സംഗതിയാണല്ലോ..
ഇപ്പോഴെന്തായാലും
അങ്ങിനെയൊന്നും സംഭവിച്ചിട്ടില്ല …..
ഇവരെ ഇവിടെവിട്ട്
നമ്മൾ ജയിലിലേക്ക് പോവുകയാണ് .രാധയുടെ ഭർത്താവ് അവിടെയാണല്ലോ.ഓ ഇതുവരെ അയാളുടെ പേര് പറഞ്ഞില്ലല്ലോ. രാഘവൻ എന്ന് അയാൾക്ക് പേരിട്ടുകളയാം... അവിടത്തെ സ്ഥിതി എന്താണെന്നറിയാം…
ഇപ്പോഴവിടെ കുറേ സ്ക്കൂൾകുട്ടികൾ
ജയിൽ സന്ദർശിക്കാൻ വന്നിരിക്കുകയാണ്.കാഴ്ചബംഗ്ലാവും മൃഗശാലയുംപോലെ സന്ദർശിക്കേണ്ട സ്ഥലമാണല്ലോ
ജയിലും….
സിനിമയിലേപ്പോലെയാണ്
ദൃശ്യങ്ങൾ….ഓരോ തടവുകാരനും വാതിലഴികളിൽ മുഖംചേർത്ത് ജയിലിലെ നീണ്ട ഇടനാഴിയിലേക്ക് മിഴിനട്ട്
നിൽക്കുന്നു….പുറം ലോകത്തേക്കുള്ള അവരുടെ ഏകവാതിൽ ആ അഴികൾക്കിടയിലുള്ള വിടവാണ്…..(സത്യത്തിൽ
സംഗതികൾ ഇപ്പോൾ അങ്ങിനെയൊന്നുമല്ല …..ജയിലൊക്കെ പരിഷ്ക്കരിക്കപ്പെട്ടുപോയില്ലേ….)
കലപില ശബ്ദത്തോടെ
പോകുന്ന കുട്ടികൾ…….
അതിനിടയിൽ പിറകിൽ
നിൽക്കുന്ന ഒരധ്യാപകൻറെ ശബ്ദം നമുക്ക് കേൾക്കാം
ആരോടും ഒന്നും മിണ്ടാനും
പറയാനും നിൽക്കണ്ട ഒക്കെ കൊലപ്പുള്ളികളാ…….
നിരനിരയായി പോകുന്നകുട്ടികളെനോക്കി
ഒരു ജയിൽപുള്ളി ചോദിച്ചു
നിങ്ങളേത് സ്ക്കൂളീന്നാ
മക്കളെ….
മൗനം മറുപടി
മറ്റൊരാൾ ചോദിച്ചു
മോനേ,നിൻറെ പേരെന്താ……
അതിനും മറുപടി മൗനമായിരുന്നു..
സഹികെട്ട് മറ്റൊരാൾ
ചോദിച്ചു
നിങ്ങക്കെന്താ ചെവീം
വായും ഒന്നുല്ലേ……
അതൊരു പൊട്ടിത്തെറിയാണ്…കൊലപാതകികളോട്
സമൂഹം പുലർത്തുന്ന അകൽച്ചയോടും വെറുപ്പിനോടുമുള്ള പ്രതിഷേധം
ഇപ്പോൾ ഒരു ഉദ്യോഗസ്ഥൻ
വന്ന് അയാളെ വിളിച്ചുകൊണ്ടുപോകുന്നുണ്ട്… പോകുന്നത്
രാധയെകാണാനാണ്….. അയാളുടെ മുഖത്തെ ഭാവം കണ്ടാലറിയാം അയാൾ വളരെ സന്തോഷവാനാണെന്ന്…….
വന്നത് രാധയും പ്രഭാകരനും കൂടിയാണ്….
ആദ്യത്തെ കുശലപ്രശ്നംകഴിഞ്ഞപ്പോൾ പ്രഭാകരൻ മാറിനിന്നു….
രാധയും രാഘവനും എന്തങ്കിലുമൊക്കെ
സംസാരിച്ചുകാണും…. എന്തായാലും തിരികെ നടക്കുമ്പോൾ രാഘവൻ ചാന്താക്ലാന്തനായിരുന്നു…..
ഇനിഎത്രനാൾ കഴിഞ്ഞാലാണ്
അവളെ ഒന്നു കാണാൻ കഴിയുക എന്നതോ ജീവപര്യന്തത്തിലെ ബാക്കികാലം ഈ ജയിലിൽ തന്നെ കഴിയണമല്ലോ
എന്നതോ ഒക്കെ ആകാം ആയാൾ ചിന്തിച്ചിരുന്നത് എന്ന് സാധാരണക്കാർക്ക് ചിന്തിക്കാം…..പക്ഷേ
അയാളുടെ ചിന്ത രാധ പറഞ്ഞ ഒരു വാചകത്തിൽ ഉടക്കി നിന്നതാണ്…….
ആകെ പ്രഭാകരേട്ടൻ മാത്രമാണ്
ഒന്ന് സഹായിക്കാനുള്ളത്…… എന്നാണ് രാധപറഞ്ഞത്….
ഇപ്പോ ഇതുവായിക്കുന്ന(അല്ല
ആരെങ്കിലും വായിച്ചാൽ….)കുബുദ്ധികൾ വിചാരിക്കും പ്രഭാകരൻ എന്തോക്കെ സഹായം അവൾക്കു ചെയ്തുകൊടുക്കുന്നുണ്ടാകും
എന്നോർത്താണ് അയാൾ വ്യാകുലപ്പെട്ടതെന്ന്…
സത്യത്തിൽ എനിക്കും
അങ്ങിനെയാണ് തോന്നുന്നത്……അയാളുടെ മനസിൽ സംശയത്തിൻറെ ഒരു തീപ്പൊരി വീണുകഴിഞ്ഞു…….
മനുഷ്യർക്ക് പ്രായമാകാൻ
ഒരുകൊല്ലം വേണമല്ലോ….പക്ഷേ എഴുത്തുകാർക്ക് ഒറ്റവരികൊണ്ട് എത്രകൊല്ലം വേണമെങ്കിലും ചാടിക്കടക്കാം……
കൊല്ലം പത്ത് പന്ത്രണ്ട്
കഴിഞ്ഞു……
കഥ തുടങ്ങുമ്പോ അകത്തിരുന്ന്
കളിച്ചിരുന്ന പയ്യന് ഇപ്പോ ഇരുപത്തിരണ്ട് വയസായി……
മനസുനിറയെ സമൂഹത്തോടുള്ള
വിദ്വേഷവും ഭാര്യയെകുറിച്ചുള്ള സംശയങ്ങളുമായി രാഘവൻ തിരിച്ചുവന്നിരിക്കുന്നു…
സമൂഹം രാഘവനെ പുശ്ചത്തോടെയാണോ
ഭയത്തോടെയാണോ കാണുന്നതെന്ന് രാഘവന് മനസിലായില്ല …..
എന്തായാലും ഭയപ്പെടുത്തുന്നത്
വളരെ എളുപ്പമാണെന്നയാൾക്ക് ഒരു സന്ദർഭത്തിലൂടെ മനസിലായി…
ഇനി കടംതരില്ല എന്ന്
തീർത്തു പറഞ്ഞ കടക്കാരനോട് മേശപ്പുറത്ത് കയ്യിടിച്ച് ഒന്ന് ഉറക്കെ സംസാരിച്ചതേ ഉള്ളൂ……കടക്കാരൻ
ആവശ്യപ്പെട്ട സാധനം എടുത്ത് കൊടുത്തു…..
രാഘവൻ തന്നെ അത്ഭുതപ്പെട്ടുപോയി……സംഗതി
കൊള്ളാമെന്നയാൾക്കു തോന്നി…..എന്നല്ല അതൊരു സ്ഥിരം പരിപാടിയാക്കാനയാൾ തീരുമാനിച്ചു….
എല്ലാവർക്കും മനസിലാകുന്നതുപോലെ
രാധ പ്രഭാകര പ്രണയം പ്രതിസന്ധിയിലായി…
ഞാൻ വിചാരിച്ചത് ഭർത്താവ്
തിരിച്ചുവന്നപ്പോൾ രാധ പ്രഭാകരനുമായുള്ള ബന്ധമൊക്കെ ഉപേക്ഷിച്ച് ഭർത്താവിനോട് പറ്റിച്ചേരുമെന്നാണ്…..
അവൾക്ക് അതിൻറെ കാര്യമേ
ഉണ്ടായിരുന്നുള്ളൂ എന്നാണ് എൻറെ അഭിപ്രായം…ഇനി കാര്യങ്ങളൊക്കെ നോക്കാൻ ഭർത്താവുണ്ടല്ലോ……
പക്ഷേ രാധയ്ക്ക് അങ്ങനെ
ചിന്തിയ്ക്കാൻ പറ്റിയില്ല……ചിലപ്പോ പ്രേമം അങ്ങനെയൊക്കെ ആയിരിക്കും……
വിവരക്കേട്തന്നെ…..കാശിനാവശ്യമില്ലെങ്കിൽ പിന്നെ പ്രേമം കൊണ്ടുനടക്കേണ്ട വല്ല കാര്യവുമുണ്ടോ….
വിവരക്കേട്തന്നെ…..കാശിനാവശ്യമില്ലെങ്കിൽ പിന്നെ പ്രേമം കൊണ്ടുനടക്കേണ്ട വല്ല കാര്യവുമുണ്ടോ….
എന്തായാലും രാധ ചെകുത്താനും കടലിനും…അല്ല ഭർത്താവിനും കാമുകനും…. ..സാഹിത്യഭാഷയിൽ പറഞ്ഞാൽ ക്രൂരനായ ഭർത്താവിനും സാധുവായ കാമുകനും ഇടയിൽപെട്ടു…..
രാഘവനിൽ ഇതിനകം വ്യക്തമായ
ജൈവീക പരിണാമങ്ങൾ സംഭവിച്ചുകഴിഞ്ഞിരുന്നു… ഭീഷണിയുടേയും ക്രൂരതയുടേയും സാധ്യതകൾ അയാൾ
ഇതിനകം മനസിലാക്കി കഴിഞ്ഞിരുന്നു..
സമയവും കാലവുമില്ലാതെ
തോന്നുമ്പോൾ ഭാര്യയെ ഭോഗിക്കുക അതിനിടയിൽ മനപൂർവമായി അവരെ വേദനിപ്പിക്കുക,പണത്തിനാവശ്യം
വരുമ്പോൾ ആരുടെയെങ്കിലും പോക്കറ്റിൽ നിന്ന് പണം ബലമായി എടുക്കുക എന്നതൊക്കെ അയാൾക്ക്
ഒരു ഹരമായി മാറി….
രാധാ പ്രഭാകര ബന്ധം
പ്രണയത്തിൻറെ ഒരു നീഹാരമായി തുടർന്നിരിക്കാം…ആളൊഴിഞ്ഞ ഇടവഴികളിലും വിജനമായ റബർതോട്ടങ്ങളിലും
അവരുടെ പ്രണയം പൂത്ത് തളിർത്തിരിക്കാം….എതിർപ്പ് ശക്തമാകുമ്പോഴാണല്ലോ പ്രണയത്തിന് മുറുക്കം
കൂടുക ….
ഒരുപക്ഷേ രാധ, തന്നെ
പീഢിപ്പിക്കുന്ന ഭർത്താവിനെ വഞ്ചിക്കുന്നതിൽ ഒരു രസം കണ്ടെത്തിയിരിക്കാനും മതി….
ആളുകളെ കുനിച്ചു നിറുത്തി
പുറത്ത് മുട്ടുകൈകൊണ്ട് ഇടിക്കുന്നത് രസകരമായ ഒരു പരിപാടിയായി രാഘവന് തോന്നി …അത് ഭാര്യയിൽ
തന്നെ ആദ്യം പ്രയോഗിക്കാനും രാഘവൻ തീരുമാനിച്ചു….അതിനാകട്ടെ രാധ പ്രഭാകര ബന്ധം കാരണവുമായി…..
ഒരുനാൾ രാഘവൻ തൻറെ
മർദന രീതികൾ ഭാര്യയിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു….എവിടെ തൊഴിച്ചാലാണ് അവൾ
ഏറ്റവും ഉറക്കെ കരയുക എങ്ങിനെ ഇടിച്ചാലാണ് അവൾ ഏറ്റവും ദൂരേക്ക് തെറിച്ചുവീഴുക എന്നിത്യാദി
കാര്യങ്ങളിൽ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു കക്ഷി…
മുറിയിൽ മൗനമായിരുന്ന
മകൻ ശാന്തനായി എഴുനേറ്റ് വന്നിട്ട് രാഘവനെനോക്കി പറഞ്ഞു….ഇനി അമ്മയെ തല്ലരുത്
നാട്മുഴുവൻ വിറപ്പിക്കുന്ന
രാഘവൻ സ്വന്തം മകൻറെ മുമ്പിൽ ഭയപ്പെടുകയോ……
അയാൾ ഉറച്ച ശബ്ദത്തിൽ
പറഞ്ഞു…ഞാൻ ചിലപ്പോ തല്ലും ചിലപ്പോ കൊല്ലും
നീ ആരെടാ ചോദിക്കാൻ….
അപ്രതീക്ഷിതമായി ഉറച്ചശബ്ദത്തിൽ
മകൻ അലറി….
….ഇനി അമ്മയെ തല്ലരുത്…..
പ്രിയപ്പെട്ടവരേ…ഇവിടെ
കാര്യങ്ങൾ വിലയിരുത്തുന്നതിൽ രാഘവന് തെറ്റിപ്പോയി….
മകൻ പറഞ്ഞത് പത്തുമാസക്കാലം
അവന് ശ്വാസം നൽകിയ പൊക്കിൾ കൊടിയുടേയും പിന്നീടേറെക്കാലം അവൻ രുചിച്ച അമ്മിഞ്ഞപ്പാലിൻറേയും
ശക്തിയിലാണെന്ന് പാവം രാഘവൻ തിരിച്ചറിഞ്ഞതേയില്ല …
അയാൾ ജയിലിൽ വച്ചു
കണ്ടുപഠിച്ച ഒരു മർദന രീതി , ഇരയുടെ തല സ്വന്തം കാലുകൾക്കിയയിൽ തിരുകി വച്ചിട്ട് പുറത്ത്
മുഷ്ടി ചുരുട്ടി ഇടിക്കുന്ന പരിപാടി ഭാര്യയിൽ പരീക്ഷിക്കുക ആയിരുന്നു…
വലതുകൈ മുഷ്ടി വായുകടക്കാത്തവണ്ണും
മുറുക്കി പിടിച്ച് അയാൾ കുനിഞ്ഞുനിൽക്കുന്ന ഭാര്യയുടെ മുതുകിൽ നോക്കി ആവേശത്തോടെ ഒരു
ഇടി പാസാക്കി…..
മൺകുടത്തൻറെ വായിൽ
കൈപ്പത്തികൊണ്ട് അടിച്ചാൽ ഉണ്ടാകുന്നപോലൊരു ശബ്ദം ആ സാധു സ്ത്രീയുടെ വായിൽ നിന്ന് പുറത്ത്
വന്നു…..
ഇവിടം മുതൽ കാര്യങ്ങൾ
മാറി മറിയുകയാണ്…..ഭ്രാന്തു പിടിച്ചപോലെ മാനുവൽ-മകൻ-പാഞ്ഞ് ചെന്ന് അപ്പനെ ഒറ്റ ഇടി
.അപ്രതീക്ഷിതമായ ആഘാതത്തിൽ രാഘവൻ തെറിച്ചുവീണു…
.അണച്ച് ശ്വാസം കിട്ടാതെ
ആകുവോളം മാനുവൽ അപ്പനെ ചവിട്ടിയും തൊഴിച്ചും കൊണ്ടിരുന്നു…
മകൻറെ ആക്രമണത്തിൽ
താൻ മരിച്ചുപോകാൻ ഇടയുണ്ടെന്നുമനസിലായ രാഘവൻ ഇഴഞ്ഞും മുട്ടുകുത്തിയും അവിടുന്ന് രക്ഷപെടാൻ
ശ്രമിച്ചു….
ജീവൻ രക്ഷിക്കാനുള്ളവൻറെ
ശ്രമത്തിന് ജീവനെടുക്കാനുള്ളൻറെ ശ്രമത്തേക്കാൾ സാധ്യത കൂടുമല്ലോ..
സ്വന്തം ആയുസുമായി
രാഘവൻ മുടന്തി മുടന്തി വീടിനുപുറത്തുള്ള ഇരുട്ടിൽ ലയിച്ചു….
ഈ കഥ ഇനി സ്ലോ മോഷനിൽ
കൊണ്ടുപോകാൻ എനിക്ക് താൽപര്യമില്ല വായിച്ച് നിങ്ങളും എഴുതി ഞാനും മടുത്തുതുടങ്ങി…
രാധയും മകനും അവളുടെ
വീട്ടിലേക്കുപോയി……
രാഘവൻ തനിച്ചായിപ്പോയി…..
ജീവിതത്തിൽ തനിച്ചായിപോകുന്നത്
നല്ലതോ ചീത്തയോ എന്ന് തിരിച്ചറിയാൻ കഴിയാകത്തവണ്ണം രാഘവൻ മാറിപ്പോയിരുന്നു…
രാഘവൻറെ ഭീഷണികളും ഭയപ്പെടുത്തലും ചില ചെറുപ്പക്കാർ പ്രതിരോധിച്ചു തുടങ്ങി
മകൻറെ മുമ്പിലെ തോൽവി
അയാളുടെ ആത്മവിശ്വാസം ചോർത്തിക്കളയുകയും ചെയ്തു..
തോറ്റുപോയ ഗുണ്ടയ്ക്ക്
ഒരു തിരിച്ചുവരവ് അസാധ്യമാണെന്ന് രാഘവന് മനസിലായില്ല….
എന്നിട്ടും അയാളുടെ
മനസിൽ കയറിക്കൂടിയ മർദകനെ അയാൾക്ക് പറിച്ചെറിയാനായില്ല
വീട്ടിലെ വളർത്തു
പശുവിൽ അയാൾ സ്വന്തം മർദകസ്വഭാവം പരീക്ഷിച്ചുകൊണ്ടിരുന്നു….
തൊഴുത്തിൽ കെട്ടിയിട്ട
പശുവിനെ എന്തെങ്കിലും കാരണമുണ്ടാക്കി അയാൾ മർദിക്കുന്നത് പതിവായി…
എതുഭാഗത്ത് എങ്ങനെ
ഇടിച്ചാലാണ് പശു ഏറ്റവും ദീനമായി കരയുന്നത് എന്ന് അയാൾ പരീക്ഷിച്ചുകൊണ്ടിരുന്നു
പശു എത്ര ഉറക്കെ കരയുന്നുവോ
അതനുസരിച്ച് അയാൾക്ക് സന്തോഷം കൂടിവന്നു….
ക്രമേണ മർമം നോക്കി
ഇടിക്കുന്നതിൽ അയാൾ ഒരു വിദഗ്ദ്ധനായി എന്നുതന്നെ പറയാം
അപ്പോഴേക്കും ആ പാവം
മൃഗം അതിൻറെ ആയുസ് വെടിഞ്ഞിരുന്നു..
.
.
.ഇത് ക്രിസ്മസ് പകൽ……
നാം രാധയുടെ വീട്ടിലാണ്.
അമ്മയുടെ നിർബന്ധത്തിനുവഴങ്ങി
മാനുവൽ അപ്പനുവേണ്ടി അപ്പവും ഇറച്ചിക്കറിയും കൊണ്ടുപോകാൻ ഒരുങ്ങുകയാണ്…
എത്രആയാലും അപ്പനല്ലേടാ
എന്ന രാധയുടെ ചോദ്യത്തിനു മുമ്പിൽ അവൻ വഴങ്ങിപ്പോയതാണ്……
ഇനി രാഘൻറെ വീട്ടിലേക്ക് മാനുവലിൻറെ കൂടെ…
മാനുവൽ അവിടെചെല്ലുമ്പോൾ
വാതിൽ അടച്ചിരിക്കുന്നു..പിൻ വശത്തെ വാതിലും കുറ്റിയിട്ടിരിക്കുന്നു…..
അപ്പാ അപ്പാ എന്ന്
പലവട്ടം വിളിക്കുന്നു…..വാതിൽ തുറക്കുന്നില്ല…..
ഈ
കാർന്നോരെന്താ ചത്ത് കിടക്വാണോ എന്ന് മകൻ സ്വയം ചോദിച്ചുപോകുന്നു
ഇപ്പോ
നിങ്ങൾ ഊഹിച്ചുകാണും അപ്പൻ അതിനകത്ത് മരിച്ചുകിടക്കുകയാകാൻ സാധ്യതയുണ്ട് എന്ന് ……
അത്
ശരിയാണ് ….രാഘവൻ മരിച്ചുകിടക്കുകയാണ്…പക്ഷേ അത് പാവം മാനുവലിന് അറിയില്ലല്ലോ…
ദേഷ്യം
വന്ന അവൻ കതക് ചവിട്ടി പൊളിക്കുകയാണ്…..
അവൻറെ
അപ്പൻ അതിനകത്ത് കിടന്ന് മരിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു……
ശരീരത്തിലെമ്പാടും
വെളുത്ത പുഴുക്കൾ ഇഴഞ്ഞുനടക്കുന്നു…..
വായിലും
മൂക്കിലും കണ്ണിലുമൊക്കെ കുഴികക്കൂസിലെ പോലെ പുഴുക്കൾ ഞുളയ്ക്കുന്നു….
അയ്യോ
എന്ന ആരാർത്തനാദം മാത്രം മാനുവലിൻറെ വായിൽ നിന്ന്…….
രാഘവൻ
പുഴുത്തു ചത്തു എന്നല്ല ചത്തുപുഴുത്തു എന്ന് പറഞ്ഞ് കഥ അവസാനിപ്പിക്കാം…….
ചിത്രങ്ങൾ ഹോമർ .ആർ എൻ ൻറെ അനുവാദമില്ലാതെ ചൂണ്ടിയത്



വലിയ പ്രയോജനമൊന്നുമില്ല. എങ്കിലും ഇന്നിന് മുമ്പേ സഞ്ചരിക്കേണ്ടിയിരുന്ന കഥ.. രാഘവൻ മാരുടെ സ്വഭാവം മാറുകയില്ല. കൂടുതൽ വികൃതമാകുകയെ ഉള്ളൂ
മറുപടിഇല്ലാതാക്കൂ